Kazakhstan Oil Price Issue: കസാഖിസ്ഥാനില്‍ കലാപം നിയന്ത്രിക്കാന്‍ റഷ്യയുടെ നേതൃത്വത്തില്‍ സൈന്യമെത്തും

First Published Jan 6, 2022, 4:28 PM IST


സാഖിസ്ഥാനില്‍ (Kazakhstan) നിയന്ത്രണാതീതമായ കലാപം (Rebellion) നിയന്ത്രിക്കാന്‍ റഷ്യയുടെ  (Russia) നേതൃത്വത്തില്‍ സൈന്യത്തെ അയക്കാന്‍ തീരുമാനം. അതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചതായും ഏതാണ്ട് 350 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കസാഖിസ്ഥാനിലെ പ്രധാന നഗരമായ അൽമാട്ടിയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കത്തിനിടെ നിരവധി പ്രതിഷേധക്കാരെ വധിച്ചതായി കസാഖിസ്ഥാനിലെ സുരക്ഷാ സേന അറിയിച്ചു. പ്രതിഷേധക്കാർ നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് നടപടിയെന്ന് പൊലീസ് വക്താവ് പറഞ്ഞു. പ്രതിഷേധക്കാര്‍ രാജ്യത്തെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം അവസാനം കസാഖിസ്ഥാനിലെ എണ്ണ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ എണ്ണ വില കുതിച്ചുയര്‍ന്നു. ഈ വര്‍ഷം ജനുവരി ആദ്യം തന്നെ എണ്ണവില ഇരട്ടിയായതാണ് ജനങ്ങളെ തെരുവിലിറക്കിയത്. 

കസാഖിസ്ഥാന്‍റെ പടിഞ്ഞാറന്‍ മേഖലയിലെ സനോസന്നിലാണ് ( Zhanaozen) പ്രധാനമായും പ്രശ്നങ്ങളാരംഭിച്ചത്. കസാഖിസ്ഥാനിലെ ഓയില്‍ ബൂമില്‍ (energy boom) ഉയര്‍ന്നുവന്ന നഗരമാണ് സനോസെന്‍. ഇവിടെ പ്രധാനമായും ഇന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 1,60,000 പുതിയ തൊളിലുകള്‍ ഉയര്‍ന്ന് വന്ന നഗരമാണ് സനോസെന്‍. 

സ്വാഭാവികമായും സനോസന്നിലെ തൊഴിലാളികള്‍ തെരുവിലറങ്ങിയതോടെ രാജ്യത്തെ പ്രധാന പട്ടണങ്ങളിലെല്ലാം ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസും പിന്നാലെ പട്ടളവും നഗരങ്ങള്‍ വളഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 

എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്‍റെ വ്യക്തമായ കണക്കുകളില്ല.  കലാപത്തില്‍ 1000 ഓളം പേർക്ക് പരിക്കേറ്റതായും 400 പേർ ആശുപത്രിയിലും 62 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

രൂക്ഷമായ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി അസ്കർ മാമിന്‍  (Prime Minister Askar Mamin) എണ്ണ വില എടുത്തു കളഞ്ഞ തീരുമാനം പുനപരിശോധിക്കുമെന്നും നിലവിലെ വില വര്‍ദ്ധന റദ്ദാക്കിയതായും പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാറിനെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. ഇതോടെ കലാപം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചു. കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ പ്രധാനമന്ത്രി അസ്കർ മാമിന്‍ രാജി സന്നദ്ധത അറിയിക്കുകയും രാഷ്ട്രപതി കാസിം-ജോമാർട്ട് ടോകയേവ് (Kassym-Jomart Tokayev) സര്‍ക്കാറിന്‍റെ രാജി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ തെരുവില്‍ കലാപത്തിന് ശമനമുണ്ടായില്ല. ഇതേ തുടര്‍ന്ന് രാജ്യത്തെ കലാപം നിയന്ത്രിക്കാന്‍ കസാഖിസ്ഥാന്‍ രാഷ്ട്രപതി റഷ്യയുടെ സഹായം തേടിയത്. 

റഷ്യ(Russia), ബെലാറസ്(Belarus), താജിക്കിസ്ഥാൻ(Tajikistan), കിർഗിസ്ഥാൻ(Kyrgyzstan), അർമേനിയ(Armenia) എന്നീ രാജ്യങ്ങളുടെ സഖ്യസേനയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിൽ (Collective Security Treaty Organization -CSTO) അംഗമാണ് കസാഖിസ്ഥാനും. സഖ്യരാജ്യത്തെ ക്രമസമാധന പാലനത്തിന് ഇതോടെ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്‍ തയ്യാറാവുകയായിരുന്നു. 

അതോടൊപ്പം റഷ്യൻ പാരാട്രൂപ്പർമാരെ സമാധാന സേനാംഗങ്ങളായി അയക്കുന്നുണ്ടെന്ന് സിഎസ്‌ടിഒ സ്ഥിരീകരിച്ചു. സൈനീക യൂണിറ്റുകൾ ഇതിനകം വിന്യസിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ മാധ്യമങ്ങള്‍ സൈന്യം കസാഖിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി വിമാനത്തില്‍ കയറുന്ന വീഡിയോ പുറത്ത് വിട്ടു. 

എണ്ണ വില നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിന്‍റെ വില പുതുവത്സര ദിനത്തില്‍ കുത്തനെ കുടുകയായിരുന്നു. ഒറ്റയടിക്ക് ഇരട്ടിയോളം വില വര്‍ദ്ധനവുണ്ടായതാണ് ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. തൊളിലാളികള്‍ തങ്ങളുടെ വാഹനങ്ങള്‍ തെരുവില്‍ നിര്‍ത്തിയിട്ട് പോവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ചില നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 

എന്നാല്‍, രാജ്യത്തെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍ വിദേശ പരിശീലനം ലഭിച്ച "ഭീകരസംഘങ്ങൾ" ആണെന്ന് പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് ആരോപിച്ചു. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട അദ്ദേഹം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കര്‍ഫ്യൂവും ബഹുജന സമ്മേളനങ്ങളും ആളുകൂടുന്നതും നിരോധിച്ചു. 

ക്രമസമാധാന പാലനത്തിന് സിഎസ്ടിഒയിൽ നിന്നും സഹായം തേടിയതായി പ്രസിഡന്‍റ് ടോകയേവ് അറിയിച്ചു. സിഎസ്ടിഒയുടെ  ചെയർമാൻ, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ (Nikol Pashinyan),  "പരിമിതമായ സമയത്തേക്ക്" സമാധാന സേനയെ അയക്കുമെന്ന് സ്ഥിരീകരിച്ചു.

1991-ൽ കസാക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം കസാക്കിസ്ഥാനെ നയിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രസിഡന്‍റ് ടോകയേവ്. 2019-ലെ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പിനെ, ജനാധിപത്യ മാനദണ്ഡങ്ങളോടുള്ള ആദരവ് കുറവാണെന്ന് ആരോപിച്ച് ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപ്പറേഷൻ ഇൻ യൂറോപ്പ് (OSCE) അപലപിച്ചു. 

കലാപം വ്യാപിച്ചതോടെ രാജ്യത്തെ പല നഗരങ്ങളിലും ഇന്‍റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ പരിമിതമാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ പല നഗരങ്ങളിലും നടക്കുന്നതെന്താണെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളിൽ "തീവ്രവാദ വിരുദ്ധ" ഓപ്പറേഷൻ തുടരുന്നതിനാൽ നഗരത്തിലെ ആളുകളോട്  വീട്ടിൽ തന്നെ തുടരാൻ അൽമാട്ടി പോലീസ് വക്താവ് സാൽറ്റാനത്ത് അസിർബെക്ക് ആവശ്യപ്പെട്ടു. നഗരത്തിലെ പോലീസ് കെട്ടിടങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന് ശേഷം ഡസൻ കണക്കിന് അക്രമികള്‍ വധിക്കപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

കലാപകാരികൾ ആയുധങ്ങൾ മോഷ്ടിച്ചതായി പൊലീസ് ആരോപിച്ചു. കെട്ടിടത്തിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായും പുക ഉയരുന്നത് കണ്ടതായും ദൃക്ഷസാക്ഷികള്‍ പറഞ്ഞു. കസാക്കിസ്ഥാനിലെ പ്രധാന വിമാനത്താവളത്തിലെ ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നെവെന്നാണ് റിപ്പോര്‍ട്ട്. 

പടിഞ്ഞാറൻ നഗരമായ അക്‌ടോബിൽ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ചില നഗരങ്ങളില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും ഒരുമിച്ചായിരുന്നു കലാപത്തിലേര്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ സ്വേച്ഛാധിപതിയായിരുന്ന, 2019 വരെ രാജ്യത്തെ ഭരിച്ച പ്രസിഡന്‍റ് നൂർസുൽത്താൻ നസർബയേവിന്‍റെ ( Nursultan Nazarbayev) പ്രതിമകള്‍ ജനങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

click me!