'മൈഗ്രന്‍റ് മദര്‍' അനേകമനേകം ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആ ചിത്രത്തിലെ അമ്മ ആരായിരുന്നു?

First Published May 18, 2020, 2:58 PM IST

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'മൈഗ്രന്‍റ് മദര്‍'. പഴകി കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീയും അവരുടെ മക്കളുമാണ് ചിത്രത്തില്‍. രണ്ട് കുട്ടികളും അവരുടെ മുഖം അമ്മയുടെ ചുമലില്‍ ചായ്ച്ച് വച്ചിരിക്കുകയാണ്. ഒരു നവജാതശിശു ആ അമ്മയുടെ കയ്യിലുണ്ട്. സ്ത്രീ ഒരു കൈ തന്‍റെ മുഖത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ട്. അവരുടെ കണ്ണുകള്‍ വിദൂരതയിലേക്കുറപ്പിച്ചിരുന്നു. അതില്‍ ഭാവിയെക്കുറിച്ചുള്ള എല്ലാ അനിശ്ചിതത്വവും നിസംഗതയും പ്രകടമാണ്. സാന്‍ ഫ്രാന്‍സിസ്കോയിലെ ദിനപത്രത്തില്‍ 1936 മാര്‍ച്ചിലാണ് ആദ്യമായി ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്, മൈഗ്രന്‍റ് മദര്‍ (Migrant Mother) എന്ന പേരില്‍. പിന്നീടങ്ങോട്ട് പലയിടത്തും ആ ചിത്രം പ്രത്യക്ഷപ്പെട്ടു. ആ ചിത്രത്തിലെ സ്ത്രീയെ കുറിച്ചാണിത്. 
 

സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് അന്നത്തെ അമേരിക്കക്കാര്‍ അനുഭവിച്ചുവന്നിരുന്ന വിശപ്പും ദാരിദ്ര്യവും പ്രതീക്ഷയില്ലായ്മയും അങ്ങനെത്തന്നെ എടുത്തു കാണിക്കുന്ന ചിത്രമായിരുന്നു മൈഗ്രന്‍റ് മദര്‍. ഫോട്ടോ ജേണലിസ്റ്റായ ഡെറോത്തിയ ലാംഗേയാണ് ലോകപ്രശസ്തമായ ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മറ്റു ചില ചിത്രങ്ങളും അന്നവര്‍ പകര്‍ത്തിയിരുന്നു. കാലിഫോര്‍ണിയയിലെ നിപോമോയിലെ ഫാമിലെ കുടിയേറ്റത്തൊഴിലാളികളുടെ ക്യാമ്പുമായി ബന്ധപ്പെട്ടായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്.
undefined
ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ റീസെറ്റില്‍മെന്‍റ് അഡ്മിനിസ്ട്രേഷനുമായും പിന്നീട് ഫാം സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുമായും ബന്ധപ്പെട്ടാണ് ലാംഗേ ജോലി ചെയ്തിരുന്നത്. കഷ്ടത്തിലായ ഫാം ജോലിക്കാരെ സഹായിക്കാനായിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ലാംഗേയും മറ്റ് ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്ന് 1935 -നും 1944 -നും ഇടയില്‍ ഓര്‍ഗനൈസേഷനുവേണ്ടി 80,000 -ത്തോളം ചിത്രങ്ങളാണത്രെ പകര്‍ത്തിയത്. മാന്ദ്യത്തെ തുടര്‍ന്ന് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ആ ചിത്രങ്ങള്‍.
undefined
പക്ഷേ, മൈഗ്രന്‍റ് മദറെന്ന ആ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ ചര്‍ച്ചയായി. സാമ്പത്തികമാന്ദ്യമേല്‍പ്പിച്ച ആഘാതത്തിന്‍റെ പ്രതീകമായി. എങ്ങനെയാണ് 'മൈഗ്രന്‍റ് മദര്‍' എന്ന ചിത്രം പകര്‍ത്തിയതെന്നതിനെ കുറിച്ച് ലാംഗേ പറയുന്നത് ഇങ്ങനെയാണ്, 'വിശന്നിരിക്കുന്ന, നിരാശയായിരിക്കുന്ന ആ അമ്മയെ ഞാന്‍ കണ്ടു. ഞാനവരുടെ അടുത്തേക്ക് ചെല്ലുകയും ആ ദൃശ്യം പകര്‍ത്തുകയുമായിരുന്നു. ലാംഗേ ആ സ്ത്രീയുടെ പേര് ചോദിച്ചില്ല. അവരുടെ ചരിത്രത്തെ കുറിച്ചും അന്വേഷിച്ചില്ല. ആ സ്ത്രീ തനിക്ക് 32 വയസ്സാണ് എന്ന് പറഞ്ഞതായി ലാംഗേ പറയുന്നുണ്ട്. തണുത്ത പച്ചക്കറികളും ആ കുട്ടികള്‍ വേട്ടയാടി കൊണ്ടുവരുന്ന പക്ഷികളെയും കഴിച്ചാണ് തങ്ങള്‍ വിശപ്പുമാറ്റുന്നതെന്ന് ആ സ്ത്രീ ലാംഗേയോട് പറഞ്ഞുവത്രെ. മാത്രവുമല്ല, തന്‍റെ കാറിന്‍റെ ടയറുകളെല്ലാം ഭക്ഷണം വാങ്ങുന്നതിനായി താന്‍ വിറ്റതായും അവര്‍ ലാംഗേയോട് പറഞ്ഞുവെന്നാണ് ലാംഗെ എഴുതിയത്.
undefined
ഏതായാലും, സാന്‍ ഫ്രാന്‍സിസ്കോ ന്യൂസില്‍ ഈ പടം പ്രസിദ്ധീകരിച്ചുവന്നു. വലിയ ചര്‍ച്ചയാണ് ചിത്രത്തെ തുടര്‍ന്നുണ്ടായത്. തൊട്ടുപിന്നാലെ യു എസ് ഗവണ്‍മെന്‍റ് കാമ്പ് സൈറ്റിലേക്ക് 20,000 പൗണ്ട് ഭക്ഷണം എത്തിക്കാനാവശ്യപ്പെട്ടു. പക്ഷേ, ഭക്ഷണസാധനങ്ങളെത്തുമ്പോഴേക്കും എന്തെന്നോ ഏതെന്നോ അറിയാത്ത ആ സ്ത്രീയും കുട്ടികളും ലാംഗേ കണ്ട ഇടത്തുനിന്നും എങ്ങോട്ടോ മാറിപ്പോയിരുന്നു. സാന്‍ ഫ്രാന്‍സിസ്കോ ന്യൂസിനു പിന്നാലെ പലപല മാഗസിനുകളിലും മറ്റുമായി മൈഗ്രന്‍റ് മദറെന്ന ലാംഗേയുടെ ചിത്രം പുനപ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് 1978 -ല്‍ ഫ്ലോറന്‍സ് ഓവന്‍സ് തോംസണ്‍ എന്നൊരു സ്ത്രീ മോഡെസ്റ്റോ ബീ എന്ന പത്രത്തിന്‍റെ എഡിറ്റര്‍ക്ക് ഒരു കത്തെഴുതി. 'താനാണ് മൈഗ്രന്‍റ് മദര്‍ എന്ന ആ പ്രശസ്തമായ ചിത്രത്തിലെ അമ്മ' എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. അത് രേഖപ്പെടുത്തി വെക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ലാംഗേ എഴുതിയിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയല്ല എന്നും അവര്‍ പറയുകയുണ്ടായി.
undefined
ഓഖ്ലഹോമയില്‍ ജനിച്ച തോംസണ്‍ ഒരു യഥാര്‍ത്ഥ അമേരിക്കക്കാരിയായിരുന്നു. അവരുടെ അച്ഛനും അമ്മയും ചെറോക്കീ വര്‍ഗ്ഗക്കാരായിരുന്നു. 1920 -ല്‍ തോംസണും അവരുടെ ആദ്യ ഭര്‍ത്താവ് ക്ലിയോ ഓവന്‍സും കാലിഫോര്‍ണയയിലേക്ക് വന്നു. അവിടെ അവര്‍ ഒരു മില്ലുണ്ടാക്കുകയും ഫാം ജോലികള്‍ ചെയ്യുകയും ചെയ്തു. 1931 -ല്‍ ട്യൂബര്‍കുലോസിസിനെ തുടര്‍ന്ന് ക്ലിയോ മരണപ്പെട്ടു. കോട്ടണും മറ്റും പെറുക്കിയാണ് പിന്നീട് ഫ്ലോറന്‍സും മക്കളും ഉപജീവനം കഴിച്ചത്. 1979 -ല്‍ നെബ്രസ്ക പബ്ലിക് ടെലവിഷന് വേണ്ടി ഫോട്ടോഗ്രാഫര്‍ ബില്‍ ഗാന്‍സേല്‍ നടത്തിയ അഭിമുഖത്തില്‍ തോംസണ്‍ പറഞ്ഞത് ഒരുദിവസം ഏകദേശം 450 മുതല്‍ 500 വരെ പൗണ്ട് കോട്ടണ്‍ അവര്‍ ശേഖരിക്കുമെന്നാണ്. രാവിലെ നേരം വെളുക്കുന്നതിന് മുമ്പേ അവര്‍ അതിനായി പോവുകയും ഇരുട്ടിയ ശേഷമാണ് തിരികെയെത്തുന്നത് എന്നും അവര്‍ പറയുകയുണ്ടായി. വളരെ കഷ്ടപ്പെട്ടാണ് തങ്ങള്‍ ജീവിച്ചുപോകുന്നതെന്നും അവരാ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
undefined
1936 മാര്‍ച്ചില്‍ നിപോമയില്‍ വെച്ച് ലാംഗേ അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. ജിം ഹില്‍ എന്നു പേരായ ഒരാളോടൊപ്പമായിരുന്നു ആ സമയത്ത് തോംസണ്‍ താമസിച്ചുകൊണ്ടിരുന്നത്. അവളുടെ നവജാതശിശുവിന്‍റെ അച്ഛന്‍ ഹില്ലായിരുന്നു. ലെറ്റിയൂസ് ശേഖരിക്കാനുള്ള യാത്രക്കിടെ അവരുടെ കാര്‍ ബ്രേക്ക് ഡൗണാവുകയും അതിനെത്തുടര്‍ന്ന് അവര്‍ക്ക് ഫാം തൊഴിലാളികളുടെ ക്യാമ്പിലേക്ക് ചെല്ലേണ്ടി വരികയും ചെയ്യുകയായിരുന്നു. ചരിത്രത്തിലെ തന്നെ ആ പ്രധാന ചിത്രം പകര്‍ത്തുന്ന നേരത്ത് അവരുടെ മൂത്ത രണ്ട് ആണ്‍മക്കളും കാര്‍ നന്നാക്കുന്നതിനായി നഗരത്തിലായിരുന്നു. ഭക്ഷണം വാങ്ങുന്നതിനായി കാറിന്‍റെ ടയര്‍ വില്‍ക്കേണ്ടി വന്നുവെന്ന് തോംസണ്‍ പറഞ്ഞതായി ലാംഗേ എഴുതിയത് തോംസണിന്‍റെ മക്കളിലൊരാളായ ട്രോയ് ഓവന്‍സ് നിഷേധിച്ചു. 'ലാംഗേ കള്ളം പറഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, വേറെ ഏതെങ്കിലും ഒരു കഥയോടൊപ്പം അമ്മയുടെ കഥ കൂടി ചേര്‍ത്തതാവാം' എന്നായിരുന്നു ട്രോയിയുടെ പക്ഷം.
undefined
ഫാം ജോലി അവിടെനിന്നും മറ്റൊരിടത്തേക്ക് മാറിയതിനെ തുടര്‍ന്ന് തോംസണും മക്കളും നിപോമോ വിട്ടു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവര്‍ മോഡസ്റ്റോയില്‍ താമസമാക്കുകയും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററായ ജോര്‍ജ്ജ് തോംസണ്‍ എന്നൊരാളെ വിവാഹം ചെയ്യുകയും ചെയ്തു. 1983 -ല്‍ താനാണ് മൈഗ്രന്‍റ് മദര്‍ എന്ന ചിത്രത്തിലെ അമ്മ എന്ന് വെളിപ്പെടുത്തിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തനിച്ച് ജീവിതം നയിക്കുകയായിരുന്നു. കാന്‍സറും ഹൃദയസംബന്ധമായ അസുഖങ്ങളും അവരെ വലച്ചിരുന്നു. അവരുടെ ചികിത്സക്കായി മക്കള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കേണ്ടി വന്നു.
undefined
1983 സപ്തംബറില്‍ എണ്‍പതാം പിറന്നാളിനു തൊട്ടുപിന്നാലെ തോംസണ്‍ മരിച്ചു. അവരുടെ സാമ്പത്തിക പരാധീനതകള്‍ക്കും ത്യാഗത്തിനും കഷ്ടപ്പാടുകള്‍ക്കും അതോടെ അവസാനമായി. പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ പോലും തോംസണിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ചു. 'സാമ്പത്തികമാന്ദ്യത്തിനടയില്‍ അമേരിക്കക്കാരന്‍റെ കരുത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായി നിലകൊണ്ട സ്ത്രീ' എന്നാണ് അദ്ദേഹം അവരെ അതില്‍ വിശേഷിപ്പിച്ചത്.
undefined
click me!