'ഡെല്‍റ്റ' വകഭേദം കുട്ടികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുമോ?

By Web TeamFirst Published Sep 4, 2021, 6:15 PM IST
Highlights

അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. ഏതാണ്ട് പത്ത് ലക്ഷത്തോളം പേര്‍ ബൂസറ്റര്‍ ഡോസ് വാക്‌സിനും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപന തോത് കുറയുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ല

കൊവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗഭീഷണിയിലാണ് രാജ്യം. വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയില്‍ തുടരുന്നു എന്നതിനാല്‍ തന്നെ ഇനിയൊരു തരംഗമുണ്ടായാല്‍ അത് രണ്ടാം തരംഗം പോലെ തന്നെ കേസുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാഴ്ത്തുകയും അതുവഴി കൊവിഡ് മരണനിരക്ക് കൂട്ടുകയും ചെയ്യുമോയെന്നാണ് നിലവിലുള്ള ആശങ്ക. 

ഇതിനിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമായിട്ടില്ല എന്നതും വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്. മൂന്നാം തരംഗമുണ്ടായാല്‍ അത് കുട്ടികളെ വ്യാപകമായ രീതിയില്‍ ബാധിക്കാമെന്ന വാദവും ഇപ്പോള്‍ ശക്തമാണ്.

രണ്ടാം തരംഗസമയംത്ത് അതിവേഗമുള്ള രോഗവ്യാപനത്തിന് കാരണമായത് ജനിതകവ്യതിയാനം സംഭവിച്ച 'ഡെല്‍റ്റ' വകഭേദമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തപ്പെട്ടിരുന്നു. ആദ്യതരംഗത്തിലുണ്ടായിരുന്ന 'ആല്‍ഫ' വൈറസിനെക്കാള്‍ ഇരട്ടിയിലധികം വേഗത്തിലാണ് 'ഡെല്‍റ്റ'  രോഗം വ്യാപിപ്പിക്കുന്നത്. 

 


ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' പിന്നീട് പല രാജ്യങ്ങളിലുമെത്തി. ഇവിടങ്ങളിലെല്ലാം രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്തു. ഇനി വീണ്ടും ഇന്ത്യയില്‍ മറ്റൊരു തരംഗം കൂടിയുണ്ടാകുമ്പോള്‍ 'ഡെല്‍റ്റ', സാഹചര്യം പഴയതിനെക്കാള്‍ രൂക്ഷമാക്കുമോയെന്നും അത് കുട്ടികളെ വലിയ രീതിയില്‍ ബാധിക്കുമോയെന്നുമെല്ലാമുള്ള ഭയവും വ്യാപകമാണ്. 

എന്നാല്‍ 'ഡെല്‍റ്റ' കുട്ടികളെ സംബന്ധിച്ച് വലിയ ഭീഷണിയാകില്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ്‌ പ്രിവന്‍ഷന്‍' ആണ് ഇത്തരമൊരു പഠനം നടത്തിയത്. 

മുതിര്‍ന്നവരില്‍ കൊവിഡ് വ്യാപകമാകുന്ന അത്രയും കുട്ടികളില്‍ കൊവിഡ് എത്തുന്നില്ലെന്നും 'ഡെല്‍റ്റ'യുടെ കാര്യത്തിലും ഇതില്‍ നിന്ന് വലിയ വ്യത്യാസം വരുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം വാക്‌സിനെടുക്കാത്ത മുതിര്‍ന്നവരെ സംബന്ധിച്ചാണ് 'ഡെല്‍റ്റ' വലിയ വെല്ലുവിളിയാവുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

 


അമേരിക്കയില്‍ 'ഡെല്‍റ്റ' വകഭേദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആശുപത്രി രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ജനുവരിയിലാണ് അമേരിക്കയില്‍ കൊവിഡ് മൂലം ഏറ്റവുമധികം കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടതത്രേ. ഈ സമയത്ത് 'ഡെല്‍റ്റ' സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. 

അമേരിക്കയില്‍ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. ഏതാണ്ട് പത്ത് ലക്ഷത്തോളം പേര്‍ ബൂസറ്റര്‍ ഡോസ് വാക്‌സിനും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപന തോത് കുറയുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ ഇന്ത്യ പോലെ പല രാജ്യങ്ങളും വാക്‌സിനേഷന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്. ഈ സാഹചര്യം രോഗവ്യാപന തോത് കൂട്ടുക തന്നെ ചെയ്‌തേക്കാം. 

Also Read:- കൊവിഡിന് ശേഷമുള്ള 'ഹാര്‍ട്ട് അറ്റാക്ക്'; അറിയേണ്ട പ്രധാന കാര്യങ്ങള്‍...

click me!