എപ്പോഴും ക്ഷീണം, വിട്ടുമാറാത്ത ശരീരം വേദന, രക്തപരിശോധനയിൽ എല്ലാം നോർമൽ, ഇത് എന്ത് രോ​ഗമാണ്; ഡോക്ടർ പറയുന്നത് കേൾക്കൂ

By Web TeamFirst Published Oct 26, 2019, 10:57 AM IST
Highlights

രാത്രി ഉറക്കം കുറഞ്ഞ് കഴിഞ്ഞാലാണ് അടുത്ത ദിവസം ശക്തമായ വേദന അനുഭവപ്പെടും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്ഷീണം തോന്നുക, ശരീര വേദന എന്നിവ ഉണ്ടാകാം

എപ്പോഴും ശരീരം വേദന, രാത്രി ഉറക്കക്കുറവ്, രാവിലെ ഉണരുമ്പോൾ ക്ഷീണവും വേദനയും.. ഡോക്ടറെ കണ്ടു എല്ലാ ടെസ്റ്റുകളും നടത്തി.. ഒരു പ്രശ്നവും ഇല്ല, പക്ഷെ രോഗിയ്ക്ക് അസുഖം കുറയുന്നില്ല.. ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. ഇത് എന്ത് രോ​ഗമാണെന്നും ഡോ.രാജേഷ് കുമാർ പറയുന്നു.

ചിലര്‍ ക്ലീനിക്കില്‍ വരുമ്പോള്‍ പറയാറുണ്ട്. ഡോക്ടര്‍ കഴുത്തിന് നല്ല വേദന. ഞാന്‍ പല ഡോക്ടര്‍മാരെയും കാണിച്ചു. സ്‌കാന്‍ ചെയ്തു. പരിശോധനയില്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ല. വേദന മാറാൻ ഡോക്ടര്‍ മരുന്ന് കൊടുക്കുന്നു. മരുന്ന് കഴിച്ച ഉടനെ വേദന മാറുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വരുന്നു. ഇത്തവണ കഴുത്തിനല്ല വേദന. മുതുകിന്റെ പുറകില്‍ ഭയങ്കര വേദന. അനങ്ങാനും തിരിയാനും വയ്യ. അപ്പോള്‍ ഡോക്ടര്‍ മരുന്ന് കൊടുക്കുന്നു അസുഖം കുറയുന്നു. 

വീണ്ടും ഡോക്ടറെ കാണാന്‍ വരുന്നു. ഇത്തവണ തലയുടെ പുറകില്‍ നല്ല വേദന. ഒരു ജോലിയും ചെയ്യാന്‍ പറ്റുന്നില്ല. അങ്ങനെ ആ രോഗി വീണ്ടും വീണ്ടും ഡോക്ടറിനെ കാണുന്നു. രക്തപരിശോധനകളും മറ്റ് നടത്തുമെങ്കിലും വലിയ പ്രശ്‌നമൊന്നും കാണില്ല. നിരവധി പേരില്‍ ഈ പ്രശ്‌നം കാണുന്നുണ്ട്. ഫൈബ്രോമിയല്‍ജിയ( fibromyalgia) എന്ന വിളിക്കുന്ന അസുഖമാണ് ഇത്. 

13 വയസ് മുതല്‍ മുകളിലോട്ടുള്ള ഏത് പ്രായക്കാരിലും ഈ അസുഖം പിടിപെടാം. സാധാരണ പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അസുഖം കൂടുതലായി കണ്ട് വരുന്നത്. കാരണം ഇത് ശരീരവും മനസുമായിട്ട് ഏറെ ബന്ധമുള്ള ഒരു രോഗമാണ്. ഒരേ സമയം തന്നെ മനസിനെ അമിതമായി ടെന്‍ഷനും മനസിന് വിഷമവും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന സമയത്ത് ഇത് ശരീരത്തില്‍ തന്നെ പ്രത്യേകിച്ച് മസിലുകളെ കൂടുതലായിട്ട് ബാധിക്കുമെന്ന് ഡോ.രാജേഷ് കുമാർ പറയുന്നു.

 അതായത്, ശരീരം എപ്പോഴും വേദന, ശരീരം അനങ്ങാനുള്ള പ്രയാസം, അസഹ്യമായ വേദന പോലുള്ള പ്രയാസങ്ങളാകും തുടക്കത്തില്‍ കാണുക. സ്‌കാന്‍ ചെയ്താലോ രക്തം പരിശോധിച്ചാലോ വെറെ പ്രശ്‌നമൊന്നും കാണില്ല. ഫൈബ്രോമിയല്‍ജിയ ഉള്ളവരില്‍ ഉറക്കക്കുറവ്, വയറിന് അസ്വസ്ഥത, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ഫൈബ്രോമിയല്‍ജിയ സാധാരണയായി ഉണ്ടാകുന്നത് കഴുത്തിന് പുറക് വശത്താണ്.

 രാത്രി ഉറക്കം കുറഞ്ഞ് കഴിഞ്ഞാലാണ് അടുത്ത ദിവസം ശക്തമായ വേദന അനുഭവപ്പെടും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്ഷീണം തോന്നുക, ശരീര വേദന എന്നിവ ഉണ്ടാകാം. ഫൈബ്രോമിയല്‍ജിയ ഉള്ളവര്‍ക്ക് ആഴത്തിലുള്ള ഉറക്കം കിട്ടില്ല. ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗത്ത് കൊളുത്തി പിടിക്കുന്നത് പോലെ തോന്നാം. 

സാധാരണ രീതിയില്‍ ഫൈബ്രോമിയല്‍ജിയ ഉള്ളവര്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും കാണാറുണ്ട്. ഈ രോഗം കണ്ടെത്താൻ അല്‍പം പ്രയാസമാണ്. രോഗികള്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പറയുന്നത് ഡോക്ടറെ തലവേദയാണ്, എന്ത് ചെയ്തിട്ടും മാറുന്നില്ല..പലരും മൈഗ്രേയ്ന്‍ ആണെന്ന് പറഞ്ഞാകും മരുന്ന് കൊടുക്കുന്നത്. മരുന്ന് കഴിക്കുമ്പോള്‍ തലവേദന കുറയും പക്ഷേ ശരീരവേദന അങ്ങനെ തന്നെ നില്‍ക്കുമെന്നും ഡോ. രാജേഷ് പറയുന്നു.

ഫൈബ്രോമിയല്‍ജിയ എന്ന രോ​ഗം എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം. ആദ്യം ഒരു ഡോക്ടറെ കണ്ട് ഫൈബ്രോമിയല്‍ജിയ എന്ന രോഗമാണോ എന്നതാണ് ആദ്യം അറിയേണ്ടത്. ശേഷം ജീവിതശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും. അതില്‍ ആദ്യം ശ്രദ്ധിക്കേണ്ടതാണ് ഉറക്കം. ക്യത്യമായി ഉറങ്ങുക എന്നാണ് പ്രധാനം. ഒരു കാരണവശാലും ടെന്‍ഷനടിക്കരുത്. അനാവശ്യ ടെന്‍ഷന്‍ മാറ്റിവയ്ക്കുക. ശരീരഭാരം കുറയ്ക്കുക, പുകവലി ശീലം ഒഴിവാക്കുക, കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, മധുര പലഹാരങ്ങള്‍ ഒഴിവാക്കുക, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഫൈബ്രോമിയല്‍ജിയ ഒരു പരിധി വരെ നിയന്ത്രിക്കാനാകും...

click me!