മലിനജലം കുടിച്ച് പത്തുവയസുകാരി മരിച്ചു; 9 പേരുടെ നില ഗുരുതരം

By Web TeamFirst Published Oct 11, 2019, 6:28 PM IST
Highlights

ഉത്തര്‍പ്രദേശില്‍ മൂന്നുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മലിനജലം കുടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ അലിഗഡിലെ ഒരു സ്‌കൂളില്‍ മലിനജലം കുടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു

ഉത്തര്‍പ്രദേശിലെ ബള്ളിയയില്‍ മലിനജലം കുടിച്ച് പത്തുവയസുകാരി മരിച്ചു. 85 പേര്‍ ദേഹാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഇതില്‍ 9 പേരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. 

ബള്ളിയയ്ക്കടുത്ത് നാഗ്പൂര്‍ എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഗ്രാമവാസികളായ ചില കുടുംബങ്ങള്‍ സ്ഥിരമായി വെള്ളമെടുക്കുന്നത് ഒരു പൊതുടാങ്കില്‍ നിന്നായിരുന്നു. ഇതിലെ വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് എണ്‍പതിലധികം പേര്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. 

വെള്ളത്തില്‍ നിന്നുള്ള അണുബാധയെത്തുടര്‍ന്നാണ് പത്തുവയസുകാരി മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. പി കെ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവരും ഒരേ വെള്ളമാണ് കുടിച്ചിട്ടുള്ളെന്നും ഡോക്ടര്‍ അറിയിച്ചതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വെള്ളം വിശദപരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്. 

ഉത്തര്‍പ്രദേശില്‍ മൂന്നുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മലിനജലം കുടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ അലിഗഡിലെ ഒരു സ്‌കൂളില്‍ മലിനജലം കുടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍?

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് പിറകില്‍ നില്‍ക്കുന്നുവെന്ന് തന്നെയാണ് ആവര്‍ത്തിച്ചുസംഭവിക്കുന്ന ഇത്തരം ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്. കുടിവെള്ളം ലഭ്യമാകുന്നു എന്നതിനൊപ്പം അത് ശുദ്ധിയുള്ള വെള്ളമായിരിക്കണമെന്ന കാര്യം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് ഓരോ പ്രദേശത്തേയും ആരോഗ്യവകുപ്പിന്റെ ചുമതല കൂടിയാണ്. 

എന്നാല്‍ ഇക്കാര്യങ്ങള്‍ താഴെക്കിടയില്‍ കൃത്യമായി നടപ്പിലാകുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് തന്നെയാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. മലിനജലത്തില്‍ നിന്നുള്ള അണുബാധ ശാരീരികമായി ദുര്‍ബലരായവരെയാണ് ഏറ്റവും എളുപ്പത്തില്‍ ബാധിക്കുക. കുട്ടികള്‍, പ്രായമായവര്‍, അസുഖബാധിതര്‍ - എന്നിങ്ങനെയുള്ള വിഭാഗങ്ങളെ ദുര്‍ബലരായി പരിഗണിക്കാം. 

അലിഗഡിലും ബള്ളിയയിലും മലിനജലം കുടിച്ച് മരിച്ചത് കുഞ്ഞുങ്ങളാണെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അല്‍പം കൂടിയൊരു കരുതല്‍ അടിസ്ഥാനവിഷയങ്ങളില്‍ ഇവിടെ അധികൃതര്‍ പുലര്‍ത്തേണ്ടതുണ്ട്.

എങ്കിലും വെള്ളമല്ലേ, അത് ജീവനെടുക്കുമോ?

മലിനമായാലും വിഷമൊന്നുമല്ലല്ലോ, വെള്ളമല്ലേ അതിനൊരു ജീവനെടുക്കാനെല്ലാം സാധിക്കുമോയെന്ന് ചിന്തിക്കുന്നവരുണ്ടാകും. എങ്കില്‍ കേട്ടോളൂ, മലിനജലം കുടിക്കുന്നത് കൊണ്ടുമാത്രം ലോകമൊട്ടാകെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രതിവര്‍ഷം ജീവന്‍ നഷ്ടമാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

അപകടകാരികളായ ബാക്ടീരിയകള്‍, വൈറസുകള്‍, പാരസൈറ്റുകള്‍ എന്നിവ മലിനജലത്തിലൂടെ ശരീരത്തിലെത്തുന്നു. നേരത്തേ സൂചിപ്പിച്ചത് പോലെ ഓരോരുത്തരിലും ഇവയെല്ലാം ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുക.  വയറിളക്കം, ഛര്‍ദ്ദി എന്നിവയെല്ലാം മലിനജലത്തില്‍ നിന്നുള്ള അണുബാധയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ഭക്ഷ്യവിഷബാധയിലും ഇതേ ലക്ഷണങ്ങള്‍ കാണാം. 

കുടല്‍സംബന്ധമായ അസുഖങ്ങളും മലിനജലം കുടിക്കുന്നത് കൊണ്ടുണ്ടാകാം. ഇത് പെടുന്നനെയുള്ള മരണത്തിന് ഇടയാക്കില്ലെങ്കില്‍പ്പോലും പതിയെ ജീവനെടുക്കാന്‍ ധാരാളമാണ്. കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, പനി- തുടങ്ങി ഒരുപിടി അസുഖങ്ങളും മലിനജലം മുഖേനയുണ്ടായേക്കാം. ഇവയെല്ലാം ക്രമേണ അപകടകരമായ തലത്തിലേക്ക് പരിണമിക്കുകയും ചെയ്‌തേക്കാം. 

click me!