Phone Addiction : കുട്ടികള്‍ അധികനേരം ഫോണില്‍ ചെലവിടുന്നത് ഒഴിവാക്കാം; ചെയ്യേണ്ടത്...

By Web TeamFirst Published Aug 14, 2022, 9:08 PM IST
Highlights

ഫോണ്‍ ഉപയോഗം മോശം ശീലമല്ല. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ഫോണില്ലാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുമില്ല. എന്നാല്‍ ഒരു പരിധിയിലധികം സമയം ഫോണില്‍ ചെലവിടുന്നത് നമ്മുടെ മറ്റ് കാര്യങ്ങളെ ബാധിക്കുകയും, ശാരീരികവുംമാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യാം.

ഇന്ന് മിക്ക വീടുകളിലും രണ്ടോ മൂന്നോ സ്മാര്‍ട് ഫോണുകളെങ്കിലും കാണാം. ഓരോരുത്തരും അവരവരുടെ ലോകം കണ്ടെത്തുന്നത് തങ്ങളുടെ സ്മാര്‍ട് ഫോണിലൂടെയാണ്. ഇങ്ങനെ ഒരു വീട്ടില്‍ തന്നെ ഒറ്റപ്പെട്ട ദ്വീപുകളായി ഓരോരുത്തരും ഫോണും പിടിച്ചിരിക്കുന്നത് ഇന്ന് സാധാരണമായ കാഴ്ചയാണ്.

ഫോണ്‍ ഉപയോഗം മോശം ശീലമല്ല. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ഫോണില്ലാതെ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുമില്ല. എന്നാല്‍ ഒരു പരിധിയിലധികം സമയം ഫോണില്‍ ചെലവിടുന്നത് നമ്മുടെ മറ്റ് കാര്യങ്ങളെ ബാധിക്കുകയും, ശാരീരികവുംമാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യാം. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകണം. 

ഇന്ന് മിക്ക വീടുകളിലെയും പ്രശ്നം കുട്ടികളിലെ ഫോണ്‍ അഡിക്ഷൻ ആണ്. മദ്യത്തിനോ മറ്റ് ലഹരിക്കോ എല്ലാം അടിപ്പെടുന്നത് പോലെ തന്നെ ഫോണിന് അടിമയാകുന്ന അവസ്ഥ. ഇത് എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുഴങ്ങുന്ന എത്രയോ മാതാപിതാക്കളുണ്ട്. അവര്‍ക്ക് സഹായകമാകുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

കുട്ടികളിലെ സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ മാറ്റുന്നതിനായി മാതാപിതാക്കള്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങളാണിതില്‍ ഉള്‍പ്പെടുന്നത്. 

ഒന്ന്...

നിങ്ങളുടെ കുട്ടി ഫോണ്‍ ഉപയോഗിക്കുന്നു എന്നതിനര്‍ത്ഥം കുട്ടിക്ക് ഫോണ്‍ അഡിക്ഷൻ ആണെന്നല്ല. അഡിക്ഷൻ വേറെ തന്നെ ഒരവസ്ഥയാണ്. ആദ്യം ഇത് തിരിച്ചറിയുകയാണ് വേണ്ടത്. പെട്ടെന്ന് ദേഷ്യം വരിക, വാശി, ഫോണില്‍ നോക്കിയിരിക്കുമ്പോള്‍ ചുറ്റിലും നടക്കുന്നതൊന്നും തിരിച്ചറിയാതിരിക്കുക, അവയിലൊന്നും ഇടപെടാതിരിക്കുക എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടിക്ക് ഫോണ്‍ അഡിക്ഷനുണ്ടെന്ന് മനസിലാക്കാം. 

രണ്ട്...

രണ്ടാമതായി കുട്ടികളെ സ്മാര്‍ട് ഫോണ്‍ അഡിക്ഷനെ കുറിച്ച് മനസിലാക്കിക്കുകയാണ് വേണ്ടത്. ഇതിന് ഓരോ കുട്ടിയുടെയും പ്രകൃതമനുസരിച്ചുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാം. എന്തായാലും ഇക്കാര്യത്തില്‍ കുട്ടിയെ ബോധവത്കരിക്കാതെ കുട്ടിയില്‍ നിന്ന് ബലമായി ഫോണ്‍ പിടിച്ചുവയ്ക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് മനസിലാക്കുക. ഫോണ്‍ അമിതമായി ഉപയോഗിച്ചാല്‍ ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളും കുട്ടി അറിഞ്ഞിരിക്കണം. ഫോണ്‍ ഉപയോഗം പൂര്‍ണമായി തടസപ്പെടുത്തുകയും ചെയ്യരുത്.

മൂന്ന്...

മുകളില്‍ പറ‍ഞ്ഞത് പോലെ ഫോണ്‍ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാതെ പരിധി നിശ്ചയിക്കുകയാണ് വേണ്ടത്. പ്രായത്തിന് അനുസരിച്ച് സ്ക്രീൻ സമയം നിങ്ങള്‍ക്ക് നിജപ്പെടുത്താം. 18 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ നല്‍കുകയേ അരുത്. 18-24 മാസം വരെ പ്രായമുള്ള കുട്ടികളാണെങ്കില്‍ മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ കൂടെ അല്‍പസമയം ഫോണില്‍ ചെലവിടാം. 2-5 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂറിലധികം ഫോണ്‍ നല്‍കാതെ നോക്കുക. ആറ് വയസിന് മുകളില്‍ പ്രായം വരുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്ക്രീൻ സമയം പരിധി നിങ്ങള്‍ക്ക് നിശ്ചയിക്കാം. 

നാല്...

വീട്ടില്‍ ചിലയിടങ്ങളില്‍ ഫോണ്‍ ഉപയോഗം വേണ്ടെന്ന് നിര്‍ബന്ധമായും കുട്ടികളെ ബോധ്യപ്പെടുത്തണം. കിടപ്പുമുറി, പഠനമുറി എല്ലാം ഇത്തരത്തില്‍ പട്ടികപ്പെടുത്താം. ഫോണ്‍ നോക്കി പഠിക്കുന്ന കുട്ടികളാണെങ്കില്‍ അവര്‍ പഠനസമയത്ത് മറ്റ് രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനായി വേറെ സമയം നല്‍കാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുക. എന്നാലിതിനും സമയപരിധി നിശ്ചയിക്കണം. 

അഞ്ച്...

കുട്ടികളുടെ ശ്രദ്ധ മാറ്റുക എന്നത് സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ മാറ്റാനായി ചെയ്യാവുന്ന മികച്ചൊരു കാര്യമാണ്. ചെറുതായിരിക്കുമ്പോള്‍ തൊട്ട് തന്നെ കായികമായ കാര്യങ്ങളില്‍, വിനോദങ്ങളില്‍, വ്യായമത്തിലെല്ലാം കുട്ടിയെ പങ്കെടുപ്പിക്കുക. ഈ രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ ഫോണ്‍ അഡിക്ഷൻ കാര്യമായി കാണില്ല. 

ആറ്...

ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തിയാലും ഒന്നും സംഭവിക്കില്ലെന്ന് തിരിച്ചറിയിക്കാൻ വേണ്ടി പരിപൂര്‍ണമായി ഫോണ്‍ ഉപയോഗിക്കാത്ത ഒരു ദിനം ആഴ്ചയില്‍ ഉണ്ടാക്കാം. ഇത് വീട്ടിലെ എല്ലാവര്‍ക്കും ബാധകമാണ്. കഴിയുന്നതും അവധിദിനങ്ങള്‍ ഇതിന് വേണ്ടി തെരഞ്ഞെടുക്കാം.

ഏഴ്...

കുട്ടികളെ നേര്‍വഴിക്ക് നടത്താൻ ശ്രമിക്കുമ്പോള്‍ മാതാപിതാക്കളും അതിന് യോജിച്ച രീതിയില്‍ വേണം അവര്‍ക്ക് മാതൃകയാവാൻ. നിങ്ങള്‍ മുഴുവൻ സമയം ഫോണില്‍ ചെലവഴിക്കുമ്പോള്‍ കുട്ടികളോട് അതെക്കുറിച്ച് പറയാൻ സാധിക്കാതെ വരും. അതിനാല്‍ നിങ്ങളും കുട്ടികള്‍ക്കൊപ്പം ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക. കൂടുതല്‍ സമയം വീട്ടിലെ അംഗങ്ങളെല്ലാം പരസ്പരം സംസാരിക്കാനും പുറത്തുപോകാനും, ഒരുമിച്ച് വീട്ടുജോലി ചെയ്യാനും,സിനിമ കാണാനുമെല്ലാം ശ്രമിക്കുക. എല്ലാവരുടെയും ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ശീലങ്ങള്‍ സഹായകമായിരിക്കും. 

Also Read:- ഒരേ സിനിമ 20 തവണ കണ്ട ശേഷം അനുകരിച്ചു; യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

click me!