മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറിപ്പറയുകയും അക്ഷമരാവുകയും ചെയ്യാറുണ്ടോ?

By Web TeamFirst Published Oct 6, 2020, 7:32 PM IST
Highlights

നമ്മുടെ നിത്യജിവിതത്തിലെ അടിസ്ഥാനപരമായ വിഷയങ്ങളെ ബാധിക്കാത്തിടത്തോളം 'എഡിഎച്ച്ഡി' അത്രമാത്രം ഗുരുതരമായൊരു അവസ്ഥയാണെന്ന് പറയാനാകില്ല. എന്നാല്‍ ജോലി, സാമ്പത്തിക ഭദ്രത, സാമൂഹിക സുരക്ഷ, കുടുംബത്തിലെ സാഹചര്യം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വ്യക്തി 'പ്രശ്‌നക്കാരന്‍' ആയി മാറുന്നുവെങ്കില്‍ തീര്‍ച്ചയായും ഇതിന് ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്നാണ് അര്‍ത്ഥം

വ്യക്തിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ നമ്മള്‍ തിരിച്ചറിയാതെ പോവുകയോ, കൃത്യമായി കൈകാര്യം ചെയ്യാതെ ഒഴിവാക്കുകയോ ആണ് പതിവ്. 

ഇത്തരത്തിലൊരു പ്രശ്‌നമാണ് 'എഡിഎച്ച്ഡി' അഥവാ 'അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍'. സാധാരണഗതിയില്‍ കുട്ടികളിലാണ് പ്രധാനമായും നമ്മള്‍ 'എഡിഎച്ച്ഡി' കണ്ടെത്തുന്നത്. അമിതമായി 'ആക്റ്റീവ്' ആയിരിക്കുക, ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക, മുന്‍കൂട്ടി നിശ്ചയിക്കാനാവാത്ത വിധത്തില്‍ പ്രതികരിക്കുകയോ പെരുമാറുകയോ ചെയ്യുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് 'എഡിഎച്ച്ഡി' ഉള്ള കുട്ടികളില്‍ എളുപ്പത്തില്‍ കാണാനാവുക. 

ഇതേ പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവ തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. ചില ലക്ഷണങ്ങള്‍ മനസിലാക്കുന്നതിലൂടെ മുതിര്‍ന്നവരിലെ 'എഡിഎച്ച്ഡി' നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

 

 

ഇതില്‍ പ്രധാനമാണ്, സംഭാഷണങ്ങള്‍ക്കിടയില്‍ അസ്വസ്ഥരാകുന്നത്. മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ ക്ഷമ കാണിക്കാതിരിക്കുകയും, ഇടയ്ക്കിടെ അങ്ങോട്ട് കയറിപ്പറയുകയും ചെയ്യുന്നത് 'എഡിഎച്ച്ഡി'യുടെ ലക്ഷണമാകാം. അതുപോലെ തന്നെ അടുത്തയാള്‍ സംസാരിക്കുമ്പോള്‍, അയാള്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഏറെ സമയമെടുക്കുന്നതായും ഇത്തരക്കാര്‍ക്ക് തോന്നിയേക്കാം. മറ്റുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കാനേ താല്‍പര്യമില്ല എന്ന അവസ്ഥയും ഇവരിലുണ്ടാകാം. 

ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് ജോലിയില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടിവരികയും, അപ്പോഴും വളരെ വേഗത്തില്‍ തന്നെ ജോലിയില്‍ മടുപ്പോ ക്ഷീണമോ നേരിടുകയും ചെയ്‌തേക്കാം. ജോലിയുള്‍പ്പെടെയുള്ള ഔദ്യോഗികമായ കാര്യങ്ങളിലോ അനൗദ്യോഗികമായ കാര്യങ്ങളിലോ സമയത്തിലെ കൃത്യത പാലിക്കാനാകാത്തതും 'എഡിഎച്ച്ഡി'യുടെ ലക്ഷണമാകാം. 

വര്‍ത്തമാനകാലത്തില്‍ കൃത്യമായി നില്‍ക്കാന്‍ കഴിയാതിരിക്കുന്നത് മൂലം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരാത്ത പ്രശ്‌നവും ഇത്തരക്കാരിലുണ്ടാകാം. അതുപോലെ ഒരു ജോലി ഏറ്റെടുത്താല്‍ അത് നടത്തിത്തീരും മുമ്പ് ഉപേക്ഷിക്കുന്ന പതിവും ഇവര്‍ക്കുണ്ടാകാം. 

 

 

നമ്മുടെ നിത്യജിവിതത്തിലെ അടിസ്ഥാനപരമായ വിഷയങ്ങളെ ബാധിക്കാത്തിടത്തോളം 'എഡിഎച്ച്ഡി' അത്രമാത്രം ഗുരുതരമായൊരു അവസ്ഥയാണെന്ന് പറയാനാകില്ല. എന്നാല്‍ ജോലി, സാമ്പത്തിക ഭദ്രത, സാമൂഹിക സുരക്ഷ, കുടുംബത്തിലെ സാഹചര്യം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വ്യക്തി 'പ്രശ്‌നക്കാരന്‍' ആയി മാറുന്നുവെങ്കില്‍ തീര്‍ച്ചയായും ഇതിന് ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്നാണ് അര്‍ത്ഥം. 

'എഡിഎച്ച്ഡി', ചികിത്സയിലൂടെ ഫലപ്പെടുത്താന്‍ കഴിയാത്ത ഒരു പ്രശ്‌നമാണ്. എന്നാല്‍ ചികിത്സ കൊണ്ട് രോഗിക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കുകയും ചെയ്‌തേക്കാം. ഇത്തരത്തില്‍ വലിയ അപകടങ്ങള്‍ സംഭവിക്കാത്ത തരത്തില്‍ ഇതിനെ 'ബാലന്‍സ്' ചെയ്ത് മുന്നോട്ടുപോവുകയെന്നതാണ് അവശേഷിക്കുന്ന ഏക മാര്‍ഗം.

Also Read:- വിഷാദം എങ്ങനെ തിരിച്ചറിയാം; മറികടക്കാന്‍ ചെയ്യാം ചിലത് കൂടി....

click me!