അടുത്തിടെയായി ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ഒരു വിഷയമാണ് വിഷാദരോഗം. വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തന്നെയാണ് വലിയൊരു പരിധി വരെ വിഷാദരോഗത്തെ ചര്‍ച്ചകളില്‍ പിടിച്ചുനിര്‍ത്തിയത്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേര്‍ വിഷാദരോഗത്തെ കുറിച്ച് തുറന്നുസംസാരിക്കുകയും അവബോധം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. 

എന്നാല്‍ പലപ്പോഴും ശാസ്ത്രീയമായൊരു സമീപനം വിഷാദരോഗത്തോട് വച്ചുപുലര്‍ത്താന്‍ മിക്കവര്‍ക്കും കഴിയുന്നില്ലെന്നതാണ് സത്യം. ഇതിനുള്ള മികച്ച ഉദാഹരണമാണ്, വിഷാദരോഗമാണെന്ന് സ്വയം തെറ്റിദ്ധരിക്കുന്ന സാഹചര്യവും അതുപോലെ തന്നെ, വിഷാദരോഗത്തെ തിരിച്ചറിയാതെ പോകുന്ന സാഹചര്യവും. 

വിഷാദരോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കും. അധികസമയവും ദുഖത്തിലോ, നിരാശയിലോ ആയിരിക്കുക എന്നതാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണമെന്ന് ദില്ലിയില്‍ നിന്നുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സഞ്ജയ് ഛഗ് പറയുന്നു. 

'ദുഖം, നിരാശ അല്ലെങ്കില്‍ അതിന്റെ വകഭേദങ്ങളായ തളര്‍ച്ച, ഊര്‍ജ്ജസ്വലതയില്ലായ്മ ഒക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. പക്ഷേ ഇവ രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്നുണ്ട് എങ്കില്‍ മാത്രമേ വിഷാദരോഗമാണെന്ന് പറയാന്‍ കഴിയൂ. ഇതിനൊപ്പം തന്നെ ഒന്നിനോടും താല്‍പര്യം തോന്നായ്ക, ഒന്നിലും ഇടപെടുകയോ സജീവമായിരിക്കുകയോ ചെയ്യാതാവുക എന്നതും വിഷാദരോഗത്തിന്റെ ലക്ഷണമാണ്. പ്രധാനമായും ഈ രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് വിഷാദത്തിന് വരുന്നത്...' ഡോ സഞ്ജയ് പറയുന്നു. 

പെടുന്നനെ ശരീരവണ്ണം കുറയുക, വിശപ്പില്ലായ്മ അനുഭവിക്കുക, ഉറക്കക്കുറവ് എന്നിവയും അതുപോലെ പെടുന്നനെ ശരീരവണ്ണം കൂടുക, അമിതമായ വിശപ്പ്, അമിതമായ ഉറക്കം എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ഭാഗമായി കാണാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. 

ഇവയ്‌ക്കൊപ്പം ലൈംഗികകാര്യങ്ങളില്‍ താല്‍പര്യക്കുറവ്- ഉന്മേഷക്കുറവ്, ഒന്നിലും ശ്രദ്ധയുറക്കാത്ത അവസ്ഥ, തീരുമാനങ്ങളില്ലാതെ അനിശ്ചിതമായി തുടരുന്ന അവസ്ഥ- എന്നിവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

ഓരോ വ്യക്തിയിലും ഇത്തരം ലക്ഷണങ്ങള്‍ ഏറിയും കുറഞ്ഞും പല തരത്തിലാകാം കാണുന്നതെന്നും ഇവയെല്ലാം തന്നെ രണ്ടാഴ്ചയോളമെങ്കിലും തുടര്‍ച്ചയായി കാണുന്നുണ്ടെങ്കില്‍ വൈകാതെ തന്നെ ഒരു വിദഗ്ധനെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ സ്വയം മനസിലാക്കിക്കഴിഞ്ഞാല്‍ അതിന് പരിഹാരം തേടുന്നതിനോ ചികിത്സ തേടുന്നതിനോ വിമുഖത കാണിക്കരുതെന്നും ഡോക്ടര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും ഇക്കാരണങ്ങള്‍ കൊണ്ട് മറ്റുള്ളവരില്‍ നിന്ന് ഓടിയൊളിക്കരുതെന്നും അത് നല്ല സൂചനയല്ലെന്നും അദ്ദേഹം പറയുന്നു.

Also Read:- മാറാതെ നിൽക്കുന്ന ത്വക്ക് രോ​ഗങ്ങൾ, കാരണം മനസ്സിന്റെ ടെൻഷനാകാം; സൈക്കോളജിസ്റ്റ് എഴുതുന്നു...