നഖങ്ങള്‍ കേടാകുന്നതും 'സ്‌കിന്‍ ഡ്രൈ' ആകുന്നതും; അറിയാം ഈ ആരോഗ്യപ്രശ്‌നം

By Web TeamFirst Published Oct 28, 2021, 9:52 PM IST
Highlights

കാത്സ്യം, നമുക്കറിയാം പ്രധാനമായും എല്ലിന്റെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിനും നിലനില്‍പിനുമെല്ലാം അവശ്യം വേണ്ടുന്ന ഘടകമാണ്. ഇതിന് പുറമെ ഹൃദയാരോഗ്യത്തിനും, പേശികളുടെ നിലനില്‍പിനുമെല്ലാം കാത്സ്യം ആവശ്യമാണ്

നാം എന്താണ് കഴിക്കുന്നത്, ( Diet ) എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുന്നത്. അതായത് ഭക്ഷണം നമ്മളെ സംബന്ധിച്ചിടത്തോളം അത്രമാത്രം പ്രധാനമാണെന്ന് സാരം. ശരീരത്തിനാവശ്യമായ മിക്ക ഘടകങ്ങളും ( Vital Nutrients ) നാം നേടിയെടുക്കുന്നത് ഭക്ഷണത്തിലൂടെയാണ്. 

ഇവയില്‍ അവശ്യം വേണ്ടുന്ന ഏതെങ്കിലും ഘടകങ്ങള്‍ കുറഞ്ഞാല്‍ അതിന്റെ തിക്തഫലങ്ങള്‍ ശരീരം പ്രകടിപ്പിക്കുകയും ചെയ്യാം. അത്തരത്തില്‍ കാത്സ്യം കുറവായാല്‍ ശരീരം എന്തെല്ലാം തരത്തിലാണ് അതിനെ സൂചിപ്പിക്കുകയെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

കാത്സ്യം, നമുക്കറിയാം പ്രധാനമായും എല്ലിന്റെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിനും നിലനില്‍പിനുമെല്ലാം അവശ്യം വേണ്ടുന്ന ഘടകമാണ്. ഇതിന് പുറമെ ഹൃദയാരോഗ്യത്തിനും, പേശികളുടെ നിലനില്‍പിനുമെല്ലാം കാത്സ്യം ആവശ്യമാണ്. 

കാത്സ്യം കുറവാകുമ്പോള്‍ 'ഓസ്റ്റിയോപോറോസിസ്' (എല്ല് തേയ്മാനം), 'ഓസ്റ്റിയോപീനിയ' ( എല്ലില്‍ ധാതുബലം ക്ഷയിക്കുന്നത്), 'ഹൈപ്പോകാത്സീമീയ' (കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറയുന്നത് മൂലമുണ്ടാകുന്ന അസുഖം) എന്നിങ്ങനെ പല പ്രശ്‌നങ്ങളും സംഭവിക്കാം. 

 


സാധാരണഗതിയില്‍ പ്രായമാകുംതോറുമാണ് കാത്സ്യം കുറയുന്ന സാഹചര്യമുണ്ടാവുക. സത്രീകളിലാണെങ്കില്‍ ആര്‍ത്തവവിരാമത്തോട് അടുക്കുന്നതിന് അനുസരിച്ച് കാത്സ്യം കുറവ് കാണാം. കുട്ടികളായിരിക്കുമ്പോള്‍ തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിച്ച് ശീലിക്കണം. അല്ലാത്തപക്ഷം മുതിര്‍ന്നുകഴിഞ്ഞാലും അതിന്റെ അനന്തരഫലം ശരീരം നേരിട്ടുകൊണ്ടിരിക്കും. 

ചിലരില്‍ ചില മരുന്നുകള്‍ കാത്സ്യം കുറയുന്നതിലേക്ക് നയിക്കാറുണ്ട്. ചിലര്‍ക്ക് കാത്സ്യത്താല്‍ സമ്പന്നമായ പാല്‍- പാലുത്പന്നങ്ങള്‍ പോലുള്ളവയോട് അലര്‍ജിയുണ്ടാകാറുണ്ട്. അത്തരക്കാരിലും കാത്സ്യം കുറവ് കാണപ്പെടാം. സ്ത്രീകളിലാണെങ്കില്‍ നേരത്തേ സൂചിപ്പിച്ചത് പോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതിന് കാരണമാകാറുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും ജനിതകഘടകങ്ങളും ഇതില്‍ കാരണമായി വരാറുണ്ട്. 

ദീര്‍ഘകാലത്തേക്ക് കാത്സ്യക്കുറവ് നേരിടുന്നത് ശരീരത്തിന് വലിയ തോതിലുള്ള ഭീഷണി ഉയര്‍ത്തും. എന്തായാലും കാത്സ്യക്കുറവിനെ ശരീരം എങ്ങനെയെല്ലാം പ്രകടമാക്കുമെന്ന് കൂടി ഒന്ന് മനസിലാക്കാം. 

ഒന്ന്...

പേശീസംബന്ധമായ പ്രശ്‌നങ്ങള്‍ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്നതാകാം. പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം തോന്നാം. 

 

 

നടക്കുമ്പോഴോ ചെറിയ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ തുടയിലും കൈകളുമെല്ലം കാലുകളിലുമെല്ലാം വേദന അനുഭവപ്പെടാം. വേദന പോലെ തന്നെ തരിപ്പോ വിറയലോ കൂടി കാണാം. 

രണ്ട്...

എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. ഇതിനൊപ്പം ഉറക്കക്കുറവും നേരിട്ടേക്കാം. കാത്സ്യം കുറവാകുമ്പോള്‍ ഇടയ്ക്ക് തലകറക്കം, കാര്യങ്ങളോട് അവ്യക്തത (ബ്രെയിന്‍ ഫോഗ്) എന്നിവയും ഉണ്ടാകാം. ക്രമേണ ഇത് മറവി പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കാം. 

മൂന്ന്...

തുടക്കത്തില്‍ പറഞ്ഞ പോലെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് അവശ്യ ംവേണ്ട ഘടകമാണ് കാത്സ്യം. അതിനാല്‍ തന്നെ കാത്സ്യം കുറയുന്നത് പ്രധാനമായും ബാധിക്കുക ഈ ഭാഗങ്ങളെയാണ്. പല്ല് പൊട്ടുന്നത്, നഖങ്ങള്‍ പൊട്ടുന്നത്, ചര്‍മ്മം വരണ്ടുപോകുന്നത്, എക്‌സിമ- സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നത്, മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നത്- ഇവയെല്ലാം കാത്സ്യം കുറവ് ദീര്‍ഘനാളായി നേരിടുന്നുവെന്നതിന്റെ തെളിവാകാം. 

നാല്...

മുമ്പ് പറഞ്ഞത് പോലെ എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയ അസുഖങ്ങളെല്ലാം കാത്സ്യം കുറയുന്നപക്ഷം പിടിപെടാം. ഈ അസുഖങ്ങളെല്ലാം തന്നെ എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടുന്നതിനും സാരമുള്ള പരിക്കുകള്‍ സംഭവിക്കുന്നതിനും കിടപ്പിലാകുന്നതിന് വരെ കാരണമാകാം. 

അഞ്ച്...

കാത്സ്യം കുറവും ആര്‍ത്തവവും തമ്മില്‍ ചില ബന്ധങ്ങളുള്ളതായി പഠനങ്ങള്‍ പറയുന്നുണ്ട്. 

 

 

ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന്റെ അടിസ്ഥാനം. അതായത്, കാത്സ്യം കുറവുള്ള സ്ത്രീകളില്‍ 'പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രോം' (പിഎംഎസ്) അഥവാ ആര്‍ത്തവാനുബന്ധ മാനസിക- ശാരീരിക പ്രശ്‌നങ്ങള്‍ കാണപ്പെടാമെന്നാണ് 2017ലെ പഠനം ചൂണ്ടിക്കാട്ടുന്നത്. 

ആറ്...

കാത്സ്യക്കുറവുള്ളവരില്‍ ഇതുമായി ബന്ധപ്പെട്ട് വിഷാദരോഗം കാണപ്പെടാമെന്നും ചില പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോഴും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തില്‍ ആധികാരികമായ നിഗമനത്തിലെത്താന്‍ ഇനിയും പഠനങ്ങള്‍ വേണ്ടിവരുമെന്ന് ചുരുക്കം. 

Also Read:- മലബന്ധത്തെ നിസാരമായി തള്ളിക്കളയല്ലേ; ചികിത്സ തേടേണ്ട സന്ദര്‍ഭങ്ങളുണ്ട്

click me!