Asianet News MalayalamAsianet News Malayalam

മലബന്ധത്തെ നിസാരമായി തള്ളിക്കളയല്ലേ; ചികിത്സ തേടേണ്ട സന്ദര്‍ഭങ്ങളുണ്ട്

പൂര്‍ണമായും മലബന്ധത്തെ നിസാരമായി തള്ളിക്കളയരുത്. ചിലപ്പോഴെങ്കിലും ശരീരത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുടെ, അസുഖങ്ങളുടെ ലക്ഷണമായിട്ടാകാം ഇത് സംഭവിക്കുന്നത്. അതല്ലെങ്കില്‍ ശരീരം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങാന്‍ മലബന്ധം ഇടയാക്കുകയും ചെയ്യാം. എന്തായാലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇതിന് ചികിത്സ തേടിയേ മതിയാകൂ

constipation can also be a big problem thus seek timely medical aid
Author
Trivandrum, First Published Oct 26, 2021, 11:01 PM IST

നിത്യജീവിതത്തില്‍ ദഹനപ്രശ്‌നങ്ങള്‍ ( Digestion problems ) നേരിടാത്തവരായി ആരും കാണുകയില്ല. ഡയറ്റിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ, സമ്മര്‍ദ്ദം കൊണ്ടോ, ജീവിതരീതിയിലെ (Lifestyle ) ഏതെങ്കിലും മാറ്റങ്ങള്‍ കൊണ്ടോ എല്ലാം ഇത്തരത്തില്‍ ദഹനപ്രശ്‌നങ്ങള്‍ നേരിടാം. 

ദഹനപ്രശ്‌നങ്ങളുടെ കൂട്ടത്തിലുള്‍പ്പെടുന്നതാണ് മലബന്ധവും. ഇതും ആദ്യമേ സൂചിപ്പിച്ചത് പോലെ ഡയറ്റിലെ പ്രശ്‌നങ്ങള്‍ മൂലവും അധികരിച്ച സമ്മര്‍ദ്ദം മൂലവുമെല്ലാം ഉണ്ടാകാം. എന്നാല്‍ മിക്കവരും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തീര്‍ത്തും നിസാരമായി തള്ളിക്കളയുകയാണ് പതിവ്. 

ഇങ്ങനെ പൂര്‍ണമായും മലബന്ധത്തെ നിസാരമായി തള്ളിക്കളയരുത്. ചിലപ്പോഴെങ്കിലും ശരീരത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുടെ, അസുഖങ്ങളുടെ ലക്ഷണമായിട്ടാകാം ഇത് സംഭവിക്കുന്നത്. അതല്ലെങ്കില്‍ ശരീരം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങാന്‍ മലബന്ധം ഇടയാക്കുകയും ചെയ്യാം. എന്തായാലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇതിന് ചികിത്സ തേടിയേ മതിയാകൂ. 

മലബന്ധം ഉണ്ടാകുന്നത്...

പല അവയവങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ച ശേഷമാണ് നാം കഴിക്കുന്ന ഭക്ഷണം പൂര്‍ണമായി ദഹിച്ച് അവശിഷ്ടങ്ങള്‍ പുറന്തള്ളാന്‍ തയ്യാറായി വരുന്ന അവസ്ഥയുണ്ടാകുന്നത്. ഭക്ഷണത്തില്‍ നിന്ന് എടുക്കേണ്ട പോഷകങ്ങളെല്ലാം ശരീരം എടുക്കുന്നു. വന്‍കുടലില്‍ എത്തുമ്പോഴാണ് വെള്ളവും ഗ്ലൂക്കോസും ആകിരണം ചെയ്യപ്പെടുന്നത്. 

 

constipation can also be a big problem thus seek timely medical aid

 

ഇതിന് ശേഷം അവശിഷ്ടം മലമായി രൂപപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മലാശയത്തിന് പുറമെ വന്‍കുടലിലും മലം കാണപ്പെടുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ദഹനവ്യവസ്ഥയുടെ അറ്റത്തായുള്ള 'സിഗ്മോയിഡ് കോളണ്‍' എന്ന ഭാഗത്ത് വച്ചെല്ലാം മലം രൂപപ്പെടാന്‍ തുടങ്ങും. ഇത് സുഖകരമായി മലം പുറത്തേക്ക് പോകുന്നതിന് തടസമാകുന്നു. 

വയറ്റില്‍ അസ്വസ്ഥതയും വേദനയുമെല്ലാം ഈ ഘട്ടത്തില്‍ അനുഭവപ്പെട്ടേക്കാം. അതുപോലെ ശരീരം ജലാംശം മുഴുവനായും ആകിരണം ചെയ്യുമ്പോള്‍ മലം വരണ്ടുപോകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിലും മലബന്ധം അനുഭവപ്പെടാം. 

പരിഹാരം...

സാധാരണഗതിയില്‍ മലബന്ധമകറ്റാന്‍ ഫൈബര്‍ സമ്പുഷ്ടമായ ഡയറ്റ് പിന്തുടരാം. അങ്ങനെ തന്നെ പരിഹരിക്കാന്‍ സാധ്യമാണ്. ദ്രാവകരൂപത്തിലുള്ള ഭക്ഷണം കൂട്ടിനോക്കാം. അതുപോലെ ഡോക്ടര്‍മാര്‍ ചില മരുന്നുകളും ഇതിനായി പ്രത്യേകം നല്‍കാറുണ്ട്. എന്നാല്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ഇത് ഗൗരവമായി എടുക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട്. 

അതിലൊന്ന് പതിവായി മലബന്ധം നേരിടുന്ന അവസ്ഥയാണ്. ഇത് വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖങ്ങളുടെയോ അസാധാരണമായ അവസ്ഥയുടെയോ ലക്ഷണമാകാം. ഇനി, മലബന്ധത്തിനൊപ്പം വയറുവേദനയും പതിവാണെങ്കില്‍ കുറെക്കൂടി ശ്രദ്ധിക്കുക. കുടലില്‍ അണുബാധയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ സംഭവിക്കുന്നു എന്നതിന്റെ സൂചനയാകാം ഇത്. 

 

constipation can also be a big problem thus seek timely medical aid

 

ഇടവിട്ട് മലബന്ധം നേരിടുകയും മലത്തിനൊപ്പം രക്തം കാണുകയും ചെയ്യുകയാണെങ്കിലും ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ക്യാന്‍സറിന്റെ വരെ ലക്ഷണമാകാം ഇത്. 

മലബന്ധത്തിനൊപ്പം ഇടവിട്ട് തലകറക്കം, പനി, ഛര്‍ദ്ദി, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കാണുന്നപക്ഷവും വൈകാതെ ആശുപത്രിയിലെത്തി ചികിത്സ തേടുക. ആരോഗ്യപ്രശ്‌നങ്ങളെ നിസാരമായി തള്ളിക്കളയുന്നത് പിന്നീട് പലപ്പോഴും വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ സമയബന്ധിതമായി ഇവ കൈകാര്യം ചെയ്തുപോകാന്‍ ശ്രദ്ധിക്കുക. 

Also Read:- അസിഡിറ്റി അലട്ടുന്നുണ്ടോ...? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Follow Us:
Download App:
  • android
  • ios