നിശബ്ദനായ കൊലയാളി; അറിയാം 'സൈലന്റ് ഹാര്‍ട്ട് അറ്റാക്കി'നെ കുറിച്ച്...

By Web TeamFirst Published Sep 28, 2019, 7:28 PM IST
Highlights

ഇന്ന്, മുപ്പത് വയസ് കടന്ന ഒരാള്‍പ്പോലും ഹൃദയാഘാതത്തിനുള്ള സാധ്യതകളേറെയാണ്. പുതിയ കാലത്തിന്റെ ജീവിതരീതികള്‍ തന്നെയാണ് ഏറെയും ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമാകുന്നത്. എന്നാല്‍, തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ചിട്ടയായ ഭക്ഷണവും ഉറക്കവും വ്യായാമവുമൊന്നും പലര്‍ക്കും പിന്തുടരാനാകുന്നതല്ല. അപ്പോള്‍ ആരോഗ്യസ്ഥിതിയെ കുറിച്ച് കൃത്യമായ ഇടവേളകളില്‍ ചില ഉറപ്പുകള്‍ വരുത്തി മുന്നോട്ടുപോവുകയെന്നതാണ് നമുക്ക് ചെയ്യാവുന്ന ഒന്ന്
 

നാളെ ലോക ഹൃദയാരോഗ്യദിനമാണ്. ഒരു മനുഷ്യശരീരത്തെ സംബന്ധിച്ച് ഹൃദയത്തിനുള്ള പ്രാധാന്യം നമുക്കാരും പറഞ്ഞുതരേണ്ടതില്ല. അത്രമാത്രം ഹൃദയത്തിന്റെ പങ്കിനെക്കുറിച്ച് നമ്മള്‍ ബോധ്യമുള്ളവരാണ്. അപ്പോള്‍ അത്രയും തന്നെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നമുക്ക് ബോധ്യമുണ്ടാകേണ്ടതുണ്ട്. 

ഇന്ത്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഇതില്‍ത്തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമെന്തെന്നാല്‍, ചെറുപ്പക്കാരില്‍ കൂടുതലായി ഹൃദയാഘാതമുണ്ടാകുന്നു എന്നതാണ്. 

ഇന്ന്, മുപ്പത് വയസ് കടന്ന ഒരാള്‍പ്പോലും ഹൃദയാഘാതത്തിനുള്ള സാധ്യതകളേറെയാണ്. പുതിയ കാലത്തിന്റെ ജീവിതരീതികള്‍ തന്നെയാണ് ഏറെയും ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമാകുന്നത്. എന്നാല്‍, തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ചിട്ടയായ ഭക്ഷണവും ഉറക്കവും വ്യായാമവുമൊന്നും പലര്‍ക്കും പിന്തുടരാനാകുന്നതല്ല. 

അപ്പോള്‍ ആരോഗ്യസ്ഥിതിയെ കുറിച്ച് കൃത്യമായ ഇടവേളകളില്‍ ചില ഉറപ്പുകള്‍ വരുത്തി മുന്നോട്ടുപോവുകയെന്നതാണ് നമുക്ക് ചെയ്യാവുന്ന ഒന്ന്. അതായത്, വര്‍ഷത്തിലൊരിക്കലെങ്കിലും നമുക്ക് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും അവയുടെ പ്രവര്‍ത്തനക്ഷമതയെപ്പറ്റിയും ഒന്ന് പരിശോധിക്കാം. ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ ഏതൊരു ഡോക്ടറെ കണ്ടാലും അവര്‍ക്ക് നല്‍കാനാകും. 

രണ്ടാമതായി ചെയ്യേണ്ടത്, ജീവന്‍ അപകടപ്പെടുത്തും വിധത്തിലുള്ള അസുഖങ്ങളെ തിരിച്ചറിയാന്‍ വേണ്ട ചില അറിവുകള്‍ സൂക്ഷിക്കുകയെന്നതാണ്. തക്ക സമയത്ത് ചികിത്സ തേടിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളായിരിക്കും പലതും, എന്നാല്‍ അത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതോടെയാണ് അപകടകരമായ അവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുന്നത്. 

അത്തരത്തിലൊരു പ്രശ്‌നമാണ് 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്'. കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് കാണിക്കാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തെയാണ് 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്' എന്ന് പറയുന്നത്. സാധാരണഗതിയിലുണ്ടാകുന്ന ഹൃദയാഘാതത്തെക്കാള്‍ എത്രയോ ഗുരുതരമാണിത്. കാരണം, ആദ്യം സൂചിപ്പിച്ചത് പോലെ കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ ഇത് നമ്മള്‍ തിരിച്ചറിയാതെ പോകാം. ഒന്നും രണ്ടും തവണയുമൊക്കെ നമ്മളറിയാതെ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ മൂന്നാമത്തെ ഘട്ടത്തിലെങ്കിലും അത് ജീവന് ഭീഷണി ഉയര്‍ത്താന്‍ സാധ്യതകളേറെയാണ്. 

നിങ്ങള്‍ കേട്ടിട്ടില്ലേ, കാര്യമായ ഒരു പ്രശ്‌നവും ഇല്ലാത്തയാളായിരുന്നു, പെട്ടെന്ന് ഹൃദയാഘാതം വന്ന് മരിച്ചതാണ് എന്നെല്ലാം ആളുകള്‍ പറയുന്നത്. അങ്ങനെയല്ല, ആ വ്യക്തിയില്‍ നേരത്തേ തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരിക്കണം. എന്നാല്‍ അതിന് വേണ്ട പരിശോധനകളൊന്നും മുമ്പ് നടത്താതിരുന്നത് കൊണ്ട് ഒന്നും പുറത്തേക്കറിഞ്ഞില്ല. അതുപോലെ ഹൃദയാഘാതം മുമ്പ് വന്നപ്പോഴും ആ വ്യക്തി അത് അറിയാതെ പോയിരിക്കാം. ഉദാഹരണത്തിന് പ്രമേഹരോഗികളായ ആളുകളില്‍ 'ഹാര്‍ട്ട് അറ്റാക്ക്' ഉണ്ടാകുമ്പോള്‍ പലപ്പോഴും നെഞ്ചുവേദനയുണ്ടാകാറില്ല. ഇത് 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്' ആയി കണക്കാക്കാം. 

അപ്പോള്‍ പലതവണ പ്രശ്‌നം വന്നിട്ടും നമ്മള്‍ തിരിച്ചറിയാതിരിക്കുമ്പോഴാണ് അത് അപകടത്തില്‍ കലാശിക്കുന്നതെന്ന് സാരം. അതിനാല്‍ 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്' മനസിലാക്കാന്‍ ചില കാര്യങ്ങളില്‍ നമുക്കൊരു കരുതല്‍ ആകാം. 

1. നെഞ്ചില്‍ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നത്. 
2. പെട്ടെന്ന് ക്ഷീണം വന്ന് തളര്‍ന്നുപോകുമെന്ന തോന്നലുണ്ടാകുന്നത്. 
3. കൈകളില്‍ വേദയനുഭവപ്പെടുന്നത്.
4. തല കറങ്ങുകയോ തലയ്ക്ക് കനം തോന്നുകയോ ചെയ്യുന്നത്.
5. തൊണ്ടയിലോ കീഴ്ത്താടിയുടെ ഭാഗങ്ങളിലോ ഒക്കെ വേദനയനുഭവപ്പെടുന്നത്.
6. പെട്ടെന്ന് ഒരു ശൂന്യത അനുഭവപ്പെടുന്നത്
7. ശ്വാസഗതിയില്‍ വ്യതിയാനമോ തടസമോ തോന്നുന്നത്.
8. അസാധാരണമാം വിധത്തില്‍ വിയര്‍ക്കുന്നത്. 

ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങളെല്ലാം കൃത്യമായും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകണമെന്നില്ല. ഇതില്‍ പലതും പല അവസ്ഥകളുടേയും ലക്ഷണങ്ങളോ, പ്രത്യാഘാതങ്ങളോ, കാരണങ്ങളോ ഒക്കെയാകാം. അതിനാല്‍ സംയമനത്തോടെ അവനവന്റെ ആരോഗ്യാവസ്ഥയിലെ മാറ്റങ്ങളെ കൈകാര്യം ചെയ്യാന്‍ ശീലിക്കുക. 

എന്തെങ്കിലും വിഷമതകള്‍ വന്നാല്‍ അത് പിന്നീട് നോക്കാം, എന്തെങ്കിലും ഗുളിക വാങ്ങിക്കഴിച്ച് വേദന ശമിപ്പിക്കാം എന്ന മട്ടിലുള്ള അശ്രദ്ധ അത്ര നല്ലതല്ല എന്നേയുള്ളൂ. നമ്മളില്‍ വന്നുപെടുന്ന മിക്കവാറും അസുഖങ്ങളുടെ കാരണം മാനസികസമ്മര്‍ദ്ദം (സ്‌ട്രെസ്) ആണെന്ന് കാണാം. അതിനാല്‍ സ്വസ്ഥമായ മനസും, നല്ല ഭക്ഷണവും, കഴിയുമെങ്കില്‍ എന്തെങ്കിലും ചെറിയരീതിയിലെങ്കിലുമുള്ള വ്യായാമമോ (അത് നടത്തമോ, ശരീരം ഇളകിയുള്ള വീട്ടുജോലികളോ പോലും മതി), നല്ല ഉറക്കമോ തന്നെ ആരോഗ്യമുള്ള ജീവിതത്തിന് ധാരാളമാണെന്ന് മാത്രം മനസിലാക്കുക.

click me!