നിങ്ങളുടെ കുട്ടികള്‍ എപ്പോഴും വീഡിയോ ഗെയിമിലാണോ?

By Web TeamFirst Published Oct 13, 2019, 3:05 PM IST
Highlights

വീട്ടിലെ ഒരു കാര്യങ്ങള്‍ക്കും അവനെ കിട്ടില്ല. ആരോടും മിണ്ടില്ല. ആരോടും സ്‌നേഹമായി സംസാരിക്കുകയോ, വീട്ടിലുള്ളവര്‍ക്കൊപ്പം അല്‍പനേരം ഇരിക്കുകയോ ഒന്നും ചെയ്യുന്നില്ല. മുഴുവന്‍ സമയവും മുറിയടച്ച് ഇരിപ്പാണ്. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ അപ്പോ തട്ടിക്കയറും... എന്നെല്ലാം അമ്മമാര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ?

കുട്ടികള്‍ ഇരുപത്തിനാല് മണിക്കൂറും വീഡിയോ ഗെയിമിലാണെന്ന് പരാതിപ്പെടുന്ന എത്രയോ അമ്മമാരെ നമ്മള്‍ കാണുന്നുണ്ട്. ഒരു പരിധിയിലധികം വീഡിയോ ഗെയിമുകളുടെ ലോകത്തിലേക്ക് കുട്ടികള്‍ പെട്ടുകഴിഞ്ഞാല്‍പ്പിന്നെ അവരെ അവിടെ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ തന്നെ വലിയ പാടാണ്. 

ശാരീരികമായും മാനസികമായി പല പ്രശ്‌നങ്ങളും ഈ വീഡിയോ ഗെയിം 'അഡിക്ഷന്‍' കുട്ടികളിലുണ്ടാക്കും. ഒന്നാമതായി, കായികമായി വിനോദങ്ങളിലേര്‍പ്പെടേണ്ട പ്രായത്തിലാണ് കുട്ടികള്‍ ഇത്തരത്തില്‍ അവരുടെ സമയം വീട്ടിനകത്ത് കുത്തിയിരുന്ന് ഗെയിമിന് വേണ്ടി ചിലവഴിക്കുന്നത്. 

ആരോഗ്യത്തെ വളരെ പ്രതികൂലമായാണ് ഇത് ബാധിക്കുക. ഭക്ഷണക്രമം ഇല്ലാതാവുക, ഉറക്കമില്ലായ്മ, പൊണ്ണത്തടി എന്നിങ്ങനെ പല അവസ്ഥകളിലേക്കും ക്രമേണ ഇത് കുട്ടകളെയെത്തിക്കും. ഇതിനെല്ലാം പുറമെ മാനസികമായ പല പ്രശ്‌നങ്ങളും വീഡിയോ ഗെയിമില്‍ മുഴുകുന്നതിലൂടെ കുട്ടികളിലുണ്ടാകും. 

വീട്ടിലെ ഒരു കാര്യങ്ങള്‍ക്കും അവനെ കിട്ടില്ല. ആരോടും മിണ്ടില്ല. ആരോടും സ്‌നേഹമായി സംസാരിക്കുകയോ, വീട്ടിലുള്ളവര്‍ക്കൊപ്പം അല്‍പനേരം ഇരിക്കുകയോ ഒന്നും ചെയ്യുന്നില്ല. മുഴുവന്‍ സമയവും മുറിയടച്ച് ഇരിപ്പാണ്. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ അപ്പോ തട്ടിക്കയറും... എന്നെല്ലാം അമ്മമാര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? 

ഇതെല്ലാം ഗെയിമില്‍ മുഴുകുമ്പോള്‍ കുട്ടികളിലുണ്ടായേക്കാവുന്ന മാനസികപ്രശ്‌നങ്ങളാകാന്‍ സാധ്യതയുണ്ട്. ധാരാളം 'വയലന്‍സ്' ഉള്‍പ്പെടുന്ന ഗ്രാഫിക്‌സുകളാണ് മിക്കവാറും ഗെയിമുകളിലുള്ളത്. ഇതുതന്നെ ആവര്‍ത്തിച്ച് കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളുടെ വൈകാരികാവസ്ഥകള്‍ മാറിമറിയുന്നു. എന്തിനോടും ഒരുതരം നിസംഗത വച്ചുപുലര്‍ത്തുന്ന മനോഭാവത്തിലേക്ക് പതിയെ അവരെത്തുന്നു. 

അതുപോലെ നിരന്തരം ഗെയിം കളിക്കുമ്പോള്‍ അതിന്റെ ത്രില്ലില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇത് ഹൃദയരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്‌യതയുണ്ട്. ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ ഒരുപിടി ഗൗരവമുള്ള പ്രശ്‌നങ്ങളാണ് കുട്ടികളില്‍ വീഡിയോ ഗെയിം 'അഡിക്ഷന്‍' ഉണ്ടാക്കുന്നത്. 

ഭാവിയില്‍ ജീവിതത്തോട് ഒരഭിനിവേശം ഉണ്ടാകാതിരിക്കാനും, കൃത്യമായ ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതാരിക്കാനോ, ആരുമായും വൈകാരിക അടുപ്പം ഇല്ലാതാരിക്കാനോ എല്ലാം ഇത് കാരണമാകും. എങ്ങനെയാണ് കുട്ടികളെ ഈ അവസ്ഥയില്‍ നിന്ന് തിരിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്കാവുക?

വീഡിയോ ഗെയിം 'അഡിക്ഷന്‍' പ്രതിരോധിക്കാം...

1. ഒരിക്കലും കുട്ടിയെ പൂര്‍ണ്ണമായും ഗെയിം കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കരുത്. പകരം അവര്‍ക്ക് ഗെയിമിനായി നിശ്ചിത സമയം നല്‍കുക. 

2. പരുക്കന്‍ ഭാവത്തിലോ സ്വരത്തിലോ അല്ല കുട്ടികളെ ഗെയിമില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത്. നിന്നെ ഞങ്ങള്‍ക്ക് ഇത്തിരി നേരം വേണം എന്ന് പറയുന്ന തരത്തില്‍ അവര്‍ക്ക് സ്‌നേഹം അനുഭവപ്പെടുന്ന തരത്തില്‍ സംസാരിക്കുക. 

3. കൂടുതല്‍ കായികവിനോദങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിപ്പിക്കാം. ഇതിന്, മാതാപിതാക്കള്‍ തന്നെ ഇറങ്ങിത്തിരിക്കുന്നതാണ് ഉത്തമം. വീട്ടുമുറ്റത്ത് ബാഡ്മിന്റണോ ക്രിക്കറ്റോ ഒക്കെ കളിച്ച് കുട്ടികളേയും ഇതിലേക്ക് പതിയെ വലിച്ചടുപ്പിക്കാം. 

4. കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം. അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കി, ഒരുമിച്ച് കഴിച്ചും സ്‌കൂളിലെ കൂട്ടുകാരുടെ വിശേഷം ചോദിച്ചും കൂട്ടുകാരെപ്പോലെ അവരോട് ഇടപഴകാന്‍ ശ്രമിക്കുക. 

5. ഉറങ്ങുന്നതിന് മുമ്പായി മൊബൈല്‍ ഫോണോ, ടാബോ ഒന്നും ഉപയോഗിക്കാന്‍ കൊടുക്കരുത്. അത് കര്‍ശനമായിത്തന്നെ വിലക്കണം. അത്രമാത്രം അപകടകരമായ ശീലമാണ് എന്നതിനാലാണ് എതിര്‍ക്കുന്നതെന്നും വ്യക്തമാക്കണം. 

click me!