
'എങ്ങനെയാണ് നിങ്ങളിത് കുടിക്കുന്നത്, എന്തൊരു മോശപ്പെട്ട രുചിയാണിതിന്..' മദ്യപിക്കുന്ന മിക്കവാറും പേരും എത്രയോ തവണ കേട്ടിട്ടുള്ള ചോദ്യമായിരിക്കും ഇത്. ശരിയല്ലേ? കഴിക്കുമ്പോള്‍ മടുപ്പിക്കുന്ന കയ്പുള്ള ഒരു പാനീയത്തെ എങ്ങനെയാണ് ഇഷ്ടപാനീയമായി ഒരാള്‍ കണക്കാക്കുന്നത്? ബിയറിന്റെ കാര്യത്തിലും അവസ്ഥയ്ക്ക് വ്യത്യാസമില്ല.
അതുപോലെ കടുപ്പത്തിലുള്ള കാപ്പി കുടിക്കുന്നവരെയും ശ്രദ്ധിച്ചിട്ടില്ലേ? കയ്പുകൊണ്ട് കുടിക്കാനാകാതെ, എങ്കിലും കഷ്ടപ്പെട്ട് കുടിക്കുന്നവര്‍. എന്തുകൊണ്ടായിരിക്കും രുചിയില്ലെങ്കിലും ഇവയെല്ലാം കഴിക്കാന്‍ ഇവര്‍ക്ക് താല്‍പര്യമുണ്ടാകുന്നത്!
നമ്മുടെ ശരീരത്തിലുള്ള ചിലയിനം ജീനുകളാണത്രേ നമ്മളെക്കൊണ്ട് ഇത്തരം 'കടുപ്പമുള്ള' തെരഞ്ഞെടുപ്പുകള്‍ നടത്തിക്കുന്നത്. അതായത് കഴിക്കാന്‍ രുചിയുണ്ടാകില്ലെന്ന് തലച്ചോര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കഴിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസികോല്ലാസം അടിപൊളിയാണെന്ന് തലച്ചോറിനെക്കൊണ്ട് ചിന്തിപ്പിക്കുന്നു- അങ്ങനെ രുചിയില്ലെങ്കിലും ചിലത് കഴിക്കാനായി തെരഞ്ഞെടുക്കുന്നു.
'ബിയറാണെങ്കിലും കാപ്പിയാണെങ്കിലും അതിന്റെ രുചിയല്ല, അതെങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്ന കാരണത്താലാണ് തെരഞ്ഞെടുപ്പുകളുണ്ടാകുന്നത്'- ഫെയ്‌ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസി.പ്രൊഫസര്‍ മാര്‍ലിന്‍ കോര്‍ണെയ്ല്‍സ് പറയുന്നു.
'ഹ്യൂമണ്‍ മോളിക്യൂലാര്‍ ജെനറ്റിക്‌സ്' എന്ന പ്രസിദ്ധീകരണത്തില്‍ ഇതുസംബന്ധിച്ച് നടന്ന പഠനത്തിന്റെ വിശദാംശങ്ങളും വന്നു. മധുരമുള്ളത് അഥവാ രുചിയുള്ളത്, കയ്പുള്ളത് എന്നിങ്ങനെ രണ്ടുതരത്തിലുള്ള പാനീയങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരു കൂട്ടം ആളുകള്‍ക്ക് അവസരം നല്‍കി. ഇവര്‍ എങ്ങനെയെല്ലാമാണ് പാനീയങ്ങള്‍ യഥേഷ്ടം തെരഞ്ഞെടുത്തത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഇത് മാത്രമല്ല, ജീനുകളെക്കുറിച്ചുള്ള പ്രത്യേകപഠനവും അവര്‍ ഇതോടൊപ്പം നടത്തി. രുചിയെ അടിസ്ഥാനപ്പെടുത്തി മദ്യപാനം എന്ന വിഷയത്തില്‍ ജീനുകളെ സംബന്ധിച്ച് ഒരു പഠനം നടക്കുന്നത് ഇത് ആദ്യമായാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam