'വർത്തമാന'ത്തിൽ മാത്രം ജീവിക്കുന്നവർ, 'റിട്രോഗ്രേഡ് അംനേഷ്യ' ബാധിതരുടെ വിചിത്രലോകത്തിലൂടെ

By Web TeamFirst Published Aug 8, 2019, 7:02 PM IST
Highlights

ഇത് നമ്മൾ കണ്ട പല സിനിമകളിലെയും ട്വിസ്റ്റാണ്. പരസ്പരം ചങ്കുപറിച്ചു സ്നേഹിച്ചിരുന്ന ഭാര്യാഭർത്താക്കന്മാരാണ് പത്മരാജന്റെ 'ഇന്നലെ'യിലെ മായയും നരേന്ദ്രനും ഒരു ബസ്സപകടം സമ്മാനിച്ച ട്രോമയിൽ അവർക്ക്   'റെട്രോഗ്രേഡ് അംനേഷ്യ'യെന്ന അപൂർവമായ അസുഖം ബാധിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ...

മറവി ഒരു അനുഗ്രഹമാണ് പലർക്കും പലപ്പോഴും. ജീവിതത്തിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ ദുരനുഭവങ്ങൾ വടുകെട്ടികിടക്കുന്ന മനസ്സിനെ, അതിലെ അസുഖകരമായ ഓർമകളെല്ലാം ഒഴിഞ്ഞുപോകും വിധം ഒന്ന് ഫ്ലഷ് ചെയ്തു തെളിച്ചെടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ അതിനായി ആശ്രമങ്ങളിൽ ധ്യാനമിരിക്കാൻ പോകും. ചിലർ ഹിമാലയത്തിലും മറ്റും ചെന്ന് ഏകാന്തജീവിതം നയിക്കും. എന്നാൽ, ആഗ്രഹിക്കാതെ പലർക്കും ഇത് അസുഖത്തിന്റെ രൂപത്തിൽ വന്നുപെടും. അവർ പെട്ടെന്നൊരു ദിവസം തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട പല സന്ദർഭങ്ങളും അങ്ങ് മറന്നുപോകും.  

സിനിമയിലെ റിട്രോഗ്രേഡ് അംനേഷ്യ  

ഇത് നമ്മൾ കണ്ട പല സിനിമകളിലെയും ട്വിസ്റ്റാണ്. പരസ്പരം ചങ്കുപറിച്ചു സ്നേഹിച്ചിരുന്ന ഭാര്യാഭർത്താക്കന്മാരാണ് പത്മരാജന്റെ 'ഇന്നലെ'യിലെ മായയും നരേന്ദ്രനും ഒരു ബസ്സപകടം സമ്മാനിച്ച ട്രോമയിൽ അവർക്ക്   റെട്രോഗ്രേഡ് അംനേഷ്യയെന്ന അപൂർവമായ അസുഖം ബാധിക്കുന്നു.  ആ അപകടം നടക്കുന്ന സമയത്തെയും അതിനു മുമ്പുള്ളതുമായ ഓർമ്മകളൊക്കെയും മായയ്ക്ക് നഷ്ടപ്പെടുന്നു. ആശുപത്രിയിൽ ഡോക്ടറുടെ മകനും ആശുപത്രി മാനേജരുമായ ശരത്തുമായി അടുക്കുന്ന മായയ്ക്ക് പിന്നീട് അമേരിക്കയിൽ നിന്നും തന്നെത്തേടിയെത്തിയ  നരേന്ദ്രനെപ്പോലും തിരിച്ചറിയാനാകുന്നില്ല. ഇന്നലെയിലെ വൈകാരികമായ മുഹൂർത്തങ്ങൾ അന്ന് പ്രേക്ഷകരെയും ഒരുപാട് പിരിമുറുക്കം അനുഭവിപ്പിച്ചു. 

അംനേഷ്യ ജീവിതത്തിൽ : ലോണി സ്യൂ ജോൺസൺ 

അത്തരത്തിൽ ഒരാളാണ് അമേരിക്കക്കാരിയായ ലോണി സ്യൂ ജോൺസണും. അറിയാതെ വന്നുപെട്ട ഹെർപിസ് സിംപ്ലെക്സ് അണുബാധയാണ് ലോണിയുടെ  തലച്ചോറിനെ ബാധിച്ച് ഒടുവിൽ അംനേഷ്യ എന്ന അവസ്ഥാവിശേഷത്തിലേക്ക് അവളെ  നയിച്ചത്. തലച്ചോറിന്റെ മീഡിയൽ ടെംപോറൽ ലോബിനെയാണ്  ഈ അസുഖംപിടികൂടുക. കൃത്യമായിപ്പറഞ്ഞാൽ ഹിപ്പോ കാമ്പസ് എന്ന ഭാഗത്തെ. അസുഖം പിടിപെടും മുമ്പ് ലോണി അറിയപ്പെടുന്ന ഒരു ഗ്രാഫിക് ആർട്ടിസ്റ്റായിരുന്നു. 'ദ ന്യൂയോർക്കർ' പോലുള്ള പല മാസികയുടെയും മുഖചിത്രങ്ങൾ അവളുടെ സൃഷ്ടികളായിരുന്നു. എന്നാൽ അസുഖം അവളുടെ ഹൈപ്പോ കാമ്പസിലെ പല കോശങ്ങളെയും മരവിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി അവിടെ ശേഖരിക്കപ്പെട്ടിരുന്ന പല മർമ്മപ്രധാനമായ ഓർമ്മകളും ലോണിക്ക് പിന്നീട് അപ്രാപ്യമായി. 

താൻ വിവാഹിതയാണ് എന്നത് അവൾ മറന്നുപോയി. താൻ ഏറെ സ്നേഹിച്ചിരുന്ന അച്ഛൻ ഇരുപതുവർഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞതാണ് എന്നതും അവൾ  മറന്നു. കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളായി താൻ താമസിച്ചുപോന്ന ന്യൂയോർക്കിലെ വില്ല ആശുപത്രി വീട്ടുചെന്നപ്പോൾ അവൾക്ക് ഏതോ അപരിചിതമായ വീടുപോലെ തോന്നി. അമ്മയെയും സഹോദരിമാരെയും അവൾക്ക് ശ്രമിച്ചശേഷം ഓർമ്മിച്ചെടുക്കാനായി. എന്നാൽ അവളുമായി  കൂടുതൽ അടുപ്പമുണ്ടായിരുന്ന, അവളുടെ  കുറേക്കൂടി  പുതിയ സുഹൃത്തുക്കൾക്ക് ആ  മനസ്സിലേക്ക് തിരിച്ചുവരാനുളള യോഗമുണ്ടായിരുന്നില്ല. 

അവളെ യഥാർത്ഥത്തിൽ സങ്കടപ്പെടുത്തിയത് അതൊന്നുമല്ലായിരുന്നു. ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദമുള്ള അവൾക്ക് വിശ്വപ്രസിദ്ധമായ പല സൃഷ്ടികളെയും പിന്നീട് തിരിച്ചറിയാനായില്ല. ആകെ തിരിച്ചറിഞ്ഞത് രണ്ടേരണ്ട്‍ പെയിന്റിങ്ങുകൾ മാത്രം. മൊണാലിസയും, അവസാനത്തെ അത്താഴവും. മറ്റെല്ലാം അവൾക്ക് അപരിചിതമെന്നു തോന്നി. ഒരു ചിത്രകാരി എന്നതിന് പുറമെ അവർ ഒരു വയലിനിസ്റ്റുകൂടി ആയിരുന്നു. വെസ്റ്റേൺ ക്‌ളാസിക്കൽ വയലിൻ ശാസ്ത്രീയമായി ഏറെക്കാലം അഭ്യസയച്ചിട്ടുള്ള ലോണി, ഈ അസുഖം വരും മുമ്പ് ഏതൊരു പീസും കേട്ടുതുടങ്ങി ഒന്നോ രണ്ടോ നിമിഷങ്ങൾക്കുള്ളിൽ അത് ഏത് മോഡാണെന്നും ഏത് ആർട്ടിസ്റ്റിന്റെയാണെന്നും ഏത് അവസരത്തിലാണ് പതിവായി വായിക്കാറെന്നുമുള്ള എല്ലാ വിവരങ്ങളും പറയാനുള്ള അപൂർവമായ സിദ്ധിയുണ്ടായിരുന്നു അവൾക്ക്. എന്നാൽ അസുഖം വന്നശേഷം ആ സിദ്ധി അവൾക്ക് നഷ്ടമായി. 

അവളുടെ അസുഖം ഒരു വിശേഷപ്പെട്ടയിനം ന്യൂറോളജിക്കൽ കണ്ടീഷൻ ആയിരുന്നു. ന്യൂറോസയന്റിസ്റ്റുകളുടെ സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ 'റിട്രോഗ്രേഡ് അംനേഷ്യ'. മലയാളത്തിൽ പറഞ്ഞാൽ ഓർമ്മകളിൽ ചിലത് നഷ്ടപ്പെടുക. അവളുടെ അവസ്ഥ ഏറെ മോശമായിരുന്നു.അവൾക്ക് റിട്രോഗ്രേഡ് അംനേഷ്യയ്ക്കൊപ്പം ആന്റെറോഗ്രേഡ്  അംനേഷ്യ എന്ന മറ്റൊരു അസുഖം കൂടി വന്നുപെട്ടിട്ടുണ്ടായിരുന്നു. അതായത് പുതിയ ഓർമ്മകൾ മനസ്സിൽ രൂപപ്പെടുത്താൻ കഴിയായ്ക. അവൾ അക്ഷരാർത്ഥത്തിൽ ജീവിച്ചിരുന്നത് വർത്തമാനത്തിൽ മാത്രമാണ്. അഞ്ചു നിമിഷം മുമ്പ് നടന്നതുപോലും ഓർത്തിരിക്കാൻ അവൾക്ക് ആവില്ലായിരുന്നു. എന്നാൽ തന്റെ അസുഖത്തിൽ നിന്നുപോലും അവർക്ക് ആനന്ദം കണ്ടെത്താനായി. അവർ ആ അസുഖത്തിന്റെ സാധ്യതകളെ അന്വേഷിച്ചു. വാക്കുകൾക്കുള്ളിൽ വാക്കുകളെ തേടിനടന്നു. കോമ്പോസിഷനുകളെ പുതുതായി പഠിച്ചെടുത്തത് വയലിനിൽ വായിച്ചെടുക്കാൻ നോക്കി. ചിത്രം വരച്ചു. അങ്ങനെ ആനന്ദവതിയായി, പൂർണ്ണാരോഗ്യവതിയായി അവർ കഴിഞ്ഞു. 

അംനേഷ്യ ജീവിതത്തിൽ : ഹെൻറി മൊളൈസൻ

എന്നാൽ  റെട്രോഗ്രേഡ് അംനേഷ്യ വന്നുപെട്ട അവസാനത്തെ രോഗിയല്ലായിരുന്നു ലോണി ജോൺസൺ. ന്യൂറോളജിയുടെ ചരിത്രത്തിൽ പേഷ്യന്റ് H.M. എന്നറിയപ്പെടുന്ന ഒരാളുണ്ടായിരുന്നു. മുഴുവൻ പേര് ഹെൻറി മൊളൈസൻ.1953  തന്റെ കടുത്ത അപസ്മാര രോഗത്തിന് ശമനമാഗ്രഹിച്ച് ഒരു പരീക്ഷണ ശസ്ത്രക്രിയയ്ക്ക് സമ്മതം മൂളിയതുമാത്രമേ ഹെൻറിക്ക് ഓർമയുള്ളൂ. ആ പരീക്ഷണം പാളി. ശസ്ത്രക്രിയക്കിടെ അദ്ദേഹത്തിന് ഹെർപിസ് സിംപ്ലെക്സ് അണുബാധയിൽ  നിന്നും ഫോക്കൽ എൻസഫലൈറ്റിസ് പിടിപെട്ടു. തൽഫലമായി അദ്ദേഹത്തിന്റെ തലച്ചോറിന്റെ ഇരുഭാഗങ്ങളിലെയും ഹിപ്പോ കാമ്പസിന് പരിക്കേറ്റു. അന്നത്തെക്കാലത്ത് ഹിപ്പോ കാമ്പസ് എന്ന ഭാഗം നിർവഹിക്കുന്ന കാര്യങ്ങളെപ്പറ്റിയൊന്നും കൃത്യമായ ധാരണ വൈദ്യശാസ്ത്രത്തിന് ഇല്ലായിരുന്നു. മൊളൈസൻ ഓപ്പറേഷൻ തിയേറ്റർ വിട്ടിറങ്ങിയതോടെ അത് ശാസ്ത്രത്തിന് വളരെ കൃത്യമായി ബോധ്യപ്പെട്ടു.  സ്പർശനം, ഗന്ധം, കാഴ്ച, കേൾവി തുടങ്ങിയ നമ്മുടെ അനുഭവങ്ങളെ ഓർമയായി അടയാളപ്പെടുത്തുന്ന പലതിനെപ്പറ്റിയും ഉള്ള ഓർമ്മകൾ തലച്ചോറിൽ പലയിടത്തായി രേഖപ്പെടുത്തപ്പെടുമെങ്കിലും ഇതിനെയെല്ലാം ഒരു നൂലിൽ കോർത്ത് കൃത്യമായ,പരസ്പര ബന്ധമുള്ള, ഒരു ഓർമയായി മനസ്സിൽ പുനഃസൃഷ്ടിക്കുന്നത് ഹൈപ്പോ കാമ്പസ് ആണ്. അതിനെയാണ് റിട്രോഗ്രേഡ് അംനേഷ്യ തളർത്തിക്കളയുന്നത്. അതുകൊണ്ടാണ് പല ഓർമകളും ആകെ കലങ്ങി, പ്രയോജനരഹിതമായി മാറുന്നത്.  അത് ഈ അസുഖം ബാധിച്ചവരെ വളരെ വിചിത്രമായി പെരുമാറാനും മറ്റും പ്രേരിപ്പിക്കും. ലോണി ജോൺസനെപ്പോലെ അദ്ദേഹത്തിനും വന്നു റിട്രോഗ്രേഡ് അമെൻഷ്യയ്‌ക്കൊപ്പം, ആന്റെറോഗ്രേഡ് അംനേഷ്യയും. 

നമ്മൾ ഒരു വാഹനം ഓടിക്കുന്നത്, അല്ലെങ്കിൽ ഒരു ഉപകരണം എടുത്തു പെരുമാറുന്നത്, അല്ലെങ്കിൽ ഒരു ചിത്രം വരക്കുന്നതോ, എന്തെങ്കിലും ഒരു സംഗീതോപകരണം വായിക്കുന്നതോ ഒക്കെ, മസിൽ മെമ്മറി എന്ന ഒരു കേന്ദ്രത്തെ ആശ്രയിച്ചാണ് ഇരിക്കുക. റിട്രോഗ്രേഡ് അംനേഷ്യ അതിനെ ബാധിക്കുന്നതേയില്ല. അത് ബാധിക്കുന്നത് ന്യൂറോളജിയിൽ 'പ്രൊസീജറൽ മെമ്മറി' എന്നുപറയുന്ന ഒന്നിനെയാണ്. അതും ഭൂതകാലവുമായി ബന്ധപ്പെട്ട ഇതിനകം നമ്മൾ സ്വരുക്കൂട്ടിക്കഴിഞ്ഞ ഓർമ്മകളെ. അതുകൊണ്ടാണ് ലോണി ജോൺസൺ എന്ന ചിത്രകാരിക്ക് അസുഖം ബാധിച്ച ശേഷവും  ചിത്രങ്ങൾ വരക്കാനും വയലിൻ വായിക്കാനുമൊക്കെ സാധിച്ചത്. എന്നാൽ, അതേ സമയം ഏറെ പ്രസിദ്ധരായ പലരുടെയും ചിത്രങ്ങളോ അല്ലെങ്കിൽ പ്രസിദ്ധമായ പല കോമ്പോസിഷനുകളോ ഒക്കെ ഓർമ്മയിൽ നിന്നും പാടേ മാഞ്ഞു പോയത്.  ഈ അസുഖത്തെപ്പറ്റിയും, തലച്ചോറിനെപ്പറ്റിത്തന്നെയുമുള്ള ഗവേഷണങ്ങളിൽ കാര്യമായ സഹായം ചെയ്യാൻ മൊളൈസൻ തയ്യാറായി. എല്ലാവിധ പരീക്ഷണങ്ങൾക്കും അദ്ദേഹം വളരെ ക്ഷമാപൂർവം സഹകരിച്ചു. അദ്ദേഹം വളരെ ശാന്തനായാണ് തന്റെ അസുഖത്തിനെ നേരിട്ടത്. 


അംനേഷ്യ ജീവിതത്തിൽ : ക്ളൈവ് വെയറിങ്ങ്

ന്യൂറോളജിയുടെ ഗവേഷണ ചരിത്രത്തിൽ അതിപ്രശസ്തനായ മൂന്നാമതൊരു റെട്രോഗ്രേഡ് + ആന്റെറോഗ്രേഡ്  അംനേഷ്യ രോഗി കൂടിയുണ്ട്. അദ്ദേഹത്തിന്റെ  പേര് ക്ളൈവ് വെയറിങ്ങ് എന്നായിരുന്നു. അദ്ദേഹത്തിന് ഈ അസുഖം വന്നുപെടുന്നത് 1985-ലാണ്. അത് റിട്രോഗ്രേഡ് ആന്റിറിട്രോഗ്രേഡ് അംനേഷ്യകൾ രണ്ടും ട്രിഗർ ചെയ്തു. ഇവിടെയും പ്രതി ഹെർപിസ് സിംപ്ലെക്സ് എന്ന അണുബാധ തന്നെ. അദ്ദേഹം ഒരു റേഡിയോ പ്രൊഡ്യൂസറും സംഗീതജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ കേസിൽ പക്ഷേ, ഈ അസുഖം വളരെ വ്യത്യസ്തമായ ലക്ഷണങ്ങളാണ് പ്രകടിപ്പിച്ചത്. അകാരണമായ ഭയം, ഏകാന്തത, സംഭ്രമം തുടങ്ങിയവയ്ക്ക് കാരണമായി. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് ഓർക്കാൻ പറ്റുമായിരുന്നില്ല. ഏതുനേരവും സുദീർഘമായ ഒരു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന മനോനിലയായിരുന്നു അദ്ദേഹത്തിന്. ഏതുനേരവും മനസ്സിനുള്ളിൽ ആകെ കുഴച്ചുമറിച്ചിൽ തോന്നുന്ന ഒരു അവസ്ഥ. 

ഒരേ അസുഖം, വെവ്വേറെ മാനസികാഘാതങ്ങൾ 

ഈ മൂന്ന് രോഗികളെയും  റിട്രോഗ്രേഡ്, ആന്റെറോഗ്രേഡ് അംനേഷ്യകൾ ബാധിച്ചിരുന്നു. മൂന്നിനും കാരണമായത് ഹെർപിസ്  സിംപ്ലെക്സ് വൈറസ് (HSV -2) അണുബാധ. അവർ മൂന്നുപേർക്കും ഈ അസുഖം സമ്മാനിച്ചതോ തികച്ചും വ്യത്യസ്തമായ മൂന്നു മനോനിലകളും. ലോണി ജോൺസണ് അത് ആനന്ദം നൽകിയപ്പോൾ, ഹെൻറി മൊളൈസന് അത് തികഞ്ഞ നിർമമതയോടെ നേരിടാനായി. ക്ളൈവ് വെയറിങ്ങിനാകട്ടെ അത് നൽകിയത് ആജീവനാന്തമുള്ള വിഭ്രമ-സംഭ്രമങ്ങളും. റിട്രോഗ്രേഡ് അംനേഷ്യ പഴയ ഓർമകളെ മായ്ച്ചുകളയുമ്പോൾ ആന്റെറോഗ്രേഡ് അംനേഷ്യ പുതിയത് രൂപപ്പെടാൻ അനുവദിക്കുന്നില്ല. അങ്ങനെ ക്ഷണിക്കാതെ കേറിവരുന്ന ഈ രണ്ടുവിധം അംനേഷ്യകളാൽ, മൂന്നുവ്യത്യസ്ത വൈകാരിക തലങ്ങളിൽ, വർത്തമാനകാലത്തിൽ  മാത്രം ജീവിക്കാൻ  നിർബന്ധിതരായവർ ഇങ്ങനെയും ചിലർ..! 

click me!