കഷണ്ടിയുള്ളവർക്ക് സെക്സ് ഡ്രൈവ് കൂടുതലാണോ? സത്യം ഇതാണ്

By Web TeamFirst Published Jun 6, 2020, 5:04 PM IST
Highlights

കഷണ്ടിയും ടെസ്റ്റോസ്റ്റിറോണും തമ്മിലുള്ള ബന്ധം പണ്ടുകാലം മുതൽക്കേ ആരോപിച്ചു വരുന്നതാണ്. എന്നാൽ, കാര്യങ്ങൾ അത്രക്ക് ലളിതമല്ല.

ബ്രൂസ് വില്ലിസ്, വിൻ ഡീസൽ, ജെയ്‌സൺ സാതാം - പുരുഷത്വത്തിന്റെ പ്രതീകമായ മൂന്നുപേരാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ത്രീ ഫാൻസുമുണ്ട് അവർക്ക്. ഇവർക്ക് തമ്മിൽ പൊതുവായി ഒരു കാര്യം കൂടിയുണ്ട്. മൂന്നുപേർക്കും നല്ല കഷണ്ടിയുണ്ട്. 

കഷണ്ടിയും ടെസ്റ്റോസ്റ്റിറോണും തമ്മിലുള്ള ബന്ധം പണ്ടുകാലം മുതൽക്കേ ആരോപിച്ചു വരുന്നതാണ്.  ഈ ഹോർമോൺ മനുഷ്യ ശരീരത്തിൽ അധികരിക്കുന്തോറും അവരുടെ കാമാസക്തി വർധിച്ചുവരും. കിടപ്പറയിലെ പ്രകടനത്തിനുള്ള മികവും അതിനെ ആശ്രയിച്ചിരിക്കും. മുടി പെട്ടെന്ന് കൊഴിയും, അത് കാലക്രമേണ കഷണ്ടിക്കും കാരണമാകും എന്നൊരു വിശ്വാസം പൊതുവെ നിലവിലുണ്ട്? അതിൽ എത്രമാത്രം സത്യമുണ്ട്. സത്യം പാടെ ഇല്ലെന്ന് പറഞ്ഞുകൂടാ, എന്നാൽ, കാര്യങ്ങൾ അത്രക്ക് ലളിതമല്ല. നേരനുപാതത്തിലുള്ള ഒരു ബന്ധമല്ല ടെസ്റ്റോസ്റ്റിറോണിനും കഷണ്ടിക്കും തമ്മിൽ ഉള്ളത്. 

ടെസ്റ്റോസ്റ്റിറോണും കഷണ്ടിയും തമ്മിലുള്ള ബന്ധത്തെ സ്ഥാപിച്ചെടുക്കാൻ വേണ്ടി 1960 -ൽ ഒരു പഠനം നടന്നിരുന്നു. യേൽ സ്വദേശിയായ ജെയിംസ് ബി ഹാമിൽട്ടൺ ആണ് അന്ന് മാനസികമായ കുഴപ്പങ്ങൾ കാരണം ഷണ്ഡീകരണത്തിന് വിധേയരാക്കപ്പെട്ട 21 ചെറുപ്പക്കാരിൽ ഏതാണ്ട് 18 വർഷത്തോളം നീണ്ട പഠനങ്ങൾ നടത്തിയത്. ഷണ്ഡീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ അവരിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്കാർക്കും തന്നെ പ്രായം ചെല്ലുന്തോറും കഷണ്ടിയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ, ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിച്ചുകൊണ്ട് സ്വാഭാവികമായ ലൈംഗിക ജീവിതം നയിച്ചിരുന്ന അവരുടെ സമപ്രായക്കാരായ യുവാക്കളിൽ നല്ലൊരു ഭാഗത്തിനും മുടികൊഴിച്ചിലും കഷണ്ടിയും ഒക്കെ ഉണ്ടാവുകയും ചെയ്തു. 

കഷണ്ടിയും പുരുഷത്വ ഹോർമോണുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആദ്യമായി സൂചിപ്പിച്ചത് ഹാമിൽട്ടൺ ആയിരുന്നില്ല. ഹിപ്പോക്രേറ്റസും, അരിസ്റ്റോട്ടിലും ഒക്കെ നൂറ്റാണ്ടുകൾക്കു മുമ്പേ അതേപ്പറ്റി പറഞ്ഞിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെ  കൂടിയ അളവുകൾ കഷണ്ടിക്ക് കാരണമാകും എന്നതായിരുന്നു ഹാമിൽട്ടൺ സ്ഥാപിക്കാൻ ശ്രമിച്ച തിയറി. എന്നാൽ, അത് പൂർണമായും ശരിയല്ല എന്ന് തുടർ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോൺ ഇല്ലാതിരുന്ന ആ യുവാക്കൾക്ക് കഷണ്ടി വന്നില്ല എന്നത് ശരിതന്നെ, പക്ഷെ, ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറഞ്ഞ അളവിൽ മാത്രം ശരീരത്തിൽ ഉള്ളവർക്കും കഷണ്ടി വരാതിരുന്നിട്ടില്ല എന്നതാണ് സത്യം.  കഷണ്ടിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളിൽ ഒന്നുമാത്രമാണ് ടെസ്റ്റോസ്റ്റിറോൺ. മറ്റൊരു പ്രധാനഘടകം പാരമ്പര്യമാണ്. ജനിതക പാരമ്പര്യം. കഷണ്ടിയുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്ന ഘടകം നിങ്ങളുടെ ജനിതകപാരമ്പര്യമാണ്. തലമുറകളായി കഷണ്ടിയുള്ള കുടുംബത്തിലെ ഇളമുറക്കാർക്കും കഷണ്ടി ഉണ്ടാകാനുള്ള സാധ്യത ഏറും എന്നർത്ഥം. 

എങ്ങനെയാണ് കഷണ്ടിക്ക് കാരണമാകുന്ന പ്രക്രിയ നടക്കുന്നത് എന്നത് സംബന്ധിച്ച പഠനങ്ങൾക്ക് ഇനിയും പൂർണത വരാനുണ്ട് എങ്കിലും, ഏറെക്കുറെ നടക്കുന്നത് ഇതാണ്. ടെസ്റ്റോസ്റ്റിറോൺ എന്ന ലൈംഗിക ഹോർമോണിന്റെ ഡിഹൈഡ്രോസ്റ്റീറോൺ എന്ന മറ്റൊരു വസ്തുവാക്കി മാറ്റുന്ന ഒരു എൻസൈം ആണ് കഷണ്ടിക്ക് പിന്നിൽ. ഈ വസ്തുവാണ് തലയിലെ രോമകൂപങ്ങൾ ചുരുങ്ങാനും മുടി കൊഴിയാനും കാരണമാകുന്നത്. അത് മുടിയുടെ കട്ടി കുറയാൻ കാരണമാകും. എന്തായാലും, കഷണ്ടിയും ടെസ്റ്റോസ്റ്റിറോണും തമ്മിലുള്ള ബന്ധം ഇനിയും പൂർണ്ണമായും മനസ്സിലാക്കി എടുക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഗവേഷണങ്ങൾ ഇന്നും തുടരുക തന്നെയാണ്. 

click me!