
ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം നിരവധി ദമ്പതികൾ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത(infertility). ഇങ്ങനെയുള്ള ദമ്പതികൾക്ക് ഏറെ ആശ്വാസം നൽകുന്നു ഒന്നാണ് ഐവിഎഫ് ചികിത്സ രീതി (ivf treatment). പ്രായം കൂടിയ ദമ്പതികൾ ആറ് മാസം വരെ ശ്രമിച്ചിട്ടും ആയില്ലെങ്കിൽ മാത്രമേ ഐവിഎഫ് ചികിത്സയെ കുറിച്ച് ചിന്തിക്കാൻ പാടുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്. ട്യൂബൽ പ്രശ്‌നമുള്ളവർ, പ്രായം കൂടിയ ദമ്പതികൾ, ബീജത്തിന്റെ എണ്ണം കുറവുള്ളവർ (sperm count) ഇങ്ങനെയുള്ളവരിലാണ് ഐവിഎഫ് ചികിത്സ പ്രധാനമായി ചെയ്യാറുള്ളത്.
മാനസികമായും ശാരീരികമായും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തേണ്ട ഘട്ടമാണ് ഐവിഎഫ് ചികിത്സ. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഡോക്ടർമാർ പറയാറുണ്ട്. ടെൻഷൻ കുറയ്ക്കുക, ശരീരഭാരം കുറയ്‌ക്കുക, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ഐവിഎഫ് ചികിത്സയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ബാംഗ്ലൂരിലെ നോവ ഐവിഎഫ് ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ. അപൂർവ സതീഷ് അമർനാഥ് പറയുന്നു. ഐവിഎഫ് ചികിത്സയ്ക്കിടെ എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ച് ഡോ. അപൂർവ പറയുന്നു.
കഴിക്കേണ്ടത്...
1.നാരുകൾ കൂടുതലുള്ള പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, ധാന്യങ്ങൾ എന്നിവ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയിലും ഇൻസുലിൻ അളവിലും ക്രമേണ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
2. സിങ്ക് കൂടുതലുള്ള ഭക്ഷണങ്ങൾ ഹോർമോൺ ബാലൻസിനെ സഹായിക്കുന്നു. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളിൽ ധാന്യങ്ങൾ, പരിപ്പ്, പാൽ ഉൽപന്നങ്ങൾ, മാംസം, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടുന്നു.
3. മറ്റ് വിറ്റാമിനുകളോടൊപ്പം, ഫോളിക് ആസിഡ് (ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9) കുട്ടിയുടെ തലച്ചോറിന്റെയും നാഡിയുടെയും ആരോഗ്യകരമായ വികാസത്തിന് സഹായിക്കുന്നു. ചീര, ബ്രൊക്കോളി, കടല എന്നിവയിൽ ഫോളിക് ആസിഡ് കൂടുതലായി കാണപ്പെടുന്നു.
4. ഗർഭാവസ്ഥയിൽ പ്രോട്ടീൻ പ്രധാനപ്പെട്ടൊരു പോഷകമാണ്. മത്സ്യം, പയറ്, കൊഴുപ്പ് കുറഞ്ഞ തൈര്, പാൽ, ചീസ്, പരിപ്പ് എന്നിവ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളാണ്.
ഒഴിവാക്കേണ്ടത്...
1. ചായയും കാപ്പിയും കഴിക്കുന്നത് പരിമിതപ്പെടുത്തുക. ഇവ അണ്ഡോത്പാദന പ്രശ്നങ്ങളിൽ ചെറിയ സ്വാധീനം ചെലുത്തുമെങ്കിലും നിർജ്ജലീകരണത്തിന് കാരണമാകും.
2. പഞ്ചസാര കഴിക്കുന്നത് പരിമിതപ്പെടുത്തുക. പഞ്ചസാരയുടെ അമിത ഉപയോഗം മൊത്തത്തിലുള്ള ഹോർമോൺ ബാലൻസിന്റെയും പ്രശ്നങ്ങൾക്ക് കാരണമാകും.
3.പ്രോസസ് ചെയ്ത മാംസങ്ങളായ സോസേജുകൾ, ബേക്കൺ, ഹോട്ട്ഡോഗുകൾ തുടങ്ങിയവ ഒഴിവാക്കുക. ഇത് ബീജോത്പാദനത്തെ തടസ്സപ്പെടുത്തുകയും ചലനശേഷി കുറഞ്ഞ ബീജത്തിന് കാരണമാവുകയും ചെയ്യും.
നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളിതാ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam