
ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആയി ആചരിച്ചു വരുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടൽ. മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാരം ആചരിച്ച് വരുന്നത്. കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിൽ മുലപ്പാൽ വഹിക്കുന്ന പങ്ക് നിർണായകമാണ്.
കുഞ്ഞിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും ഒപ്പം ബുദ്ധിവികാസത്തിനും പ്രധാന പങ്ക് വഹിക്കുന്നത് മുലപ്പാലാണ്. ഒരു കുഞ്ഞിന് ആവശ്യമായ ധാതുക്കൾ, ജീവകങ്ങൾ, അമിനോ ആസിഡുകൾ, കൂടാതെ രോഗപ്രതിരോധ ശക്തി പ്രദാനം ചെയ്യുന്ന ഇമ്യൂണോഗ്ലോബിനുകളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മുലയൂട്ടലിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
ഒന്ന്
മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് പകർച്ചവ്യാധികൾക്കെതിരായ ഉയർന്ന പ്രതിരോധം ലഭിക്കും. കാരണം മുലപ്പാലിൽ ആന്റിബോഡികളും അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ വികാസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
രണ്ട്
ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവ ചെറുക്കുന്നു. ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്മ, അർബുദം എന്നിവ പിന്നീട് ബാധിക്കാൻ സാധ്യത കുറവാണ്.
മൂന്ന്
ഗർഭകാലത്തുണ്ടായിരുന്ന മാനസികപ്രശ്നങ്ങളിൽ നിന്ന് അമ്മക്ക് മുക്തി ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. പ്രസവാനന്തരം ഗർഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തിൽ ചുരുങ്ങുന്നതിന് മുലയൂട്ടൽ സഹായിക്കും.
നാല്
സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ വരാതിരിക്കാൻ മുലയൂട്ടൽ സഹായിക്കുന്നു. കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഡമാകുന്നതിന് മുലയൂട്ടൽ അനിവാര്യമാണ്. പ്രസവശേഷം അമ്മയുടെ ശരീരഭാരം കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam