ക്രിയാത്മകമായ ആരോഗ്യപരിചരണം ശരീരത്തിനും മനസിനും ഒരു പോലെ; ഒക്യുപേഷണല്‍ തെറാപ്പിയെ കുറിച്ചറിയാം...

By Web TeamFirst Published Oct 27, 2020, 8:24 AM IST
Highlights

എല്ലാ വര്‍ഷവും ഒക്ടോബര്‍ 27 ആണ് ലോക ഒക്യുപേഷണല്‍ തെറാപ്പി ദിനമായി ആചരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഒക്യുപേഷണല്‍ തെറാപ്പിയെന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. അന്ന് യുദ്ധത്തില്‍ പരിക്കേറ്റവരെ അവരുടെ  ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ വീണ്ടും പ്രാപ്തരാക്കാന്‍ സ്വീകരിച്ചത് ഒക്യുപേഷണല്‍ തെറാപ്പിയായിരുന്നു. ക്രിയാത്മകമായ ആരോഗ്യപരിചരണ മേഖലയാണ് ഒക്യുപേഷണല്‍ തെറാപ്പി. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27 ആണ് ലോക ഒക്യുപേഷണല്‍ തെറാപ്പി ദിനമായി ആചരിക്കുന്നത്. 'റീഇമേജിന്‍ ഡൂയിംഗ്' എന്നതാണ് 2020ലെ ഒക്യുപേഷണല്‍ തെറാപ്പി ദിനത്തിന്റെ വിഷയം.

ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുള്ള വ്യക്തികളെ അവരുടെ പ്രവര്‍ത്തന മേഖലകളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ഒക്യുപേഷണല്‍ തെറാപിസ്റ്റുകള്‍ സഹായിക്കുന്നു. നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ സേവനം ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ അനവധിയാണ്. ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി പോലുള്ള പരിമിതികള്‍ മറികടന്ന് മുഖ്യധാരയിലേക്ക് കുട്ടികളെ എത്തിക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പിക്ക് വലിയ റോളുണ്ട്.

ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തിലെ ദിനചര്യകളെയാണ് ഒക്യുപേഷണല്‍ തെറാപ്പിയിലെ ''ഒക്യുപേഷന്‍'' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് അയാളുടെ ദിനചര്യകളാകാം, അയാളുടെ ജോലിയാകാം അതുമല്ലെങ്കില്‍ വിനോദമോ വിശ്രമമോ ആകാം. ശരീരം തളര്‍ന്നുപോകുന്നൊരാളുടെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം ചിന്താശേഷിയും വര്‍ധിപ്പിക്കാന്‍ ഒക്യുപേഷണ്‍ തെറാപ്പിയിലൂടെ സാധിക്കും. മനസിനെ നിയന്ത്രിച്ചുകൊണ്ടുള്ള വിവിധ വ്യായാമമുറകളാണ് ഒക്യുപേഷണല്‍ തെറാപ്പിയിലുള്ളത്. ആധുനിക ശാരീരിക ശാസ്ത്രത്തിനൊപ്പം മനഃശാസ്ത്രത്തിലും ഊന്നിയുള്ളതാണ് ഒക്യുപേഷണല്‍ തെറാപ്പിയുടെ പ്രവര്‍ത്തനം.

നവജാത ശിശുക്കള്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ പ്രായഭേദമന്യേ എല്ലാവരിലെയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വേണ്ടി ഒക്യുപേഷണല്‍ തെറാപ്പി പ്രവര്‍ത്തിക്കുന്നു. നവജാത ശിശുവിനെ സംബന്ധിച്ചിടത്തോളം മുലപ്പാല്‍ കുടിക്കുന്നതാണ് ആ കുഞ്ഞിന്റെ 'ഒക്യുപേഷന്‍'. എന്നാല്‍ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കോ, ശാരീരിക വൈകല്യങ്ങളോടെ പിറക്കുന്ന കുട്ടികള്‍ക്കോ തന്റെ 'തൊഴില്‍' ചെയ്യാന്‍ സാധിക്കാതെ വരാം. ആ സാഹചര്യത്തില്‍ ഒക്യുപേഷണല്‍ തെറാപ്പിയിലെ ഓറോമോട്ടര്‍ എക്‌സസൈസ് അഥവാ വായിലെ പേശികള്‍ക്ക് വേണ്ട വ്യായാമ മുറയിലൂടെയോ, മള്‍ട്ടിസെന്‍സറി സ്റ്റിമുലേഷന്‍(പഞ്ചേന്ദ്രീയങ്ങളുടെ ഉദ്ധീപനം) വഴിയോ ആ കുട്ടിയെ തന്റെ തൊഴിലില്‍ സ്വയംപര്യാപ്തനാക്കാന്‍ സഹായിക്കുന്നു.  

ഹൈപ്പര്‍ ആക്ടിവിറ്റി, ഓട്ടിസം, പഠനവൈകല്യം തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികളെ സെന്‍സറി ഇന്റഗ്രേഷന്‍ (പഞ്ചേന്ദ്രീയങ്ങളെ ഉദ്ധീപിപ്പിച്ചും, ഏകോപിപ്പിച്ചും ശരിയായ പ്രതികരണശേഷിയും പെരുമാറ്റ രീതിയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ചികിത്സാരീതി) വഴി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ഒക്യുപേഷണല്‍ തെറാപ്പിക്ക് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

 

പക്ഷാഘാതം മൂലമോ വാഹനാപകടത്തിലോ മറ്റോ തലച്ചോറിന് പരിക്കേറ്റ ഒരു വ്യക്തിയ്ക്ക് ചിലപ്പോള്‍ ചലനശേഷി, സംസാരശേഷി, ചിന്താശേഷി, അതുവരെ ചെയ്തിരുന്ന തൊഴില്‍ ചെയ്യാനുള്ള ശേഷി എന്നിവ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ പ്രവര്‍ത്തന രീതി വൈവിധ്യമാര്‍ന്നതാണ്. കൊഗ്നീറ്റീവ് റിഹാബിലിറ്റേഷന്‍(ബൗദ്ധിക പുനഃപരിശീലനം), ന്യൂറോ മോട്ടോര്‍ റിഹാബിലിറ്റേഷന്‍(കായികശേഷി പുനഃപരിശീലനം) എന്നീ പ്രവര്‍ത്തനരീതികളാണ് ഇവിടെ ചെയ്യുക. ശാരീരിക പ്രശ്‌നങ്ങള്‍ കൊണ്ടുള്ള ക്ഷീണവും അത് മനസിനെ ഡിപ്രഷനിലേക്കടക്കം തള്ളിവിടുന്നിടത്ത് ഒക്യുപേഷണല്‍ തെറാപ്പിക്ക് ചെയ്യാനുള്ളത് വലിയ റോളാണ്. അതുവരെ ചെയ്തിരുന്ന ജോലി പോലും ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് ക്രിയാത്മകമായ പ്രോത്സാഹനം നല്‍കി പഴയ ജീവിതം തിരികെ നല്‍കാന്‍ ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ സാധിക്കും.

വയോജനങ്ങളിലുണ്ടാകുന്ന ഓര്‍മ്മക്കുറവിന് കൊഗ്നിറ്റീവ് റിഹാബിലിറ്റേഷന്‍(ബൗദ്ധിക പുനഃപരിശീലനം), എന്‍വിയോണ്‍മെന്റല്‍ മോഡിഫിക്കേഷന്‍(പരിസ്ഥിതി ക്രമീകരണം), ഫാമിലി കൗണ്‍സിലിംഗ് എന്നീ ചികിത്സാരീതികളാണ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ നല്‍കാറുള്ളത്.

ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, പ്രോസ്തറ്റിക് ആന്റ് ഓര്‍ത്തോട്ടിക്‌സ് സ്‌പെഷ്യലിസ്റ്റ്, മനശാസ്ത്രജ്ഞന്‍, സോഷ്യല്‍ വര്‍ക്കര്‍, റിഹാബിലിറ്റേഷന്‍ നഴ്‌സ്, വൊക്കേഷണല്‍ കൗണ്‍സിലര്‍ എന്നിവരടങ്ങിയ ഒരു ടീമാണ് റിഹാബിലിറ്റേഷന്‍ പൊതുവെ നടപ്പാക്കാറുള്ളത്. രോഗിക്ക് വ്യക്തിഗതമായ ചികിത്സാ രീതികള്‍ തയ്യാറാക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് വലിയ പങ്കാണുള്ളത്. ഇന്ത്യയില്‍ ഗോദ്രജ് ഉള്‍പ്പെടെ 12ഓളം ഫര്‍ണീച്ചര്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നത് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളാണ്. ഓരോ പ്രായത്തിലുള്ളവരുടെയും ശരീരത്തിന് അനുയോജ്യമായ ഫര്‍ണീച്ചറുകളാണോ എന്നാണ് പരിശോധിക്കുക. മനുഷ്യന്റെ ശാരീരികാവസ്ഥകള്‍ക്ക് അനുയോജ്യമാണെന്ന് അവര്‍ വിധിയെഴുതിയാലേ അംഗീകാരം ലഭിക്കുകയുള്ളൂ.

നിലവില്‍ 76ഓളം രാജ്യങ്ങളിലാണ് ഒക്യുപേഷണല്‍ തെറാപ്പിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. അമേരിക്കയിലാണ് ഒക്യുപേഷണല്‍ തെറാപ്പിക്ക് തുടക്കം കുറിച്ചത്. ഇന്നും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ റോളെന്തെന്ന് അറിയാത്ത ആളുകള്‍ ധാരാളമാണ്. കൃത്യമായ അവബോധം ഒക്യുപേഷണല്‍ തെറാപ്പിയെ കുറിച്ചില്ല എന്നതു തന്നെയാണ് അതിന് പ്രധാന കാരണം. ഈ തൊഴില്‍മേഖലയെ കുറിച്ച് വേണ്ടത്ര അവബോധം സര്‍ക്കാര്‍ തലത്തിലുമില്ല. കേരളത്തില്‍ നാല് മെഡിക്കല്‍ കോളേജുകളില്‍ മാത്രമേ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുള്ളൂ.  മൂന്ന് സൈക്യാട്രിസ്റ്റ് സെന്ററുകളുള്ളതില്‍ തൃശൂരില്‍ മാത്രമാണ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമായിട്ടുള്ളത്. പ്രൈവറ്റ് സ്ഥാപനങ്ങളിലും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യയിലും വിദേശത്തം ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന് വലിയ തൊഴില്‍ സാധ്യതയാണുള്ളത്. ഇന്ത്യയില്‍ പല പ്രമുഖ നഗരങ്ങളിലും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ ദൗര്‍ലഭ്യമുണ്ട്. പ്ലസ്ടു ബയോജളിയാണ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദമെടുക്കാനുള്ള യോഗ്യത.

ഏത് പ്രതികൂല സാഹചര്യങ്ങളിലും ശാരീരിക, മാനസിക, വൈകാരിക വൈകല്യങ്ങളുള്ള വ്യക്തികളെ കാര്യക്ഷമയുള്ളവരാക്കി മാറ്റാന്‍ ഒക്യുപേഷണല്‍ തെറാപ്പിയിലൂടെ സാധിക്കും. ഈ കൊവിഡ് കാലത്തും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് ചെയ്യാന്‍ ഏറെയുണ്ടെന്ന് വ്യക്തമാക്കി തരുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്.


തയ്യാറാക്കിയത്:

ഡോ. ജോസഫ് സണ്ണി,
മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍

Also Read: ഇനി പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താം...
 


 

click me!