വിവാഹം കഴിഞ്ഞ എല്ലാവരുടെയും അടുത്ത ആഗ്രഹമാണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണമെന്നത്. അതുകൊണ്ടുതന്നെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യ കാര്യത്തില്‍ അത്രയധികം ഉത്കഠയും കാണും. മാതാപിതാക്കളെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒരു രോഗമാണ് ഓട്ടിസം.  ഓട്ടിസമുളള ഒരു കുട്ടി ജനിച്ചാല്‍ ഏറ്റവും കൂടുതല്‍ അതിന്‍റെ വിഷമം അനുഭവിക്കുന്നതും മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന മാനസിക വ്യതിയാനമാണ് ഓട്ടിസം എന്ന രോഗം. ആയിരത്തില്‍ രണ്ട് പേർക്കെങ്കിലും ഓട്ടിസം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

രക്തപരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താന്‍ കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂയോര്‍ക്കിലെ റെന്‍സെലാര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ നടത്തിയ പഠനത്തിൽ പറയുന്നത് രക്തപരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ 90 ശതമാനത്തോളം കണ്ടെത്താൻ കഴിയുമെന്നാണ്. 

ആദ്യത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത  18.7 ശതമാനമാണ്. ഗര്‍ഭിണിയുടെ ശരീരത്തിലെ മെറ്റബോളിക് പാത് വേകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നത് വഴിയാണ് ഈ പരിശോധനയിലൂടെ കുട്ടിക്ക് ഓട്ടിസം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടെത്തുന്നതെന്നും  പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ പറയുന്നു.

ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെ അമ്മമ്മാര്‍ രണ്ടാമതു ഗര്‍ഭിണികളായപ്പോള്‍ അവരിലും, ഓട്ടിസം ഇല്ലാത്ത കുട്ടികളുടെ അമ്മമാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.