ബുള്‍ബുള്‍ ഇനിയും പാടും; സ്വപ്നങ്ങള്‍ക്ക് പരിധിയില്ലാതെ! റിവ്യു

By Balu KGFirst Published Dec 13, 2018, 12:05 PM IST
Highlights

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച  ബുള്‍ബുള്‍ കാൻ സിംഗ് എന്ന ചിത്രത്തിന്റെ റിവ്യു. കെ ജി ബാലു എഴുതുന്നു.

ദേശീയ അവാര്‍ഡ് നേടിയ വില്ലേജ് റോക്ക് സ്റ്റാറിലൂടെ തന്റേതായ ഇടം ഇന്ത്യന്‍ സിനിമയില്‍ കണ്ടെത്തിയ റിമയുടെ രണ്ടാം സിനിമ ഏറെ ആകാംക്ഷകളോടെയാണ് സിനിമാ പ്രേക്ഷകര്‍ കാത്തിരുന്നത്. അസ്സാമിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മൂന്ന് കൌമാര പ്രായക്കാരിലൂടെ സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കുകയാണ് റിമാ ദാസ് തന്‍റെ രണ്ടാമത്തെ സിനിമയിലൂടെ.

പതിനഞ്ച് വയസുള്ള ബുള്‍ബുളും സുമനും ബോനിയും ചെറുപ്പം മുതലുള്ള കൂട്ടുകാരാണ്. ബുള്‍ബുളിന്‍റെയും ബോനിയുടെയും അടുത്ത കൂട്ടുകാരനായ സുമനെ മറ്റ് ആണ്‍കുട്ടികള്‍ കൂടെ കൂട്ടാറില്ല. പെണ്‍കുട്ടിയെന്ന അപഹാസം അവന് മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് നേരിടേണ്ടിവരുന്നു. ഇവരുടെ കൂട്ടുകെട്ട് ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. എന്നാല്‍ പിന്നീട് ഇതേ അധിക്ഷേപം അവന് നാട്ടുകാരില്‍ നിന്ന്  നേരിടേണ്ടിവരികയും ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നതോടെ സുമു ഏറെ തകരുന്നു. എന്നാല്‍ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടതില്ലെന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കുകയാണ് ബുള്‍ബുള്‍.

ബോനി ഒരു ആണ്‍സുഹൃത്തുമായി അടുക്കുന്നതിനിടെ ബുള്‍ബുളിനും ഒരു പ്രണായഭ്യര്‍ത്ഥന ലഭിക്കുന്നു. രണ്ട് പ്രണയത്തിനും ഇടയില്‍ സജീവമായി നില്‍ക്കുന്നത് സുമുവാണ്. ഒരിക്കല്‍ ഇവര്‍ അഞ്ച് പേരും യാത്ര പോകുന്നു. എന്നാല്‍ അവിടെയെത്തുന്ന യുവാക്കള്‍ കുട്ടികളെ അഴിഞ്ഞാട്ടക്കാരായി ചിത്രീകരിക്കുന്നു. അവര്‍  സംസ്കാരത്തെ തകര്‍ക്കുന്ന 'വലിയ' പാപം ചെയ്തുവെന്ന് ആരോപിച്ച് അവര്‍ കുട്ടികളെ അടിക്കുന്നു. സംസ്കാരത്തെ തകര്‍ത്ത കുട്ടികളുടെ വീഡിയോ എടുക്കുന്നു. ഈ പ്രശ്നം നാട്ടിലെ സംസാര വിഷയമാകുന്നു. ചാനലുകള്‍ വാര്‍ത്തകള്‍ക്കായി സ്കൂളിലേക്കെത്തുന്നു. സ്കൂളിന്‍റെ സംസ്കാരം കുട്ടികള്‍ തകര്‍ത്തതായും ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകാതിരിക്കണമെങ്കില്‍ ശിക്ഷിക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കിടയില്‍ നിന്നുണ്ടാകുന്നു. എന്നാല്‍ ഈ അധ്യാപകരെല്ലാം അത്ര വിശുദ്ധരല്ലെന്നും ചിത്രം കാണിക്കുന്നുണ്ട്.

ബുള്‍ബുളിന്‍റെ വീട്ടില്‍ സംസ്കാരത്തെ കുറിച്ചുള്ള സംസാരമുണ്ടാകുന്നു. കൃഷ്ണനും രാധയ്ക്കും ഉണ്ടായത് ആത്മീയമായ പ്രണയമാണെന്നും എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കൃഷ്ണരാധമാരുടെ ആത്മീയ പ്രണയത്തെ കുറിച്ചറിയില്ലെന്നും അവര്‍ക്ക് ശാരീരികമായ പ്രണയത്തെ കുറിച്ച് മാത്രമേ അറിയുകയുള്ളൂവെന്നും അത് സംസ്കാരത്തെ തകര്‍ക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ സ്ത്രീകളുടെ ഇടയില്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒടുക്കം അന്നന്നത്തെ പണിയെകുറിച്ചുള്ള ചിന്തയില്‍ അവരുടെ ആത്മീയ/ശാരീരിക പ്രണയ ചിന്തകള്‍ അവസാനിക്കുന്നു.

ഇതിനിടെ സമൂഹത്തിന്‍റെ സദാചാര പൊലീസിങ്ങ് ഉണ്ടാക്കിയ ആഘാതം താങ്ങാനാകാതെ ബോനി ആത്മഹത്യ ചെയ്യുന്നു. ബോനിയുടെ മരണം സുമത്തിനും ബുള്‍ബുളിനും വലിയ ഷോക്കായിരുന്നു. ഒരു നദിപോലെ ശാന്തമായി ഒഴുകിയിരുന്ന അവരുടെ സൗഹൃദം തകരുന്നു. ബോനി, തന്‍റെ കവിയായ കാമുകനെ ഉപേക്ഷിക്കുന്നു. സുമുമായി അവള്‍ അകലുന്നു. എന്നാല്‍ ബോനിയുടെ അമ്മയില്‍ അവള്‍ സമാധാനം കണ്ടെത്തുന്നു. സമൂഹം പറയുന്നത് കേട്ടല്ല നമ്മള്‍ ജീവിക്കേണ്ടതെന്നും അവനവന്‍റെ മനസിന് ഇഷ്‍ടപ്പെടും വിധമാണെന്നും ബോനിയുടെ അമ്മ ബുള്‍ബുളിനോട് പറയുന്നു. ആദ്യ ചിത്രമായ വില്ലേജ് റോക്സ്റ്റാഴ്സിലെ നായികയായ ധുനുവിനോടും അമ്മ ഇതേ കാര്യങ്ങള്‍ തന്നെ പറയുന്നുണ്ട്. പ്രമേയത്തുടര്‍ച്ചയല്ലെങ്കിലും വിശാലമായ സ്വപ്‍നങ്ങളിലേക്ക്  പെണ്‍കുട്ടികളെയും കൂടെകൂട്ടണമെന്ന് രണ്ടാമത്തെ ചിത്രത്തിലും അടിവരയിട്ട് ആവര്‍ത്തിക്കുകയാണ് റിമ ദാസ്.

 

സ്ത്രീ- പുരുഷ ബന്ധത്തെ മതിലുകൾക്കുള്ളിൽ നില നിർത്താനാണ് പൊതുബോധ ശ്രമം. എന്നാൽ ഇത്തരമിടങ്ങളിൽ കൂറേക്കൂടി വിശാലമായ കാഴ്ചകൾ നിലനിർത്തുന്ന 'വിശുദ്ധ' ഗ്രാമങ്ങളിലേക്ക് കടന്നുവരുന്ന കൃഷ്ണൻ- രാധ ആത്മീയ പ്രണയവും ബുൽബുലിന്റെ പിതാവിന്റെ  പന്നി വളർത്തലും സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളെ സിനിമയുമായി വിദഗ്ധമായി കോർത്തിണക്കുന്നുണ്ട്.

തന്‍റെ മുന്‍ ചിത്രത്തെ പോലെതന്നെ ബുള്‍ബുളിലും റിമാ ദാസാണ് സംവിധാനവും ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.. രണ്ടാമത്തെ ചിത്രമായ ബുള്‍ബുളും ആസ്വാദ്യകരമായ ഒരു ചലച്ചിത്ര അനുഭവമായി മാറ്റാൻ റിമ ദാസിന് കഴിഞ്ഞിട്ടുണ്ട്.

click me!