അകൊസ്റ്റയുടെ ജീവിതം, നൃത്തച്ചുവടുകളുടെ രാഷ്‍ട്രീയവും- റിവ്യു

By Sony R KFirst Published Dec 13, 2018, 2:28 AM IST
Highlights

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച യുലി എന്ന സിനിമയുടെ റിവ്യു. സോണി ആര്‍ കെ എഴുതുന്നു..

ജീവിച്ചിരിക്കുന്ന ക്യൂബക്കാരില്‍ ഏറ്റവും പ്രശസ്തനായ ബാലെ നര്‍ത്തകന്‍ കാര്‍ലോസ് അകൊസ്റ്റയുടെ ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണ് യുലി. അകൊസ്റ്റയുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു നൃത്താവിഷ്ക്കാരത്തിന്‍റെ റിഹേഴ്‍സലിന് വേണ്ടി അയാള്‍ എത്തുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. റിഹേഴ്‍സലും, യുലി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അകൊസ്റ്റയുടെ കുട്ടിക്കാലവും ഇടകലര്‍ത്തിയാണ് സിനിമ. കാര്‍ലോസ് അകൊസ്റ്റ ആരെന്നതിലുപരിയായി ഒരു ദേശത്തിന്റെയും വര്‍ഗത്തിന്റെയും ഭൂതകാലവും വളര്‍ച്ചയുടെ ഘട്ടവും അടയാളപ്പെടുത്താനും ശ്രമിക്കുന്നു, ഇസിയര്‍ ബൊലിയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യുലി.

ബാല്യത്തെക്കുറിച്ചും കൌമാരത്തെക്കുറിച്ചുമുള്ള അകൊസ്റ്റയുടെ ഓര്‍മ്മകളിലൂടെയാണ് സിനിമ മുന്നേറുന്നത്. ഫുട്ബോളര്‍ ആകാന്‍ കൊതിച്ച യുലിയെ അച്ഛന്‍ ബാലെ സ്കൂളില്‍ കൊണ്ടുചെന്നാക്കുന്നതും പിന്നെ അവിടെ നിന്ന് യുലി എന്ന കുട്ടി വളര്‍ന്നു ലണ്ടന്‍ ബാലെ ട്രൂപ്പിന്റെ പ്രധാന നര്‍ത്തകൻ ആകുന്ന കഥയും ഒരു ജീവചരിത്ര സിനിമയുടെ യാതൊരു ചടപ്പുമില്ലാതെ സംവിധായിക അവതരിപ്പിച്ചിരിക്കുന്നു.

മുരടനും അച്ചടക്കക്കാരനുമായ അച്ഛന്‍ പെഡ്രോയാണ് യുലിയെ നാഷണല്‍ ബാലെ സ്കൂളില്‍ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ക്കുന്നത്. പക്ഷേ, ഇറുക്കമേറിയ വസ്ത്രങ്ങള്‍ ധരിച്ചു ബാലെ ചെയ്യുന്നവരെ സ്വവര്‍ഗ്ഗാനുരാഗികളായി കണ്ടു കളിയാക്കുമെന്നുള്ള പേടിയാണ് യുലിക്ക്യ പെലെയെപ്പോലെ ഒരു കാല്‍പ്പന്തുകളിക്കാരന്‍ ആകാനാണ് താല്‍പര്യവും. നാഷണല്‍ സ്‍കൂളില്‍ ചേരാനുള്ള ഓഡിഷനില്‍ തനിക്ക് നൃത്തം ചെയ്യാൻ താല്‍ര്യമില്ല എന്ന് യുലി പറയുകയും ചെയ്യുന്നു. എന്നാല്‍ യൂലിയുടെ നൃത്തത്തിലുള്ള ജന്മസിദ്ധമായ വാസന കണ്ടെടുക്കുകയാണ് ചെറിയ എന്ന അധ്യാപിക. അവിടെ സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാനുള്ള അവസരം ഉണ്ടാക്കാൻ ചെറിയ ശ്രമിക്കുകയും ചെയ്യുന്നു.

അച്ഛനും അധ്യാപകനും അകൊസ്റ്റയുടെ നൃത്തത്തിലുള്ള ജന്മസിദ്ധമായ കഴിവിനെ ഒരു അനുഗ്രഹമായി കാണുമ്പോഴും കുഞ്ഞായ അകൊസ്റ്റയ്ക്ക് അതൊരു ഭാരമായിട്ടാണ് തോന്നിയത്. അച്ഛനും അമ്മയോടും ഒപ്പം ജീവിക്കാനും കൂട്ടുകാരോടൊപ്പം മൈക്കിള് ജാക്സനെ അനുകരിച്ചു നടക്കാനും ഫുട്ബോളര്‍ ആകാനും ഒക്കെയുള്ള ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്ന ഒന്നായിട്ടാണ് അകൊസ്റ്റ ഇതിനെ കണ്ടത്. അതുകൊണ്ടു തന്നെ സ്കൂളില്‍നിന്ന് ഓടിപ്പോകാനും ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കാനും ഒക്കെയായിരുന്നു അകൊസ്റ്റയുടെ ശ്രമം. പക്ഷേ ക്യൂബ കണ്ട മികച്ച ബാലെ നര്‍ത്തകനായി മാറുകയാണ് കാര്‍ലോസ് അകൊസ്റ്റ.

അടിമത്ത പാരമ്പര്യമുള്ള ക്യൂബന്‍നീഗ്രോ അസ്ഥിത്വം അകൊസ്റ്റയെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ നര്‍ത്തകൻ എന്ന നിലയില്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും തന്‍റെ മാതൃരാജ്യമായ ക്യൂബയെപ്പറ്റിയും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങളെപ്പറ്റിയും അകൊസ്റ്റ മറക്കുന്നില്ല. നാട്ടിലേക്ക് തിരിച്ചുവരണമെന്നും അവിടുത്തെ ദാരിദ്ര്യം മാറണം എന്നുമുള്ള ചിന്ത ആ കാലത്തെ മിക്ക ക്യൂബക്കാരെയും പോലെ അകൊസ്റ്റയിലും ദൃഢമായിരുന്നു. അത്തരത്തിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക വഴി ക്യൂബയുടെ ചെറുത്തുനില്‍പ്പിന്‍റെ രാഷ്‍ട്രീയം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട് സംവിധായക ഇസിയ‍‌ര്‍ ബോല്ലയെന്‍ ചിത്രത്തില്‍. അന്തര്‍ദേശീയ തലത്തില്‍ യൂലി പ്രശസ്തനാകുന്നത് കാണുമ്പോള്‍ അച്ഛൻ പെഡ്രോ സന്തോഷിക്കുന്നത് തന്‍റെ മകന്‍റെ നേട്ടമായി കണ്ടല്ല. മറിച്ച് ഒരു കറുത്തവര്‍ഗ്ഗക്കാരൻ ആ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നു എന്നതിലാണ്.

ഒടുവില്‍ അച്ഛന് അഭിമാനിക്കാനുള്ള പലതും നേടിയെടുത്തതിനു ശേഷം അകൊസ്റ്റ തന്റെ ജീവിതം ആസ്പദമാക്കിയുള്ള നൃത്താവിഷ്ക്കാരത്തിന് അരങ്ങൊരുക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. അകൊസ്റ്റയുടെ ജീവിതം പോലെ തന്നെ നൃത്തത്തിലൂടെ വികസിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. വര്‍ത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള വേര്‍തിരിവിനുള്ള ഒരു സങ്കേതമായും നൃത്തത്തെ ഉപയോഗിച്ചിട്ടുണ്ട്. അകൊസ്റ്റ പ്രശസ്തിയിലേക്ക് വരുന്ന കാലത്തെ ക്യൂബയുടെ അവസ്ഥ കാണിക്കാൻ പഴയ വിഷ്വലുകള്‍ കൈയടക്കത്തോടെയാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. അകൊസ്റ്റയുടെ ഉയര്‍ച്ചയുടെ കഥപറയുമ്പോഴും, അദ്ദേഹത്തിന്‍റെ വൈകാരിക ജീവിതത്തിന്‍റെ തലങ്ങള്‍ തന്മയത്തോടെ അവതരിപ്പിച്ചതും ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അമ്മയോടും സഹോദരിമാരോടുമുള്ള ബന്ധവും, വെറുപ്പാണ് എന്ന് വിളിച്ചുപറയുമ്പോഴും അച്ഛനോടുള്ള സ്നേഹവും, ടീച്ചറോടുള്ള ആദരവും ഒക്കെ കാണിക്കുന്ന ദൃശ്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. അകൊസ്റ്റയുടെ ജീവിതവും നൃത്തവും കൂടിക്കലര്‍ന്ന നല്ലൊരു സിനിമാനുഭാവമായി യുലിയെ നിലനിര്‍ത്താൻ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

click me!