ബാബ്റി മസ്ജിദ് പൊളിച്ചത് നിയമലംഘനം, തെറ്റ് തിരുത്തേണ്ടതാണ്: സുപ്രീംകോടതി

By Web TeamFirst Published Nov 9, 2019, 2:14 PM IST
Highlights

ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നടക്കാൻ പാടില്ലാത്തതായിരുന്നു ബാബ്റി മസ്ജിദിന്റെ തകർക്കൽ. മുസ്ലിങ്ങൾക്ക് നീതി ലഭിക്കാൻ കോടതിയുടെ ഇടപെടൽ കൂടിയേ തീരൂ - എന്നും സുപ്രീംകോടതിയുടെ വിധിപ്പകർപ്പിൽ.

ദില്ലി: പല കാലങ്ങളിലായി ബാബ്റി മസ്ജിദിന് നേരെയുണ്ടായ അക്രമങ്ങൾ കടുത്ത നിയമലംഘനമാണെന്ന് സുപ്രീംകോടതി. 1934-ൽ പള്ളിയുടെ ഒരു ഭാഗം പൊളിച്ച അക്രമവും, 1949-ൽ പള്ളിയെ അപമാനിക്കാൻ നടന്ന ശ്രമവും, അതിന് ശേഷം 1992-ൽ പള്ളി പൂർണമായും പൊളിച്ചതും നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് അബ്ദുൾനസീർ എന്നിവർ അംഗങ്ങളായ അഞ്ചംഗഭരണഘടനാ ബഞ്ചാണ് അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രവും, മറ്റൊരു സുപ്രധാനമായ ഭൂമിയിൽ മുസ്ലിംകൾക്ക് പള്ളിയും പണിയണമെന്ന് വിധിച്ചത്. അയോധ്യയിലെത്തന്നെ അഞ്ചേക്കർ ഭൂമി കേന്ദ്രസർക്കാരോ, യുപി സർക്കാരോ ഒരു ട്രസ്റ്റ് രൂപീകരിച്ച്, മുസ്ലിംകൾക്ക് കൈമാറണമെന്ന് നിർദേശിക്കവെ, കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെയായിരുന്നു:

''1949 ഡിസംബർ 22/23 ദിവസങ്ങളിൽ മുസ്ലിംകളെ, ആരാധന നടത്തുന്നതിൽ നിന്ന് തടഞ്ഞ്, അകത്ത് രാമവിഗ്രഹങ്ങൾ സ്ഥാപിച്ചിരുന്നു. അന്ന് മുസ്ലിംകളെ പുറത്താക്കിയത് തീർത്തും നിയമവിരുദ്ധമായ നടപടിയായിരുന്നു. പിന്നീട് സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ഒരു ഒബ്സർവറെ നിയോഗിച്ചു. ഇവിടെ ഹിന്ദു വിഗ്രഹങ്ങൾക്ക് ഒരു ചെറു ആരാധനാലയം സ്ഥാപിക്കാനും അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുമ്പോൾത്തന്നെ പൂർണമായും പള്ളി പൊളിക്കപ്പെട്ടു. ഒരു പൊതു ആരാധനാലയം പൊളിച്ചുകളയുന്ന നടപടിയായിരുന്നു ഇത്. 450 വർഷം മുമ്പെങ്കിലും സ്ഥാപിക്കപ്പെട്ട വലിയൊരു പള്ളി ഇല്ലാതാക്കി, മുസ്ലിംകൾക്ക് ആരാധന നടത്താനൊരു ഇടം ഇല്ലാതായി'' - കോടതിയുടെ വിധിപ്രസ്താവത്തിൽ പറയുന്നു.

''1992-ൽ പള്ളി പൊളിച്ചു, ആ മന്ദിരം പൂർണമായും തകർത്തു. നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ, കോടതി പുറപ്പെടുവിച്ച എല്ലാ ഉറപ്പുകളും ലംഘിച്ചുകൊണ്ടായിരുന്നു ഇത്. ഇതിനെ കടുത്ത നിയമലംഘനമായേ കാണാനാകൂ'', കോടതി നിരീക്ഷിക്കുന്നു. 

ആ തെറ്റ് തിരുത്താനായി ബഞ്ച്, ആർട്ടിക്കിൾ 142 ഉപയോഗിച്ച് ഇങ്ങനെ ഉത്തരവിടുന്നതായി വിധിപ്രസ്താവം പറയുന്നു:

''പ്രാർത്ഥിച്ചിരുന്ന പള്ളി ഇല്ലാതായ, മുസ്ലിംകൾക്ക് വേണ്ടി കോടതി ഇടപെട്ടേ തീരൂ. ഒരു മതേതര രാജ്യത്തിന് ചേരുന്നതായിരുന്നില്ല ബാബ്റി പള്ളി പൊളിക്കൽ. ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ മതങ്ങളും ഒരു പോലെയാണ്. സഹിഷ്ണുതയും പരസ്പരസഹവർത്തിത്വവും രാജ്യത്തിന്റെ മതേതരത്വത്തിന് അത്യന്താപേക്ഷിതമാണ്'', എന്ന് കോടതി.

അയോധ്യ നഗരത്തിനുള്ളിൽത്തന്നെ, സുന്നി വഖഫ് ബോർഡിന് കേന്ദ്രസർക്കാരോ യുപി സർക്കാരോ ചേർന്ന്, ഭൂമി കണ്ടെത്തി നൽകണമെന്ന് പറയുമ്പോൾ വിധിപ്പകർപ്പിലിങ്ങനെ പറയുന്നു:

''കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് എപ്പോൾ ഭൂമി കൈമാറുന്നോ, അപ്പോൾത്തന്നെ, സുന്നി വഖഫ് ബോർഡിന് പള്ളി പണിയാനുള്ള ഭൂമിയും കൈമാറണം'', എന്ന് സുപ്രീംകോടതി. 

click me!