'ബാബറി മസ്ജിദ് തകർത്തതിലെ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു', ജ. ലിബറാൻ

By Web TeamFirst Published Sep 30, 2020, 2:31 PM IST
Highlights

സംഘപരിവാറിന് വലിയ രാഷ്ട്രീയനേട്ടമാണ് ലഖ്‍നൗ കോടതിയുടെ വിധി. ബാബ്റി മസ്ജിദ് പൊളിച്ച കേസിൽ എപ്പോഴും സംഘപരിവാറിനെതിരെ ഉയരുന്ന വലിയ രാഷ്ട്രീയായുധമായിരുന്നു ജസ്റ്റിസ് ലിബറാൻ കമ്മീഷൻ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് വരാൻ 17 വർഷം വൈകിയെങ്കിലും. 

ദില്ലി: 'ഒരു തള്ള് കൂടി കൊടുക്കൂ, ബാബ്റി മസ്ജി‍ദ് പൊളിച്ചുനീക്കൂ', (ഏക് ഥക്കാ ഓർ ദോ, ബാബ്റി മസ്ജിദ് തോഡ് ദോ) എന്നതായിരുന്നു 1992 ഡിസംബർ 6-ന് അയോധ്യയിൽ ഉറക്കെ ഉയർന്ന മുദ്രാവാക്യം. പള്ളി പൊളിച്ചതിന് പത്ത് ദിവസത്തിന് ശേഷം, അന്ന് ഉത്തർപ്രദേശിൽ അധികാരത്തിലുണ്ടായിരുന്ന കല്യാൺ സിംഗ് സർക്കാർ ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബറാന്‍ എന്ന ന്യായാധിപനെ ഇക്കാര്യം അന്വേഷിക്കാനായി നിയോഗിച്ചു. അന്ന് പ‍ഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് എം എസ് ലിബറാൻ. 17 വർഷത്തിന് ശേഷം സംഭവത്തിൽ അന്വേഷണറിപ്പോർട്ട് നൽകിയ ലിബറാൻ, സംഘപരിവാർ, ബിജെപി നേതാക്കൾക്കെതിരെയും കല്യാൺ സിംഗ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും ശക്തമായ വിമർശനവും കണ്ടെത്തലുകളുമാണ് ഉന്നയിച്ചത്. ഇന്ന് ബാബ്റി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ലഖ്നൗ പ്രത്യേകകോടതി വിധി പറയുമ്പോൾ, അന്നത്തെ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജസ്റ്റിസ് ലിബറാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനസർക്കാരിലെ മന്ത്രിമാരടക്കമുള്ളവരുടെയും സംഘപരിവാർ നേതാക്കളുടെയും പരോക്ഷമായ പിന്തുണയോ സഹകരണമോ ബാബ്റി മസ്ജിദ് പൊളിക്കലിൽ ഉണ്ടായിരുന്നുവെന്നാണ് ജസ്റ്റിസ് ലിബറാൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നാണ് ലിബറാൻ പ്രതികരിച്ചത്. സിബിഐ കോടതി വിധിക്കെതിരെ നിലവിൽ ഒന്നും പറയുന്നില്ല. വിധിപ്രസ്താവം വരേണ്ടതുണ്ട്. അത് വിശദമായി വാദിച്ച ശേഷം പ്രതികരിക്കാമെന്നും ജസ്റ്റിസ് ലിബറാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ കാലം നീണ്ട അന്വേഷണമായിരുന്നു ജസ്റ്റിസ് ലിബറാൻ കമ്മീഷന്‍റേത്. 48 തവണയാണ് ജസ്റ്റിസ് ലിബറാൻ കമ്മീഷന് കാലാവധി നീട്ടിക്കിട്ടിയത്. ഒടുവിൽ 2009 ജൂൺ 30-നാണ് പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജസ്റ്റിസ് ലിബറാൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. 

സംഘപരിവാറിന് വലിയ രാഷ്ട്രീയനേട്ടമാണ് ലഖ്‍നൗ കോടതിയുടെ വിധി. ബാബ്റി മസ്ജിദ് പൊളിച്ച കേസിൽ എപ്പോഴും സംഘപരിവാറിനെതിരെ ഉയരുന്ന വലിയ രാഷ്ട്രീയായുധമായിരുന്നു ജസ്റ്റിസ് ലിബറാൻ കമ്മീഷൻ റിപ്പോർട്ട്. അതിനി ഇല്ല. സിബിഐയ്ക്കും കേസിൽ കക്ഷികളായ മുസ്ലിം വ്യക്തി നിയമബോർഡ് അടക്കമുള്ളവർക്കും മേൽക്കോടതിയെ സമീപിക്കാമെങ്കിലും, ബാബ്റി മസ്ജിദ് തകർത്തതിന് പിന്നാലെ തുടങ്ങിയ ഇന്ത്യയുടെ രാഷ്ട്രീയകാലത്തിലെ ഒരധ്യായം അവസാനിക്കുകയാണ്.

click me!