ദില്ലി കലാപക്കേസിൽ 17,000 പേജുള്ള പുതിയ കുറ്റപത്രം, പ്രതികൾ 15 സിഎഎ വിരുദ്ധസമരക്കാർ

Published : Sep 16, 2020, 09:33 PM IST
ദില്ലി കലാപക്കേസിൽ 17,000 പേജുള്ള പുതിയ കുറ്റപത്രം, പ്രതികൾ 15 സിഎഎ വിരുദ്ധസമരക്കാർ

Synopsis

ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ വർഗീയകലാപം ദില്ലിയിലെ തെരുവുകളിൽ അരങ്ങേറിയത്. മൂന്ന് പതിറ്റാണ്ടിനിടെ, ദില്ലി കണ്ട ഏറ്റവും അക്രമം നിറഞ്ഞ നാളുകളായിരുന്നു അത്. നിരവധി വീടുകൾ തീ വച്ച് നശിപ്പിക്കപ്പെട്ടു. ഔദ്യോഗിക കണക്കിൽ 53 പേർ കൊല്ലപ്പെട്ടു.

ദില്ലി: ഫെബ്രുവരിയിൽ ദില്ലിയെ നടുക്കിയ വർഗീയകലാപത്തിൽ പൊലീസ് പുതിയ കുറ്റപത്രം സമർപ്പിച്ചു. മുൻ ആം ആദ്മി പാർട്ടി കൗൺസിലർ അടക്കം 15 സിഎഎ വിരുദ്ധസമരക്കാർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് പുതിയ കുറ്റപത്രം. വലിയ പെട്ടിയിലാക്കി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് 17,500-ഓളം പേജുകളുണ്ട്. 

ഇതുവരെ അറസ്റ്റിലായ 21 പേരിൽ 15 പേരുടെ പേരാണ് ഈ കുറ്റപത്രത്തിലുള്ളത്. സിഎഎ വിരുദ്ധ സമരസമിതിയിലുണ്ടായിരുന്നവർ അടക്കം പ്രതിപ്പട്ടികയിലുണ്ട്. സിഎഎ അനുകൂലസമരം നടത്തിയ ആരും നിലവിൽ പ്രതിപ്പട്ടികയിലില്ല. ഒന്നാം പ്രതിയായി കുറ്റപത്രത്തിലുൾപ്പെടുത്തിയിരിക്കുന്നത് മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെയാണ്. മറ്റ് പ്രതികളുടെ പേരുകൾ പ്രതികളായി ചേർത്ത ക്രമത്തിൽ ഇങ്ങനെയാണ്:

2) മുഹമ്മദ് പർവേസ് അഹമ്മദ് (പോപ്പുലർ ഫ്രണ്ട് ദില്ലി സംസ്ഥാന പ്രസിഡന്‍റ്) 3) മുഹമ്മദ് ഇല്യാസ് (പോപ്പുലർ ഫ്രണ്ട് ദില്ലി സംസ്ഥാന സെക്രട്ടറി) 4) സൈഫി ഖാലിദ് (United Against Hate - എന്ന സംഘടനാപ്രതിനിധി, സാമൂഹ്യപ്രവർത്തകൻ), 5) ഇസ്രത് ജഹാൻ (മുൻ കോൺഗ്രസ് കൗൺസിലർ), 6) മീരാൻ ഹൈദർ (ജാമിയ വിദ്യാർത്ഥി) 7) സഫൂറ സർഗാർ (ജാമിയ വിദ്യാർത്ഥി), 8) ആസിഫ് ഇഖ്ബാൽ തൻഹ (ജാമിയ വിദ്യാർത്ഥി), 9) ഷദാബ് അഹമ്മദ് 10) നതാഷ നർവാൾ (പിഞ്ച്‍രാ തോഡ് എന്ന സന്നദ്ധസംഘടനാ പ്രവർത്തക, വിദ്യാർത്ഥി) 11) ദേവാംഗന കലിത (പിഞ്ച്‍രാ തോഡ് സ്ഥാപക) 12) തസ്ലിം അഹമ്മദ് റഹ്മാനി (എസ്‍ഡിപിഐ നേതാവ്) 13) സലീം മാലിക് 14) മുഹമ്മദ് സലിം ഖാൻ, 15) അത്തർ ഖാൻ.

ഇവർക്കെല്ലാം എതിരെ ചുമത്തിയിരിക്കുന്നത് യുഎപിഎ, ഐപിസി, ആർമ്സ് ആക്ട് അടക്കമുള്ള വകുപ്പുകളാണ്. വാട്‍സാപ്പ് ചാറ്റുകളും കോൾ റെക്കോഡുകളുടെയും അടിസ്ഥാനത്തിലാണ് പ്രധാനമായും തെളിവുകൾ ശേഖരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഓരോ പ്രതിഷേധപ്രദേശത്തിനും ഓരോന്ന് എന്ന രീതിയിൽ 25 വാട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഒമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അടക്കം ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്കായി പ്രത്യേക കുറ്റപത്രം തയ്യാറാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം ചോദ്യം ചെയ്യലുൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂ‍ർത്തിയാകാനുണ്ട്. അതിന് ശേഷം ഇവരെക്കൂടി ചേർത്ത് കുറ്റപത്രം തയ്യാറാക്കുമെന്ന് പൊലീസ്. 

കട്‍കട്ദൂമ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2692 പേജുകൾ പ്രതികൾ നടത്തി എന്ന് പറയപ്പെടുന്ന വിശാലമായ ഗൂഢാലോചനയെക്കുറിച്ച് പറയുന്നതാണ്. ബാക്കിയുള്ളവ അനക്‍ഷറുകളാണ്. 

ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ വർഗീയകലാപം ദില്ലിയിലെ തെരുവുകളിൽ അരങ്ങേറിയത്. മൂന്ന് പതിറ്റാണ്ടിനിടെ, ദില്ലി കണ്ട ഏറ്റവും അക്രമം നിറഞ്ഞ നാളുകളായിരുന്നു അത്. നിരവധി വീടുകൾ തീ വച്ച് നശിപ്പിക്കപ്പെട്ടു. ഔദ്യോഗിക കണക്കിൽ 53 പേർ കൊല്ലപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പൊലീസ് കുറ്റപത്രത്തിൽ പങ്കുവയ്ക്കുന്നു. 16,500 പിസിആർ കോളുകളാണ് ആ സമയത്ത് ദില്ലി പൊലീസിന് ലഭിച്ചത്. 751 കേസുകൾ ഇതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്യപ്പെട്ടു. ഇതിൽ 59 കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള കേസ്, പ്രത്യേക സെൽ അന്വേഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആ അന്വേഷണ സെൽ ആണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് നൽകാനുള്ള അവസാനദിവസം സെപ്റ്റംബർ 17 വ്യാഴാഴ്ചയായിരുന്നു. 195 ദിവസം നീണ്ട അന്വേഷണത്തിൽ 747 സാക്ഷികളെ ചോദ്യം ചെയ്തെന്ന് പൊലീസ് അവകാശപ്പെടുന്നു. 12 പിസ്റ്റളുകളും, 121 ഒഴിഞ്ഞ കാറ്റ്‍റിഡ്ജുകളും, 92 ലൈവ് കാറ്റ്‍റിഡ്‍ജുകളും, കെമിക്കലുകൾ നിറച്ച 61 ഗ്ലാസ് ബോട്ടിലുകളും, മൂർച്ചയേറിയ ആയുധങ്ങളും പല ഇടങ്ങളിൽ നിന്നായി കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്തെന്ന് പൊലീസ് കുറ്റപത്രത്തിൽ അവകാശപ്പെടുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 75 ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തെന്നും കുറ്റപത്രത്തിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ