Latest Videos

ആയുധങ്ങളായി ഡ്രോണുകള്‍; ഇന്ത്യ നേരിടുന്നത് പുതിയ വെല്ലുവിളി

By Web TeamFirst Published Jul 3, 2021, 7:24 PM IST
Highlights

കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണം, മുമ്പത്തെ ഉറി, പുല്‍വാമ ആക്രമണങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കത്തക്കവണ്ണമുള്ള ഒരു സംഭവമായി പരിഗണിക്കാമോ എന്നതാണ് ചോദ്യം. ഉറി, പുല്‍വാമ ആക്രമണങ്ങളില്‍ വലിയ രീതിയില്‍ ആള്‍നാശം സംഭവിക്കുകയും രാഷ്ട്രത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്നതായിരുന്നു.
 

റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈന്‍ എഴുതിയ ലേഖനം

മ്മു കശ്മീര്‍ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണം യഥാര്‍ത്ഥത്തില്‍ അപ്രതീക്ഷിതമായ ഒന്നല്ല. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടം എപ്പോഴൊക്കെ മുന്‍കൈ എടുത്തിട്ടുണ്ടോ അപ്പോഴെല്ലാം അതിനെ തളര്‍ത്തുന്ന രീതിയില്‍ അപ്രതീക്ഷിതമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയത്തിലും സൈനികതലത്തിലും ഒരു ട്രെന്‍ഡ്‌സെറ്ററുകളായോ സ്ഥിതിഗതികള്‍ മാറ്റിമറിക്കുന്നതോ ആയ ഘടകമായി മാറുകയും ചെയ്യുന്നു. 

ഇതിന് മുമ്പും ഇത്തരം ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ നിരവധിയാണ്. 1999ലെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരിത്രപ്രസിദ്ധമായ  ലാഹോര്‍ സന്ദര്‍ശനം അവസാനിച്ചത് കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തോടെയാണ്.  ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനൗദ്യോഗിക ശ്രമങ്ങളുടെ ഭാഗമായി 2015 ഡിസംബറില്‍ അദ്ദേഹം ലാഹോറിലെ നവാസ് ശരീഫിന്റെ കുടുംബ വീട്ടിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഒരാഴ്ച പിന്നാലെ പത്താന്‍കോട്ടിലെ സൈനികകേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. പിന്നീട് 2017-18 കാലയളവില്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ ആള്‍ ഔട്ട് എന്ന ക്യാമ്പയിന് പിന്നാലെയാണ് പുല്‍വാമയില്‍ 40 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണുണ്ടായത്.  ഇതിന്റെയെല്ലാം പിന്നില്‍ ഭീകരവാദ ശക്തികളുടെ പ്രസക്തി എത്രത്തോളമാണെന്ന സന്ദേശം രാജ്യത്തിന് നല്‍കുക എന്നത് മാത്രമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരിലെ 14 മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വിളിച്ചു ചേര്‍ത്ത് രണ്ടര വര്‍ഷമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിക്കാനും പരിഹാരങ്ങള്‍ തേടാനും കേന്ദ്രസര്‍ക്കാര്‍ നേതൃത്വം ശ്രമിച്ചത്. ഈ പോസിറ്റീവ് രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നു.  


നിലവിലെ പശ്ചാത്തലത്തില്‍, ജമ്മു കശ്മീര്‍ സംബന്ധിച്ച ഇന്ത്യന്‍ തീരുമാനത്തെ എതിര്‍ക്കുന്നവരില്‍ അത്തരമൊരു 'പ്രതീക്ഷ' ഉണ്ടായിരിക്കാം. ഇന്ത്യ കൈക്കൊണ്ട ഭരണഘടനാ തീരുമാനങ്ങള്‍ക്ക് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ വിഘടനവാദികളുടെയും ഭീകരവാദികളുടെയും പാകിസ്ഥാന്‍  ഡീപ് സ്റ്റേറ്റിന്റെയും  ജമ്മുകശ്മീരിന് മുകളിലുണ്ടായിരുന്ന അപകടകരമായ സ്വാധീനം തകര്‍ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനായി എന്നതാണ് വാസ്തവം. കശ്മീരിലെ രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ നിരന്തരമായ നടപടികളിലൂടെയും അന്താരാഷ്ട്ര അഭിപ്രായ സമന്വയം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയെടുക്കുന്നതിനുമുള്ള വിജയകരമായ ശ്രമങ്ങളിലൂടെയും മറ്റ് ശക്തികള്‍ കശ്മീര്‍ അന്യമാണെന്ന് തെളിയിക്കാന്‍ സര്‍ക്കാറിനായി. 

കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണം, മുമ്പത്തെ ഉറി, പുല്‍വാമ ആക്രമണങ്ങളെ അപേക്ഷിച്ച് ജമ്മുകശ്മീരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കത്തക്കവണ്ണമുള്ള ഒരു സംഭവമായി പരിഗണിക്കാമോ എന്നതാണ് ചോദ്യം. ഉറി, പുല്‍വാമ ആക്രമണങ്ങളില്‍ വലിയ രീതിയില്‍ ആള്‍നാശം സംഭവിക്കുകയും രാഷ്ട്രത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്നതായിരുന്നു. രണ്ട് സംഭവങ്ങളും യുദ്ധം നടത്താനും തുടരാനുമുള്ള ഭീകരവാദ ശക്തികളുടെ ശേഷി പ്രകടിപ്പിക്കാനുള്ള സന്ദേശമായിരുന്നു. 1990കളില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ വിജയകരമായ പ്രത്യാക്രമണങ്ങള്‍ക്ക് ശേഷം ഭീകരവാദികള്‍  ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ചാവേര്‍ ആക്രമണമെന്ന തന്ത്രമാണ് സ്വീകരിച്ചത്. 


ഭീകരവാദികളുടെ ചാവേര്‍ ആക്രമണ തന്ത്രം സൈനിക ക്യാമ്പുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് സൈന്യത്തെ നിര്‍ബന്ധിതമാക്കി. ബില്ലറ്റുകള്‍, ക്യാമ്പുകള്‍ എന്നിവയുടെ സുരക്ഷക്കായി ആനുപാതികത്തിലധികമായി സൈനികരെ സജ്ജീകരിക്കേണ്ടി വന്നു. സൈന്യത്തിനിടയില്‍ ഇത് അസ്വസ്ഥത സൃഷ്ടിച്ചു. ഏകദേശം അഞ്ചുവര്‍ഷത്തോളമാണ് ചാവേര്‍ ആക്രമണങ്ങള്‍ നീണ്ടുനിന്നത്. സൈന്യം ഒരുപരിധിവരെ ചാവേര്‍ ആക്രമണങ്ങള്‍ക്ക് തടയാന്‍ പരിഹാരം കണ്ടെത്തിയെങ്കിലും പൂര്‍ണമായി ഇല്ലാതാക്കല്‍ അസാധ്യമാണ്. 

ശ്രീലങ്കയില്‍ എല്‍ടിടിഇ ഭീകരവാദികള്‍ ഉയര്‍ന്ന നിലവാരമുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് ഇന്ത്യന്‍ സൈന്യത്തിന് തലവേദനയായിരുന്നു. അതിന് സമാനമായി 1990കളില്‍ കശ്മീരില്‍ ഭീകരവാദികള്‍ നിരവാരമുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സൈന്യത്തിന് തിരിച്ചടിയായി. ഏറെക്കാലമായി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിന് സൈന്യം നിരന്തര ശ്രമം നടത്തുന്നുണ്ടെങ്കിലും പുല്‍വാമയില്‍ വരെ ഐഇഡി ഭീഷണിയായി തുടരുന്നു. അഫ്ഗാനിലും ഇറാഖിലും യുഎസ് സൈന്യം കാര്‍ ബോംബ് ആക്രമണം നേരിട്ടു. അതിനെ നേരിടാന്‍ കൃത്യവും വിശ്വസനീയവുമായ മാര്‍ഗം ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഞാന്‍ പറയുന്ന വസ്തുത എന്താണെന്നുവെച്ചാല്‍ വികസിച്ചുവരുന്ന ഒരു സാങ്കേതിക വിദ്യക്കെതിരായുള്ള പ്രത്യാക്രമണ സംവിധാനം എപ്പോഴും കണ്ടെത്തണമെന്നില്ല. എല്ലാ സുരക്ഷാ സംവിധാനവും മറികടന്നുള്ള ആക്രമണത്തിന്റെ ആഘാതം കുറക്കാനുള്ള നടപടികളെങ്കിലും പഠിച്ചിരിക്കണം. ഇതായിരിക്കാം ഡ്രോണുകളില്‍ നിന്ന് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍. 

 

യുദ്ധമുഖത്ത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണ തന്ത്രങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. ഈ ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ ആരോപിച്ച് സൈന്യത്തിന് നേരെ വിരല്‍ ചൂണ്ടുന്നത് അനാവശ്യമാണ്. ഡ്രോണുകളില്‍ നിന്നുണ്ടാകുന്ന ഭീഷണി ചെറുക്കാന്‍ കഴിഞ്ഞ 10 വര്‍ഷമായി സായുധ സേന പഠിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പരമ്പരാഗത യുദ്ധമേഖലയിലടക്കം ആയുധവാഹിനികളായ ഡ്രോണുകള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിക്കുകയാണ്.

പഞ്ചാബ്, ജമ്മു ഡിവിഷന്‍ അതിര്‍ത്തികളില്‍ ആയുധ വര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ക്വാഡ്, ഹെക്‌സ തുടങ്ങിയ ചെറു ഹെലികോപ്ടറുകളുടെ ഉപയോഗവും സ്‌കാനറിന് കീഴിലാണ്. വിമാനങ്ങളില്‍ നിന്ന് മാരകമായ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വര്‍ഷിക്കുന്നതിനോ ആകാശത്ത് ആക്രമണം നടത്തുന്നതിനോ ഇവ ഉപയോഗിക്കാനുള്ള സാധ്യത പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭീഷണിയുടെ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നതായി. ഇത്തരം ഭീഷണികളെയെല്ലാം പ്രതിരോധിക്കാനുള്ള നടപടികള്‍ സൈന്യം ക്രമേണ പരിഷ്‌കരിക്കും. സാങ്കേതികവിദ്യക്ക് പുറമെ, ഇവയെക്കുറിച്ചുള്ള കൃത്യമായ ധാരണയും പരിശീലനവും ആവശ്യമാണ്. 

ജമ്മു കശ്മീരിലെ രാഷ്ട്രീയ നീക്കത്തിനെ തുടര്‍ന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പ്രത്യേക ലക്ഷ്യമുണ്ടോ. തങ്ങളുടെ സാന്നിധ്യം ഓര്‍മ്മിപ്പിക്കാനുള്ള ഭീകരവാദികളുടെ ശ്രമമായിട്ടാണ് ഞാനിതിനെ കാണുന്നത്. ഭീകരവാദ സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഹാഫിസ് സയീദ് ജയിലിലായതിന്റെ സമ്മര്‍ദ്ദത്തിലാണ് ലഷ്‌കറെ ഇ ത്വയിബ. ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നില്‍ ഈയടുത്ത് സ്‌ഫോടനം നടന്നിരുന്നു. കശ്മീരില്‍ സ്വാധീനമാകാന്‍ സാധിക്കുമെന്ന ലഷ്‌കറെ ത്വയിബയുടെ ധാരണക്ക് തിരിച്ചടിയേറ്റത് കശ്മീരില്‍ ശക്തികേന്ദ്രമാകാനുള്ള പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കേറ്റ ആഘാതമായിരുന്നു. 

പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ പോലും കശ്മീരില്‍ ചെറുത്ത് നില്‍പ്പ് സജീവമാക്കി നിര്‍ത്താനുള്ള പാകിസ്ഥാന്‍ ഡീപ് സ്റ്റേറ്റ് ആഗ്രഹിക്കുന്നതിനിടയില്‍. പാക് ഡീപ് സ്റ്റേറ്റിന്റെ ഈ ആഗ്രഹമാകാം വിവിധ നീക്കങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ഡ്രോണ്‍ ആക്രമണവും ഇതിന്റെ ഭാഗമാകാം. പുതിയതായി കണ്ടെത്തിയ ആക്രമണ രീതിയുടെ പരീക്ഷണവുമാകാം. 

വ്യോമസേന താവളത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണം യുദ്ധപ്രവര്‍ത്തനമാണോ എന്ന് വിവിധ കോണുകളില്‍ നിന്ന് ചോദ്യമുയരുന്നു. പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലും ജമ്മുകശ്മീരില്‍ ഉരുത്തിരിയുന്ന ഗുണപ്രദമായ പുതിയ സാഹചര്യങ്ങള്‍ക്കുമിടയില്‍ ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാകും നല്ലത്. പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളവയായതിനാല്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭ്യമായേക്കില്ല. ഞങ്ങള്‍ പാകിസ്ഥാന് എന്തെങ്കിലും ഇളവ് നല്‍കുകയല്ല. ഇത്തരം പ്രത്യേക പ്രതികരണങ്ങള്‍ക്കപ്പുറത്തേക്ക് ലോകം മാറുന്നതായി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. കൃത്യമായ അവസരത്തിനായി കാത്തിരിക്കുക എന്ന പ്രായോഗികതകൂടിയായിരിക്കാം ഞങ്ങളുടെ പ്രതികരണം.

(ദ ഏഷ്യന്‍ ഏജ് പത്രത്തിലെഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം)
 

click me!