ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസം കൂടി നീളും, ബില്ല് രാജ്യസഭയും പാസ്സാക്കി

By Web TeamFirst Published Jul 1, 2019, 8:35 PM IST
Highlights

''മനുഷ്യത്വം, ജനാധിപത്യം, കശ്മീരി സ്വത്വം'' (ഇൻസാനിയത്, ജമൂരിയത്, കശ്മീരിയത്) എന്ന അടൽ ബിഹാരി വാജ്‍പേയിയുടെ തത്വമാണ് മോദി സർക്കാരും പിന്തുടരുന്നതെന്ന് ബില്ല് രാജ്യസഭയിൽ വച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

ദില്ലി: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടാനുള്ള ബില്ല് രാജ്യസഭയും പാസ്സാക്കി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച, സംവരണ ഭേദഗതി ബില്ലും രാജ്യസഭ അംഗീകരിച്ചു. ഈ രണ്ട് ബില്ലുകളും നേരത്തേ ലോക്സഭ പാസ്സാക്കിയിരുന്നതാണ്. ഇനി ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും. രാഷ്ട്രപതി അംഗീകരിച്ചാൽ ഇവ നിയമമാകും. 

''ജമ്മു കശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് പറിച്ചു മാറ്റാൻ ആർക്കും കഴിയില്ല. നരേന്ദ്രമോദി സർക്കാരിന് തീവ്രവാദത്തോട് സഹിഷ്ണുത കാണിയ്ക്കാത്ത നയം തന്നെയാണുള്ളത്. ജമ്മു കശ്മീരിൽ വികസനം കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. 'മനുഷ്യത്വം, ജനാധിപത്യം, കശ്മീരി സ്വത്വം' (ഇൻസാനിയത്, ജമൂരിയത്, കശ്മീരിയത്) എന്ന അടൽ ബിഹാരി വാജ്‍പേയിയുടെ തത്വമാണ് മോദി സർക്കാരും പിന്തുടരുന്നത്'', രാജ്യസഭയിൽ ബില്ലവതരിപ്പിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു. 

''ഇന്ത്യയെ നശിപ്പിക്കും എന്ന് പറയുന്നവർക്കെല്ലാം അർഹിക്കുന്ന മറുപടി അതേഭാഷയിൽ കിട്ടും. എന്തുകൊണ്ട് കശ്മീരിൽ നിന്ന് കശ്മീരി പണ്ഡിറ്റുകൾ നാടു വിട്ടു? എങ്ങനെയാണ് അവിടെ സൂഫികൾ കൊല്ലപ്പെട്ടത്? സൂഫികൾ ഐക്യത്തെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകൾ പ്രാർത്ഥിക്കുമ്പോൾ അവർക്കൊപ്പം സൂഫികൾ നിൽക്കുന്ന ഒരു ജമ്മു കശ്മീരിന്‍റെ കാലം വരും'', അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. 

ജൂൺ 2018 മുതൽ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം തുടരുകയാണ്. ബിജെപിയും മെഹബൂബ മുഫ്തിയുടെ പിഡിപിയും തമ്മിലുള്ള സഖ്യം വേർപിരിഞ്ഞതോടെയാണ് സഖ്യസർക്കാർ താഴെ വീണത്. ജൂൺ 30-ഓടെ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം അവസാനിക്കേണ്ടിയിരുന്നതാണ്. ഇതാണ് മൂന്നാം തവണയും ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. 

കഴിഞ്ഞ മാർച്ചിൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥൻമാർ കൊല്ലപ്പെട്ടതിന് പിന്നാലെ, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്ര തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തിരുന്നു. ക്രമസമാധാന നില കണക്കിലെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പാകട്ടെ പല ഘട്ടങ്ങളിലായാണ് നടത്തിയത്. ഭീകരാക്രമണം നടന്നതിന് തൊട്ടടുത്തുള്ള, അനന്ത് നാഗ് ലോക്സഭാ മണ്ഡലത്തിൽ, തീവ്രവാദികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുക കൂടി ചെയ്ത സ്ഥിതിയിൽ, ഒറ്റ മണ്ഡലത്തിൽ മൂന്ന് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽത്തന്നെ ആദ്യമായിരുന്നു ഇത്. 

എന്നാൽ ഇപ്പോൾ രാഷ്ട്രപതി ഭരണം വീണ്ടും നീട്ടാനുള്ള ബില്ല് പാർലമെന്‍റിൽ പാസ്സാക്കുമ്പോൾ, സംസ്ഥാനത്ത് ജനാധിപത്യ പ്രക്രിയ ബിജെപി അട്ടിമറിക്കുകയാണെന്ന് ആരോപണമാണ് പിഡിപിയും എൻസിയും ആരോപിക്കുന്നത്. കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താൻ സന്നദ്ധരായിരുന്നു. 

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇന്ന് രാജ്യസഭയിൽ പാസ്സായ രണ്ടാമത്തെ ബില്ല്, സംസ്ഥാനത്തെ ജോലികളിലും പഠന കോഴ്‍സുകളിലും സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്ത് അന്താരാഷ്ട്ര അതിർത്തിയുടെ അടുത്ത് താമസിയ്ക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും സംവരണം ഏർപ്പെടുത്തുന്നതാണ് ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ 2019. 

click me!