'ഇഐഎ 2020 കരട് വിജ്ഞാപനം പിന്തിരിപ്പൻ, പരിസ്ഥിതിക്ക് ആഘാതം', ഗാഡ്‍ഗിൽ പറയുന്നു

By Web TeamFirst Published Aug 13, 2020, 9:13 AM IST
Highlights

കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതിഷേധങ്ങൾക്ക് എല്ലാ പിന്തുണയുമെന്ന് ഗാഡ്‍ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട്.

ദില്ലി: പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തിരിപ്പൻ നയമാണെന്ന് രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിക്ക് കൂടുതൽ ആഘാതങ്ങൾ ഉണ്ടാക്കുന്നതാകും ഇതെന്നും മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പുറത്തിറക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

പ്രതിഷേധവുമായി രംഗത്തുള്ള എല്ലാവര്‍ക്കും പിന്തുണയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറയുന്നു. പ്രകൃതിയോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി. പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ട് അട്ടിമറിച്ചു. ഇപ്പോൾ പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകൾ കൂടി ദുര്‍ബലമാക്കുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മാധവ് ഗാഡ്ഗിൽ ആവശ്യപ്പെട്ടു.

''കേന്ദ്ര സര്‍ക്കാരിന്‍റേത് പിന്തിരിപ്പൻ നയമാണ്. ഇത് പരിസ്ഥിതിക്ക് കൂടുതൽ ദോഷമാവുകയേ ഉള്ളു. ഇത് ജനാധിപത്യപരമല്ല, തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണം'', എന്ന് ഗാഡ്‍ഗിൽ.

കേന്ദ്ര നീക്കത്തിനെതിരെ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ രംഗത്തുവരണമെന്നും മാധവ് ഗാഡ്‍ഗിൽ ആവശ്യപ്പെടുന്നു. ''കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും കേരളം ഭരിക്കുന്ന സിപിഎം സര്‍ക്കാരും സങ്കുചിതമായ സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. അതിനായി പരിസ്ഥിതി താല്പര്യങ്ങളെ സര്‍ക്കാരുകൾ അടിച്ചമര്‍ത്തുന്നു'', എന്ന് ഗാഡ്ഗിലിന്‍റെ വിമർശനം. 

പ്രാദേശിക ഭാഷകളിൽ കൂടി കരട് വിജ്ഞാപനം ഇറക്കി പൊതുജനാഭിപ്രായം തേടണമെന്ന് ദില്ലി ഹൈക്കോടതി പരിസ്ഥിതി മന്ത്രാലയത്തോട് ജൂണ്‍ 30ന് ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കര്‍ണാടക, മദ്രാസ് ഹൈക്കോടതികൾ ഇറക്കിയ ഉത്തരവുകൾ സ്റ്റേ ചെയ്ത്, കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

click me!