ഉദ്ധവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി? ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

By Web TeamFirst Published Nov 23, 2019, 1:06 AM IST
Highlights

ആഭ്യന്തരം, ധനകാര്യം, റവന്യു വകുപ്പുകളിലാണ് മൂന്ന് പാര്‍ട്ടികളും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് യോഗത്തില്‍ ധാരണയായെങ്കിലും പ്രധാനപ്പെട്ട മന്ത്രി സ്ഥാനങ്ങളില്‍ സമവായമുണ്ടായിട്ടില്ല. ആഭ്യന്തരം, ധനകാര്യം, റവന്യു വകുപ്പുകളിലാണ് മൂന്ന് പാര്‍ട്ടികളും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്നത്.

ഉദ്ധവിനെ മുഖ്യമന്ത്രിയാക്കാൻ ഇന്നലെ ആരംഭിച്ച ശിവസേന-എൻസിപി-കോൺഗ്രസ് നിര്‍ണായക യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളടക്കം എല്ലാവരും ഒറ്റക്കെട്ടായി ഉദ്ധവിന്‍റെ പേര് നിർദ്ദേശിച്ചെന്നാണ് വ്യക്തമാകുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് ഉദ്ധവ് വഴങ്ങിയതായാണ് ശിവസേന വൃത്തങ്ങൾ അറിയിക്കുന്നത്.

രാവിലെമുതല്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിക്കും. വൈകിട്ടോടെയാകും ഔദ്യോഗിക സഖ്യ പ്രഖ്യാപനം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും ഉപമുഖ്യമന്ത്രിമാരെയും ഇന്നറിയാം.

ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മഹാവികാസ് അഖാ‍ഡി എന്ന പേരിലാകും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക. ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസിന്‍റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.

ഇതിനിടെ കുതിരക്കച്ചവടം പേടിച്ച് സേനാ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്ന വിവരങ്ങളുമുണ്ട്. അവസാനഘട്ടത്തിലെ കൂറമാറ്റം തടയാനാണിതെന്നാണ് വിവരം. ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമായേക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

click me!