
ഭോപ്പാൽ: മധ്യപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥ വ്യക്തമാക്കുന്ന കൂടുതല്‍ സംഭവങ്ങൾ പുറത്ത്. ഒരാൾക്ക് പൂജ്യം വരുമാനമെന്നും മറ്റൊരാൾക്ക് പ്രതിവർഷം വെറും 3 രൂപ വരുമാനമെന്നും രേഖപ്പെടുത്തിയ ഔദ്യോഗിക സാമ്പത്തിക സർട്ടിഫിക്കറ്റുകൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഭരണപരമായ കെടുകാര്യസ്ഥതയും വീണ്ടും വെളിപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം.
ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്തുവന്ന ഈ വിചിത്രമായ കേസുകൾ ജനരോഷം ആളിക്കത്തിക്കുക മാത്രമല്ല, പ്രാദേശിക ഭരണകൂടം നൽകുന്ന വരുമാന സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. സത്ന ജില്ലയിലെ ഉച്ചേര തഹസീലിലെ അംദാരി ഗ്രാമത്തിൽ രാംബഹോർ നാംദേവിന്‍റെ മകൻ സന്ദീപ് കുമാർ നാംദേവിന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റിൽ വാർഷിക വരുമാനം പൂജ്യം രൂപ (Rs 0) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതായത്, പ്രതിമാസ വരുമാനമോ വാർഷിക വരുമാനമോ ഉപജീവനമാർഗ്ഗമോ ഇല്ല. 2025 ഏപ്രിൽ ഏഴിന് നൽകിയ ഈ സർട്ടിഫിക്കറ്റിൽ പ്രോജക്ട് ഓഫീസർ രവികാന്ത് ശർമ്മയാണ് ഒപ്പിട്ടിരിക്കുന്നത്.
തിങ്കളാഴ്ച ഈ സർട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇതിലെ അസംബന്ധം പൊതുശ്രദ്ധയിൽപ്പെട്ടത്. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ജൂലൈ 20ന് അധികാരികൾ ഈ സർട്ടിഫിക്കറ്റ് റദ്ദാക്കി. പിന്നീട് സന്ദീപിന് 40,000 രൂപ വാർഷിക വരുമാനം കാണിക്കുന്ന പുതിയ സർട്ടിഫിക്കറ്റ് നൽകി. ഇപ്പോൾ കോത്തി തഹസീലിൽ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി പുറത്തുവന്നു.
നയാഗാവ് ഗ്രാമവാസിയായ ശ്യാംലാൽ രാംസ്വരൂപിന്‍റെ മകന് നൽകിയ വരുമാന സർട്ടിഫിക്കറ്റിൽ പ്രതിവർഷ വരുമാനം വെറും മൂന്ന് രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രതിമാസം 25 പൈസയെന്നും അല്ലെങ്കിൽ ഒരു ദിവസത്തിൽ ഒരു പൈസയിൽ താഴെയെന്നും കണക്കാക്കാം. 2025 ജൂലൈ 22ലെ തീയതിയുള്ള ഈ സർട്ടിഫിക്കറ്റിൽ തഹസീൽദാർ സൗരഭ് ദ്വിവേദിയാണ് ഒപ്പിട്ടിരിക്കുന്നത്.
യാതൊരു പരിശോധനയും കൂടാതെയാണ് ഇതും നൽകിയത്. അപേക്ഷയിൽ സ്വയം സാക്ഷ്യപ്പെടുത്തിയത് 30,000 രൂപയായിരുന്നിട്ടും, ഓൺലൈൻ അപേക്ഷാ സംവിധാനത്തിൽ വരുമാനം തെറ്റായി 3 രൂപ എന്ന് രേഖപ്പെടുത്തിയെന്ന് സമ്മതിച്ചു. ഇത് ഒരു ക്ലറിക്കൽ പിഴവാണെന്ന് തഹസീൽദാർ ദ്വിവേദി പറഞ്ഞു. ഈ രേഖ പിന്നീട് പിൻവലിക്കുകയും ശരിയായ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയത് ചെയ്തു.
ഒരേ ജില്ലയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത്രയും വലിയ രണ്ട് പിഴവുകൾ സംഭവിച്ചത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. പ്രാദേശിക നിവാസികളും ജനപ്രതിനിധികളും ഇത് വ്യവസ്ഥാപരമായ പരാജയമാണെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥര്‍ ക്ലറിക്കൽ പിഴവുകളിലും സാങ്കേതിക തകരാറുകളിലും പഴി ചാരുന്നുണ്ടെങ്കിലും, തെറ്റായ വരുമാന സർട്ടിഫിക്കറ്റുകൾ എത്രയെണ്ണം നല്‍കിയിട്ടുണ്ട് എന്നത് ഗുരുതര ആശങ്കകൾ ഉണ്ടാക്കുന്ന കാര്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam