ആറ് ദിവസം, കാല്‍നടയായി 196 കിലോമീറ്റര്‍; സ്വന്തം വീട്ടിലെത്താന്‍ ഒന്‍പതുമാസം ഗര്‍ഭിണിയായ യുവതിയുടെ യാത്ര

By Web TeamFirst Published May 13, 2020, 8:29 PM IST
Highlights

വിവിധ ചെക്ക് പോസ്റ്റുകളിലൂടെ കടന്നു പോയിട്ടും അഹമ്മദാബാദില്‍ നിന്നുമുള്ള യാത്രക്കിടെ ഗര്‍ഭിണിയായ യുവതിയേയും കുടംബത്തെയും സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല

ജയ്പുര്‍: അഹമ്മദാബാദില്‍നിന്ന് മധ്യപ്രദേശിലെ റത്‌ലമിലുള്ള സ്വന്തം വീട്ടിലെത്താന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കാല്‍നടയായി സഞ്ചരിച്ചത് 196 കിലോമീറ്റര്‍. ആറ് ദിവസംകൊണ്ടാണ് 196 കിലോമീറ്റര്‍ ദൂരം  ഭര്‍ത്താവിനും ഒന്നും രണ്ടും വയസ് പ്രായമുള്ള കുട്ടികള്‍ക്കും ഒപ്പം യുവതി നടന്നത്. ആരുടെയും സഹായം ലഭിക്കാതെ യുവതിയും കുടുംബവും നടത്തിയ ദുരിത യാത്ര പുറത്തറിയുന്നത് രാജസ്ഥാനിലെത്തിയപ്പോഴാണ്.

വിവിധ ചെക്ക് പോസ്റ്റുകളിലൂടെ കടന്നു പോയിട്ടും അഹമ്മദാബാദില്‍ നിന്നുമുള്ള യാത്രക്കിടെ ഗര്‍ഭിണിയായ യുവതിയേയും കുടംബത്തെയും സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ അവര്‍ ഡുങ്കര്‍പുര്‍ ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോഴാണ് യുവതിക്ക് നീരെ സഹായഹസ്തം നീളുന്നത്. കുടുംബത്തിന് നിസഹായത തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ചികിത്സാ സഹായവും വീട്ടിലെത്തുന്നതിന് ആംബുലന്‍സും സൗജന്യമായി ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഗര്‍ഭിണിയായ യുവതിയും കുടുംബവും ചെക്ക്‌പോസ്റ്റില്‍ എത്തിയത്. തളര്‍ന്ന് അവശയായ നിലയില്‍ കണ്ടെത്തിയ ഇവരോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കാല്‍നടയായാണ് ഇത്രയും ദൂരം സഞ്ചരിച്ചതെന്ന വിവരം അറിഞ്ഞതെന്ന് ഡുങ്കര്‍പുര്‍ സബ് കളക്ടര്‍  ദ്വിവേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചെക്ക്‌പോസ്റ്റില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇവരെ ആദ്യം കണ്ടത്. വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ അമ്പരന്നു. ഭക്ഷണം കഴിച്ചുവോയെന്ന് അവര്‍  ചോദിച്ചെങ്കിലും മറുപടി പറയാന്‍പോലും കഴിയാത്തവിധം അവശയായിരുന്നു യുവതി.  

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം ഉടന്‍ സ്ഥലത്തെത്തി യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. ഉടന്‍തന്നെ ചെക്ക്‌പോസ്റ്റിന് സമീപം കുടുംബത്തിന് താത്കാലിക താമസ സൗകര്യവും ഭക്ഷണവുമൊരുക്കി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇ പാസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ചെക്ക്‌പോസ്റ്റിന് തൊട്ടതുത്തുള്ള സ്വകാര്യ  ആശുപത്രി അധികൃതര്‍ കുടുംബത്തിന് നാട്ടിലെത്താന്‍ സൗജന്യമായി ആംബുലന്‍സ് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച അവര്‍ നാട്ടിലേക്ക് യാത്രതിരിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു. 
 

click me!