ശൈശവവിവാഹം രജിസ്റ്റർ ചെയ്യാൻ ബിൽ പാസാക്കി രാജസ്ഥാൻ ; കരിദിനമെന്ന് പ്രതിപക്ഷം; പ്രതിഷേധം ഇറങ്ങിപ്പോക്ക്

By Web TeamFirst Published Sep 18, 2021, 3:12 PM IST
Highlights

ബില്ലിനെതിരെ പ്രതിഷേധമുയർത്തി ബിജെപി അം​ഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശൈശവവിവാഹ രജിസ്ട്രേഷന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം ബിൽ പിൻവലിക്കണെന്നും ആവശ്യപ്പെട്ടു. 

ജയ്പൂർ: ശൈശവ വിവാഹം ഉൾപ്പെടെയുള്ള വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യാനുള്ള ബിൽ പാസ്സാക്കി രാജസ്ഥാൻ സർക്കാർ. ബിൽ പാസ്സാക്കിയതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 2009 ലെ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ ഭേദ​ഗതി ചെയ്തുകൊണ്ടുള്ള ബിൽ വെള്ളിയാഴ്ചയാണ് പാസ്സാക്കിയത്. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ നൽകണമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. 

ബില്ലിനെതിരെ പ്രതിഷേധമുയർത്തി ബിജെപി അം​ഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശൈശവവിവാഹ രജിസ്ട്രേഷന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം ബിൽ പിൻവലിക്കണെന്നും ആവശ്യപ്പെട്ടു. അതേ സമയം സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നതെന്നാണ് കോൺ​ഗ്രസിന്റെ വിശദീകരണം. ഈ ബിൽ പാസ്സാക്കിയാൽ നിയമസഭയുടെ കറുത്ത ദിവസമായിരിക്കും. ശൈശവ വിവാഹങ്ങൾ ഏകകണ്ഠമായി അനുവദിക്കാൻ നിയമസഭ അനുവദിക്കുന്നുണ്ടോ? നിയമസഭയുടെ ചരിത്രത്തിൽ ഈ ബിൽ കറുത്ത അധ്യായം രചിക്കും. ബിജെപി എംഎൽഎ അശോക് ലഹോട്ടിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ശൈശവ വിവാഹം സാധുതയുള്ളതാണെന്ന് ഈ ബില്ലിൽ ഒരിടത്തും പറയുന്നില്ലന്ന് രാജസ്ഥാൻ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ വ്യക്തമാക്കി. ശൈശവ വിവാഹത്തിന് സാധുതയുണ്ടെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഈ ഭേദ​ഗതിയിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല. വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ രേഖയാണ്. വിധവയായ ഒരാൾക്ക്  ഈ രേഖയുടെ അഭാവത്തിൽ യാതൊരു സർക്കാൻ ആനുകൂല്യങ്ങളും ലഭിക്കില്ല. ധരിവാൾ പറഞ്ഞു. 

പുതിയ നിയമമനുസരിച്ച് വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബ്ലോക്ക് തലം വരെയുള്ള രജിസ്‌ട്രേഷന്‍ നടത്തും. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയും ആണ്‍കുട്ടിയുടെ പ്രായം 21 ല്‍ കുറവുമാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. പ്രതിപക്ഷം ബില്ലിനെതിരെ വൻപ്രതിഷേധമാണ് ഉയർത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!