
ബ്രസീലിയ: അങ്ങ് ബ്രസീലില്‍ ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ കാടുകള്‍ കത്തിയമരുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കാട്ടുതീയില്‍ ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍ വെന്ത് വെണ്ണീറാവുന്ന കാഴ്ച നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് ലോകം.
നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. ''ലോകത്തെ ഓക്സിജന്‍റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നത്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ജി7 ഉച്ചകോടിയിലെ അംഗങ്ങളെ, രണ്ട് ദിവസത്തിനുള്ളില്‍ ഈ അടിയന്തിരസാഹചര്യത്തെ കുറിച്ച് നമുക്ക് ചര്‍ച്ചചെയ്യാം'' - മക്രോണ്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇത് ബ്രസീലിന്‍റെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സനാരോ വ്യാഴാഴ്ച പറഞ്ഞത്. ''ഈ രാജ്യങ്ങള്‍ ഇങ്ങോട്ടേക്ക് പണം നല്‍കുന്നു, അത് സഹായമായല്ല നല്‍കുന്നത്. ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുകയാണ് അവരുടെ ലക്ഷ്യം'' - ഫേസ്ബുക്ക് ലൈവില്‍ ബോള്‍സനാരോ പറഞ്ഞു.
എന്നാല്‍ തീ അണയ്ക്കാന്‍ അവശ്യായ മാര്‍ഗങ്ങള്‍ ബ്രസീലിന്‍റെ പക്കല്‍ ഇല്ലെന്ന് നേരത്തേ പ്രസിഡന്‍റ് പറഞ്ഞിരുന്നു. ആമസോണ്‍ യൂറോപ്പിനേക്കാള്‍ വലുതാണ്. അങ്ങനെയാണ് അത്രയും ഭാഗത്തെ തീ അണക്കുക? എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചിരുന്നു.
വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്.
ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ഉണ്ടായില്ലെന്നും എന്നാല്‍ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെതന്നെ വിയോജിപ്പ് ഉയരുന്നുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് കാട്ടുതീയുണ്ടാകുന്നതില്‍ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്.
ഓഗസ്റ്റ് 15 മുതല്‍ മാത്രം, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 9,500 -ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. അതായത് ലോകത്തിനായി 20 ശതമാനം ഓക്സിജന്‍ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോള്‍ പുറം തള്ളുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam