ഹോങ്കോങ്: ഒരിടവേളയ്ക്ക് ശേഷം ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം ശക്തമാകുകയാണ്. ഹോങ്കോങ്ങിൽ ബ്രിട്ടീഷ് കോൺസുലേറ്റിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ പെട്രോൾ ബോംബുകൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 1997ൽ ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയപ്പോൾ സമ്മതിച്ച സ്വാതന്ത്ര്യം നിലനിർത്താൻ ബ്രിട്ടൻ നിർബന്ധിക്കണമെന്നാവശ്യപ്പെട്ടാണ് നിലവിൽ പ്രക്ഷോഭം നടക്കുന്നത്. നൂറുക്കണക്കിനാളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്.

പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ വാഗ്ദാനങ്ങൾ പാലിക്കാൻ ചൈന തയ്യാറാകണമെന്ന് എന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. എന്നാൽ, ഹോങ്കോങ് വിഷയം ആഭ്യന്തരകാര്യമാണെന്നും ഇതിൽ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നുമാണ് ചൈനയുടെ നിലപാട്. നേരത്തെ ഹോങ്കോങ് നിവാസികളെ വിചാരണയ്ക്ക് ചൈനയിലേക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ വൻ പ്രക്ഷോഭം ഹോങ്കോങ്ങിൽ അരങ്ങേറിയിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് എതിർപ്പുകൾ മറികടന്ന് കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് സർക്കാർ കൊണ്ടുവരുന്നത്. ബ്രിട്ടീഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്ക് പകരം കമ്യൂണിസ്റ്റ് പാർട്ടിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ നടക്കുന്ന വിചാരണ നീതിനിഷേധമാകുമോ എന്ന് ഹോങ്കോങ് ജനത ഭയപ്പെട്ടു. തുടർന്ന് ബില്ലിനെതിരെ പ്രക്ഷോഭവുമായി വിദ്യാർഥികളടക്കം ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മൂന്നു മാസത്തോളം ഹോങ്കോങ് തെരുവുകളെ പിടിച്ചുകുലുക്കി ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ ഒടുവിൽ മുട്ടുമടക്കുകയായിരുന്നു.

ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം പിൻവലിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ബിൽ പിൻവലിക്കുന്നതായി കാരി ലാം അറിയിച്ചത്. എന്നാൽ, തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ അറിയിച്ചിരുന്നു. ‌‌‌ഇതിന് തുടർച്ചയായാണ് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി സമരക്കാർ വീണ്ടും തെരുവിലിറങ്ങിയത്.