അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്ഥാനിൽ കാലിടറിയത് എന്തുകൊണ്ട്?

By Web TeamFirst Published Jul 18, 2021, 10:28 AM IST
Highlights

അഫ്‌ഗാനിസ്ഥാനിലെ ഈ പരിശ്രമത്തിന് അവർക്ക് ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നത്, സോവിയറ്റ് യൂണിയനെതിരായ ഒളിപ്പോരിൽ അവരുടെ ദീർഘകാല പങ്കാളി ആയിരുന്ന പാകിസ്ഥാൻ തന്നെ ആയിരുന്നു

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്മാറുമ്പോൾ, പെട്ടെന്നോർമ വരിക ഇതുപോലുള്ള സാഹചര്യങ്ങളിൽ നിന്ന് അവരും, മറ്റു പല രാജ്യങ്ങളും നടത്തിയിട്ടുള്ള സമാനമായ പിന്മാറ്റങ്ങളാണ്. അവയിൽ ഏറ്റവും പ്രസിദ്ധമായ ഓർമ്മ വിയറ്റ്നാമിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റമാണ്. അന്നാണ് നമ്മൾ 'അവസാന ഹെലികോപ്റ്റർ' എന്ന പ്രയോഗമൊക്കെ കേട്ടിട്ടുള്ളത്. അത് സൈഗോണിലെ അമേരിക്കൻ എംബസിയുടെ ടെറസ്സിൽ നിന്ന് കോപ്പർ ഉയർന്നു പൊന്തുന്ന ഒരു ചിത്രത്തിനുള്ള അടിക്കുറിപ്പായിരുന്നു അന്ന്. അന്ന് അങ്ങനെ ഉയർന്നു പൊങ്ങിയ പല ഹെലികോപ്റ്ററുകൾക്കും അമേരിക്കൻ യുദ്ധക്കപ്പലുകളുടെ ഡെക്കിൽ ഇടം നേടാൻ കഴിഞ്ഞില്ല. ഒടുവിൽ അവയെ കടലിൽ കളഞ്ഞിട്ടു പോവേണ്ടി വന്നിട്ടുണ്ട് അന്ന് അമേരിക്കൻ സൈന്യത്തിന്. ഒരു പക്ഷേ, അതിന്റെയൊക്കെ ഓർമ്മകൾ ഉള്ളതുകൊണ്ടാകും ഓഗസ്റ്റ് 31 എന്ന അന്തിമ തീയതി അടുക്കും മുമ്പുതന്നെ അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിലെ ബഗ്രാം എയർ ബേസ് കാലിയാക്കി സ്ഥലംവിട്ടു കളഞ്ഞത്. 

ഹെലികോപ്റ്ററുകൾ അല്ലെങ്കിൽ തന്നെ അമേരിക്കൻ സൈനിക ചരിത്രത്തിലെ ചില മോശം ഓർമകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1980 -ൽ ടെഹ്റാനിൽ കുടുങ്ങിക്കിടന്ന ബന്ദികളെ രക്ഷപ്പെടുത്താൻ നടത്തിയ, ഓപ്പറേഷൻ ഈഗിൾ ക്ളോ എന്ന പരാജയപ്പെട്ട ദൗത്യം, സോമാലിയയിലെ മൊഗാദിഷുവിൽ നടത്തി പരാജയപ്പെട്ട ഓപ്പറേഷൻ ഗോഥിക് സെർപ്പന്റ് എന്ന മറ്റൊരു ദൗത്യം എന്നിവ അതിനുദാഹരണമാണ്. ഇതിനെയൊക്കെ പൊതുവിൽ അവർ പറയുന്ന പേര് 'ബ്ലാക്ക് ഹോക്ക് ഡൌൺ' എന്നാണ്. 

അഫ്‌ഗാനിസ്ഥാനിൽ അമേരിക്കയുടെ മാറിമറിയുന്ന ലക്ഷ്യങ്ങൾ 

മുൻവിധികൾ ഒഴിവാക്കാൻ, 1989 -ൽ സോവിയറ്റ് യൂണിയന് അഫ്‌ഗാനിസ്ഥാനിൽ രുചിക്കേണ്ടി വന്ന പരാജയം നമുക്കോർക്കാം. അതാണല്ലോ അന്ന് ശീതയുദ്ധം അവസാനിക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ ഒന്ന്. 1980 -കളിൽ നടന്ന അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധം, സോവിയറ്റ് യൂണിയന്റെ  അഫ്ഗാൻ യുദ്ധം എന്നിവ ശീതയുദ്ധകാലത്ത് ഏറ്റവും പരമ്പരാഗതമായി നടത്തപ്പെട്ട പോരാട്ടങ്ങളാണ്. 2001 മുതൽക്കിങ്ങോട്ട് അമേരിക്കയും അവരുടെ സഖ്യസേനകളും ചേർന്ന് താലിബാൻ അടക്കമുള്ള പ്രാദേശിക സേനകളോട് പോരാട്ടം നടത്തിയപ്പോഴും, അഫ്‌ഗാനിസ്ഥാന്റെ  'സാമ്രാജ്യങ്ങളുടെ ചുടലപ്പറമ്പ്' എന്നുള്ള കുപ്രസിദ്ധി നിലനിർത്തുക തന്നെയാണ് ചെയ്തത്. 

അമേരിക്ക ഇന്നീ നടത്തുന്ന പിന്മടക്കം ഒരു തോറ്റുപിന്മാറൽ ആണോ അതോ ഒരു നിശ്ചിത കാലയളവുകൊണ്ട് വിചാരിച്ചിരുന്ന കാര്യങ്ങൾ നേടിയെടുത്ത ശേഷമുള്ള മടങ്ങിപ്പോക്ക് ആണോ എന്നത് വിലയിരുത്താൻ വേണ്ടി ഭാവിയിൽ നിരവധി പഠനങ്ങൾ നടക്കും എന്നുറപ്പാണ്. "വിഘടിച്ച് പരസ്പരം പോരാടാത്ത സുഭദ്രവും സുശക്തവുമായ ഒരു സർക്കാർ കെട്ടിപ്പടുക്കുക" എന്നതായിരുന്നു പ്രസിഡന്റ് ബുഷിന്റെ പ്ലാൻ. ബുഷിൽ നിന്ന് ഒബാമയിലേക്ക് എത്തിയപ്പോഴേക്കും അത്, "അഫ്‌ഗാനിസ്ഥാൻ തീവ്രവാദികൾക്ക് സുരക്ഷിതമായ ഒരു താവളമാകുന്നത് തടയുക " എന്നായി ചുരുങ്ങി. ഈ രണ്ടു ലക്ഷ്യങ്ങളെയും വിശകലനം ചെയ്താൽ രാജ്യത്ത് സുസ്ഥിരത കൊണ്ടുവരിക, രാജ്യത്ത് തീവ്രവാദം പിടിമുറുക്കുന്നത് തടയുക എന്നൊക്കെയാണ് അവ രണ്ടും ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകും. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ അതിന് 9/11 ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഇല്ലാതാക്കുക, സമാനമായ ആക്രമണങ്ങൾക്കു പദ്ധതിയിടാൻ ശേഷിയുള്ള പ്രത്യയ ശാസ്ത്രങ്ങൾക്കു മേൽ നിയന്ത്രണം കൊണ്ടുവരിക, ഭീകരവാദം  പ്രവിശ്യയിൽ ശക്തിയാര്ജിക്കുന്നത് തടയുക എന്നിങ്ങനെ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. 

പ്രധാന വിലങ്ങുതടി, പാകിസ്ഥാൻ 

അഫ്‌ഗാനിസ്ഥാനിലെ ഈ പരിശ്രമത്തിന് അവർക്ക് ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നത്, സോവിയറ്റ് യൂണിയനെതിരായ ഒളിപ്പോരിൽ അവരുടെ ദീർഘകാല പങ്കാളി ആയിരുന്ന പാകിസ്ഥാൻ തന്നെ ആയിരുന്നു. 1980 -ൽ തുടങ്ങി, പിൽക്കാലത്ത് ശക്തിയാർജ്ജിച്ച താലിബാനെന്ന തീവ്രവാദ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം തന്നെ അവിടമായിരുന്നല്ലോ. സൗദിയിൽ നിന്നുള്ള പണവും, അമേരിക്കയുടെ പടക്കോപ്പുകളും പ്രയോജനപ്പെടുത്തിയാണെങ്കിലും, താലിബാനികളെ യുദ്ധസജ്ജരാക്കി അഫ്‌ഗാനിസ്ഥാനിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരുന്നത് ഐഎസ്‌ഐ നേരിട്ടായിരുന്നു. മതത്തിന്റെ പേരിൽ തീവ്രവാദം വളർത്തുക എന്നത് പാകിസ്ഥാൻ ജമ്മു കാശ്മീരിലും പ്രയോഗിച്ച് വിജയിച്ച ഒരു തന്ത്രമാണ്. താലിബാന് അഫ്‌ഗാനിസ്ഥാനിൽ ഭീഷണി നേരിട്ടതോടെ അവർ ചെയ്തത് തിരികെ പാകിസ്താനിലേക്കുതന്നെ മടങ്ങി അവിടെ സുരക്ഷിതരായി കഴിയുകയായിരുന്നു. അതുതന്നെയാണ് അൽ ക്വയ്‌ദ ഭീകരരും ചെയ്തത്. 

താലിബാനി ഭീകരരെ തുണയ്ക്കുന്ന പാകിസ്താനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ യുദ്ധമുഖത്ത് അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്ന അമേരിക്കയ്ക്ക് കഴിയുമായിരുന്നില്ല. കാരണം, പടക്കോപ്പുകൾ പലതും കടൽമാർഗം കറാച്ചിയിലേക്കെത്തിച്ച്, അവിടെ നിന്ന് കരമാർഗം അഫ്‌ഗാനിസ്ഥാനിലേക്ക് എത്തുന്നതിൽ പാകിസ്താന്റെ ലോജിസ്റ്റിക്സ് പിന്തുണ അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമായിരുന്നു. അമേരിക്കയുടെ ഈ ഒരു ദൗർബല്യമാണ് താലിബാന്റെ ചെറുത്തുനിൽപ്പുകളുടെ ആയുസ്സും ശക്തിയും അനുദിനം വർധിപ്പിച്ചു കൊണ്ടിരുന്നത്. 

ഒട്ടും പരമ്പരാഗതമല്ലാത്ത യുദ്ധരീതി 

യുദ്ധത്തിന്റെ പരമ്പരാഗത മുറയ്ക്ക് വിരുദ്ധമായി, തികച്ചും അപ്രതീക്ഷിതമായ രീതികളിൽ പോരാടുന്ന താലിബാൻ പോലുള്ള ഒരു ശത്രുവിനെ നേരിടുമ്പോൾ, തങ്ങളുടെ ഭാഗത്തും ആൾനാശമുണ്ടാവാനുളള റിസ്ക് ഏറ്റെടുക്കാതെ വിജയം നേടുക പ്രയാസമുള്ള പണിയാണ്. തുടക്കം മുതലേ അമേരിക്ക സൂക്ഷിച്ചിരുന്നത് തങ്ങളുടെ ഭാഗത്ത് ഏറ്റവും കുറച്ച് ആൾനാശം ഉണ്ടാവാൻ വേണ്ടിയായിരുന്നു. അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്ന ഓരോ അമേരിക്കൻ സൈനികന്റെയും പേരിൽ അങ്ങ് നാട്ടിൽ അമേരിക്കൻ കോൺഗ്രസിൽ അവർക്ക് ഉത്തരം പറയേണ്ടി വരുമായിരുന്നു എന്നത് തന്നെ കാരണം. 

അഫ്‌ഗാനിസ്ഥാൻ നാഷണൽ ആർമി(ANA) എന്ന സൈന്യത്തെ അമേരിക്കയും ഇന്ത്യയും പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വളരെ പരിചയസമ്പന്നരും യുദ്ധോത്സുകരുമായ ഒരു പടയെ തയ്യാർ ചെയ്തെടുക്കാം എന്നുള്ളത് വെറും വ്യാമോഹം മാത്രമായി അവശേഷിക്കും എന്നതാണ് സത്യം. അഫ്‌ഗാനിസ്ഥാൻ ആർമിക്ക് ധൈര്യത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ നേതൃനിരയിൽ ഉള്ളവർക്ക് യുദ്ധം ചെയ്തുള്ള പരിചയസമ്പത്ത് വളരെ കുറവായിരുന്നു .അത് വർഷങ്ങൾ നീണ്ട യുദ്ധ പരിചയത്തിലൂടെ മാത്രം ആർജിക്കാവുന്ന ഒന്നാണ്. അതിനുള്ള അവസരം പക്ഷേ അവർക്ക് സിദ്ധിച്ചിട്ടില്ല. ഈ സൈന്യത്തിന്റെ കർമശേഷിയിൽ അമേരിക്കയ്ക്ക് വേണ്ടത്ര വിശ്വാസം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ അവർക്ക് അത്യാധുനികമായ പടക്കോപ്പുകളോ അവയിൽ പരിശീലനമോ ഒന്നും നല്കപ്പെട്ടിരുന്നില്ല. ഇങ്ങനെ പടക്കോപ്പുകൾ നൽകിയാൽ അവ താലിബാൻ സേന പിടിച്ചെടുത്ത് ഒടുവിൽ തങ്ങൾക്കു നേരെ തന്നെ പ്രയോഗിക്കപ്പെട്ടേക്കാം  എന്നുള്ള അമേരിക്കയുടെ ഭയം തന്നെയാണ് ഇതിനുപിന്നിൽ. 

പിന്മാറ്റത്തോടടുപ്പിച്ച് അമേരിക്ക, അഫ്‌ഗാനിസ്ഥാന്റെ മണ്ണിലേക്ക് സായുധ ഡ്രോണുകൾ പറഞ്ഞയച്ച് ആക്രമണം നടത്താൻ വേണ്ട സൗകര്യം അതിർത്തിക്കടുത്തുള്ള പാകിസ്താനി എയർ ബേസുകളിൽ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് സംബന്ധിച്ച ഉടമ്പടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അഫ്‌ഗാനിസ്ഥാൻ ആർമിക്ക് വേണ്ടത്ര എയർ സപ്പോർട്ട് കൊടുക്കാതെ പെട്ടെന്നിങ്ങനെ സൈന്യത്തെ പിൻവലിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ അമേരിക്കൻ സൈന്യത്തിന് പതിറ്റാണ്ടുകൾ നീണ്ടുനിന്നേക്കാവുന്ന ദുഷ്കീർത്തിയാവും സമ്മാനിക്കുക. 

പരമ്പരാഗതമല്ലാത്ത യുദ്ധങ്ങൾ വിജയിക്കണമെങ്കിൽ സൈനിക ശേഷിയിലെ മേൽക്കൈ മാത്രം മതിയാവില്ല, അനുയോജ്യമായ സാഹചര്യങ്ങൾ കൂടി അത്യാവശ്യമാണ്. ജനറൽ പെട്രയോസ്‌ തന്റെ കാലത്ത് അഫ്‌ഗാനിസ്ഥാനിലെ സാംസ്‌കാരിക പരിസരത്തെക്കുറിച്ച് നേടിയിരുന്ന ജ്ഞാനം അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അത് പക്ഷേ പിന്നീട് വന്ന അദ്ദേഹത്തിന്റെ പകരക്കാർക്ക് അത്ര എളുപ്പത്തിൽ അനുകരിക്കാനും, നിലനിർത്തിക്കൊണ്ടു പോകാനും പറ്റിയ ഒന്നായിരുന്നില്ല എന്നുമാത്രം. 

അമേരിക്കൻ പിന്മാറ്റം പകരുന്ന ആശങ്കകൾ

അമേരിക്കയുടെ അധിനിവേശം 9/11 ഭീകരാക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടുകൂടി ആയിരുന്നു എന്നും, അത് അധികകാലം നീണ്ടു നിൽക്കില്ല എന്നും ഏറ്റവും നന്നായി അറിയാവുന്നത് താലിബാന് തന്നെ ആയിരുന്നു. അഫ്‌ഗാനിസ്ഥാനോട് ഒരു പരിധിയിൽ കവിഞ്ഞ യാതൊരു പ്രതിബദ്ധതയും അമേരിക്കയ്ക്ക് കാണില്ല എന്നും അവർക്ക് നന്നായറിയാം. തൊണ്ണൂറുകളുടെ പകുതിയിൽ അഫ്‌ഗാനിസ്ഥാൻ ഭരിച്ചിരുന്ന കാലത്തെ താലിബാന്റെ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് അവർ തരിമ്പും പിന്നോട്ട് ചലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സ്ത്രീകളോടുള്ള അവരുടെ സമീപനം അടക്കമുളള വിഷയങ്ങളിൽ വലിയ ആശങ്കകളാണ് അന്താരാഷ്ട്ര സമൂഹത്തിനുള്ളത്. 

അതുപോലെ അധികാരം തിരിച്ചു പിടിക്കുന്ന താലിബാൻ അഫ്‌ഗാനിസ്ഥാന്റെ മണ്ണിലിരുന്നു എന്തൊക്കെയാണ് ഇനി ചെയ്യാൻ പോവുക എന്നതും അപ്രവചനീയമായ ഒരു കാര്യമാണ്. പരിഷ്‌കൃത ലോകത്തിന്റെ യാതൊരു വിധ സാമാന്യ മര്യാദകളും ബാധകമല്ലാത്ത അതിക്രൂരമായി പെരുമാറുന്ന ഒരു പോരാളിസംഘമാണവർ. കഴിഞ്ഞ ദിവസം, കീഴടങ്ങിയ 22 അഫ്‌ഗാനിസ്താനി കമാൻഡോകൾ അവർ നിർദയം വെടിവെച്ചു കൊന്നുകളയുന്നതിന്റെ വീഡിയോ തന്നെ അതിനുദാഹരണമാണ്. 

വൈദേശിക ഇടപെടൽ എത്രമാത്രം ? 

അധികാരത്തിനു വേണ്ടിയുള്ള താലിബാൻ-അഫ്‌ഗാനിസ്ഥാൻ ഗവണ്മെന്റ് പോരാട്ടത്തിനിടെ വൈദേശിക ശക്തികളുടെ സ്വാധീനം എന്തുമാത്രം ഉണ്ടാകും എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. എന്നും 'ഗ്രെയ്റ്റ് ഗെയിം സിൻഡ്രത്തിന്റെ' ഭാഗമായിരുന്ന അഫ്‌ഗാനിസ്ഥാനിലേക്ക് ചൈന, റഷ്യ എന്നിവരുടെ ഇടപെടൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതുപോലെ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും വളരെ തന്ത്രപരമായ ഒരു ദൂരം നിലനിർത്താനും ഇടയുണ്ട്. തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾ ഇറാനെക്കൊണ്ടും പാകിസ്താനെക്കൊണ്ടും എന്തെന്തൊക്കെ പ്രവർത്തിപ്പിക്കും എന്നു ഊഹിക്കാൻ പോലും സാധിച്ചെന്നു വരില്ല. പിന്നെയുള്ളത് ഇന്ത്യയാണ്. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ  താത്പര്യങ്ങൾ, അവിടെ ഇന്ത്യ നടത്തിയിട്ടുള്ള മൂന്നു മില്യൺ ഡോളറിന്റെ നിക്ഷേപങ്ങളുടെ പേരിൽ മാത്രമല്ല. അത് അതിനേക്കാളൊക്കെ എത്രയോ വലുതാണ്. അഫ്‌ഗാനിസ്ഥാനിൽ ഇനി എന്ത് നടക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.  

 

* 'ദ ക്വിന്റി'ൽ ആദ്യം പ്രസിദ്ധപ്പെടുത്തിയത്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!