അന്ന് ധോണിയുടെ വീടിന് മുന്നില്‍ ആരാധകനായി നിന്നു; ഇന്ന് ധോണിയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നു

By Web DeskFirst Published May 21, 2017, 5:39 PM IST
Highlights

ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണില്‍ പൂനെയുടെ അപ്രതീക്ഷിത കുതിപ്പിന് കാരണക്കാരായവര്‍ നിരവധി പേരുണ്ട്. ബെന്‍ സ്റ്റോക്സും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും എംഎസ് ധോണിയുമെല്ലാം. എന്നാല്‍ തുടക്കത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പൂനെയുടെ സൂപ്പര്‍ ഓപ്പണറായ ഒരു താരമുണ്ട്, ധോണിയുടെ നാട്ടുകാരനായ ഓപ്പണര്‍ രാഹുല്‍ ത്രിപാഠി എന്ന 26കാരന്‍. തുടക്കത്തില്‍ രാഹുല്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങളായിരുന്നു പൂനെയുടെ കുതിപ്പിന് പിന്നിലെ ഒരു കാരണം. കൊല്‍ക്കത്തയ്ക്കെതിരെ 52 പന്തില്‍ 93 റണ്‍സടിച്ച ത്രിപാഠിയുടെ ഇന്നിംഗ്സ് ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. അന്ന് കുല്‍ദീപ് യാദവിനെ തുടര്‍ച്ചയായി മൂന്ന് സിക്സറിന് പറത്തിയ രാഹുലിന്റെ പ്രകടനം ആരാധകര്‍ അത്ര പെട്ടൊന്നൊന്നും മറക്കുകയുമില്ല.

ഒരിക്കല്‍ ആരാധനയോടെ കണ്ട താരത്തിനൊപ്പം ബാറ്റ് ചെയ്യേണ്ടിവന്നതിന്റെ അങ്കലാപ്പും ആശങ്കയും ത്രിപാഠി ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. മറ്റാരുമല്ല തന്റെ നാട്ടുകാരനായ എംഎസ് ധോണി തന്നെ. റാഞ്ചിയിലെ ധോണിയുടെ വീടിന് മുന്നില്‍ ആരാധകനായി പലവട്ടം പോയി നിന്നിട്ടുണ്ട് ത്രിപാഠി. ഇന്ന് അതേ ധോണിയ്ക്കൊപ്പം ക്രീസില്‍ നില്‍ക്കുന്നതിനെക്കുറിച്ചാണ് ത്രിപാഠി മനസുതുറന്നത്.

നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുമ്പോള്‍ ധോണിയായിരുന്നു ത്രിപാഠിക്ക് കൂട്ടായി എത്തിയത്. നമ്മള്‍ രണ്ടുപേരും രണ്ട് റൗണ്ട് വീതം ബാറ്റ് ചെയ്യാമെന്ന് ധോണി പറഞ്ഞപ്പോള്‍ ഞാനാകെ ആശങ്കയിലായി. അടുത്ത അഞ്ചോ ആറോ പന്തുകള്‍ എനിക്ക് ശരിക്കും നേരിടാന്‍ പോലും പറ്റിയില്ല. കാരണം എന്റെ ആരാധ്യപുരുഷനായ ധോണി ഞാന്‍ ബാറ്റു ചെയ്യുന്നതും നോക്കി തന്റെ ഊഴം കാത്ത് മറുവശത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ധോണിയുടെ നാട്ടുകാരനാമെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ത്രിപാഠി കളിക്കുന്നത്.

click me!