ഒടുവിൽ പൂജാ ബംപറടിച്ച ഭാഗ്യടിക്കറ്റ് ഹാജരാക്കി, 10 കോടിയുടെ ഭാഗ്യം ഗുരുവായൂർ സ്വദേശിക്ക്; പേര് 'രഹസ്യം' തന്നെ

By Web TeamFirst Published Jan 20, 2023, 5:14 PM IST
Highlights

പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ചകൊണ്ടാണ് ഉടമ ടിക്കറ്റ് ഹാജരാക്കിയത്

തൃശൂർ: കാത്തിരിപ്പിനൊടുവിൽ പൂജ ബംപറടിച്ച ഭാഗ്യവാന്‍ ടിക്കറ്റ് ഹാജരാക്കി. ഭാഗ്യശാലിയുടെ പേര് രഹസ്യമാക്കി വച്ചുകൊണ്ടാണ് ടിക്കറ്റ് ഹാജരാക്കിയത്. രണ്ടു മാസം മുമ്പ് 10 കോടിയുടെ പൂജാ ബംപർ ലോട്ടറിയടിച്ച ടിക്കറ്റ് ലോട്ടറി ഉടമയും ടിക്കറ്റ് ഉടമയും ചേർന്ന് ഹാജരാക്കിയിരുന്നു. പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ചകൊണ്ടാണ് ഉടമ ടിക്കറ്റ് ഹാജരാക്കിയെന്ന് ഏജന്റ് വ്യകതമാക്കി. ഗുരുവായൂർ സ്വദേശിയാണ് പത്ത് കോടിയുടെ പൂജ ബംപറടിച്ച ഭാഗ്യവാൻ.

നവംബർ 20 നായിരുന്നു പൂജ ബംപർ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ​ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നും രാമചന്ദ്രൻ എന്ന കച്ചവടക്കാരൻ വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എന്നാൽ ആരാണ് ആ ഭാ​ഗ്യവാൻ എന്നറിയാൻ കഴിഞ്ഞ അറുപത് ദിവസമായി കാത്തിരിക്കുകയായിരുന്നു കേരളക്കര. ഒടുവിൽ ടിക്കറ്റ് ഹാജരാക്കി 'ഭാഗ്യവാൻ' മടങ്ങുമ്പോഴും പേരും വിലാസവും വിവരവും കാണാമറയത്ത് തന്നെയാണ്.

10 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്; രാമചന്ദ്രനും കിട്ടും ഒരു കോടി

25 കോടിയുടെ തിരുവോണം ബംപർ ഭാ​ഗ്യവാൻ അനൂപിന്റെ അനുഭവങ്ങൾ മുന്നിൽ ഉള്ളത് കൊണ്ടാണ് പൂജാ ബംപർ വിജയി രം​ഗത്തെത്താത്തത് എന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ഓണം ബംപർ ഒന്നാം സമ്മാനം ലഭിച്ചത് അനൂപിനാണെന്ന് നറുക്കെടുപ്പ് ദിവസം വൈകുന്നേരം തന്നെ പുറംലോകം അറിഞ്ഞിരുന്നു. പിറ്റേ ദിവസം മുതല്‍ വീട്ടില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ് തങ്ങൾക്കെന്ന് പറഞ്ഞ് അനൂപും കുടുംബവും രം​ഗത്തെത്തിയ കാഴ്ചയാണ് പിന്നീട് കേരളക്കര കണ്ടത്. ഒരുപക്ഷേ ഇതാകാം പൂജാ ബംപർ വിജയി പേരും വിലാസവും രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് വിലയിരുത്തലുകൾ.

click me!