ബസുകള്‍ നിരത്തിലിറക്കുന്നത് വലിയ ബാധ്യത; നികുതിയിളവും ഡീസൽ സബ്‍സിഡിയും നല്‍കണമെന്ന് ആവശ്യം

By Web TeamFirst Published May 18, 2020, 10:55 AM IST
Highlights

രണ്ട് മാസത്തോളം നീണ്ട ലോക്ക് ഡൗണ്‍ സ്വകാര്യ ബസ് വ്യവസായത്തിന്‍റെ ഭാവി കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. 

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിച്ചതു കൊണ്ട്  മാത്രം  സർവീസ് നടത്താൻ ആവില്ലെന്ന് ബസ് ഉടമകളുടെ സംഘടന. നികുതിയിളവും ഡീസൽ സബ്‍സിഡിയും നൽകണം. മിനിമം ചാർജ് 20 രൂപയാക്കി രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും  രണ്ട് രൂപ നിരക്കിൽ ചാർജ് കൂട്ടണം. ഇക്കാര്യം ഗതാഗത മന്ത്രിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും  ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു.

രണ്ട് മാസത്തോളം നീണ്ട ലോക്ക് ഡൗണ്‍ സ്വകാര്യ ബസ് വ്യവസായത്തിന്‍റെ ഭാവി കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. യാത്ര നിരക്ക് വര്‍ധിപ്പിച്ചാലും സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് പുതുക്കല്‍ അടക്കം ഒരു ബസ്സ് ഇനി പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒന്നരലക്ഷത്തോളം മുടക്കേണ്ടി വരും.

രണ്ട് മാസത്തോളാമായി നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്‍റെ മുന്‍ഭാഗത്തെ രണ്ട് ടയറെങ്കിലും മാറ്റേണ്ടി വരും. ബസ് ഓടാത്തതിനാല്‍ ബാറ്ററികള്‍ പ്രവര്‍ത്തനക്ഷമല്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് മുന്നോടിയായി പെയിന്‍റിംഗ് പണികള്‍ പൂര്‍ത്തിയാക്കണം. 240 കി.മി. ഒരു ദിവസം സര്‍വ്വീസ് നടത്തുന്ന ബസിന് ഡീസല്‍ ചിലവ് മാത്രം 4200 രൂപയോളം വരും. ജീവനക്കാരുടെ വേതവമടക്കം പ്രതിദനം 9000 രൂപയോളം ചെലവുണ്ടാകും. 23 യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന ബസിന്, യാത്രാനിരക്ക് ഇരട്ടിയാക്കിയാലും  ഒരു ദിവസം ഈ വരുമാനം കണ്ടെത്താന്‍ പ്രയാസമാകും.

click me!