'ജീവനും അഭിമാനവും കാക്കാനുള്ള ധീരത വേണം, ഗാർഹിക പീഡനം സഹിക്കേണ്ട കാര്യം പെൺകുട്ടികൾക്കില്ല'

By Web TeamFirst Published Jun 22, 2021, 11:57 PM IST
Highlights

വിസ്മയയുടെ കേസിൽ അവരുടെ മരണാനന്തരം മാത്രമാണ് സ്ത്രീധനം ഒരു വിഷയമായി ഉയർന്നു വന്നത്. അതു പാടില്ല. ഏതൊരു സാഹചര്യത്തിലും സ്ത്രീധനം എന്ന ദുരാചാരത്തെ എതിർക്കാനും തടയാനും നമ്മുക്ക് സാധിക്കണം. 

നമ്മുടെ കുട്ടികളുടെ ജീവന് വിലയിടണോ എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നടത്തിയ ക്ലബ് ഹൗസ് ചർച്ചയിൽ നിന്നും - 

വിസ്മയയുടെ മരണം അങ്ങേയറ്റം വേദനിപ്പിക്കുന്നതും നമ്മളെയൊക്കെ നാണം കെടുത്തുന്നതുമാണ്. സ്ത്രീധന നിരോധനനിയമം നടപ്പിലായി അറുപത് കൊല്ലം കഴിഞ്ഞിട്ടും പെൺകുട്ടി അതേ അനാചാരത്തിന് ഇരയായി മരണപ്പെടുക എന്നു വച്ചാൽ എത്രത്തോളം അപമാനിതരാവുകയാണ് നാം എന്നു ചിന്തിക്കണം.  സ്ത്രീധനം ഒരു കടുത്ത അനീതിയും തെറ്റുമാണ് നമ്മുടെ ചെറുപ്പക്കാർ തിരിച്ചറിയാത്ത കാലത്തോളം അതിനെ പൂർണമായും ഇല്ലാതാക്കാൻ നമ്മുക്കാവില്ല. 

വിസ്മയയുടെ കേസിൽ അവരുടെ മരണാനന്തരം മാത്രമാണ് സ്ത്രീധനം ഒരു വിഷയമായി ഉയർന്നു വന്നത്. അതു പാടില്ല. ഏതൊരു സാഹചര്യത്തിലും സ്ത്രീധനം എന്ന ദുരാചാരത്തെ എതിർക്കാനും തടയാനും നമ്മുക്ക് സാധിക്കണം. കഴിഞ്ഞ സർക്കാർ സ്ത്രീധനം വിരുദ്ധ പ്രചാരണം വളരെ ശക്തമായി ആരംഭിച്ചിരുന്നു. വനിത ശിശുക്ഷേമവകുപ്പ് ഡയറക്ട‍ർ ടിവി അനുപമ ഐഎഎസ് നല്ലരീതിയിൽ ഇക്കാര്യങ്ങൾ ചെയ്തു വന്നിരുന്നു. എന്നാൽ കൊവിഡ് കടന്നുവന്നതോടെ നമ്മുക്ക് പിന്നീട് ആ നിലയിലുള്ള പ്രചാരണം ശക്തമായി കൊണ്ടു പോകാൻ സാധിക്കാത്ത ഒരു സാഹചര്യം വന്നു. ‌

വനിതാശിശുക്ഷേമം കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ ​ഗാർഹിക പീഡനത്തിന് ഇരയായ നിരവധി പേരെ എനിക്ക് അറിയാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ സമൂഹം എന്തു കരുതും എന്ന അനാവശ്യ ചിന്തയും സ്വന്തം ഭർത്താവിനെതിരെ പരാതിക്കാരിയായി നിൽക്കാനുള്ള സ്ത്രീകളുടെ മനപ്രയാസവും കർശന നടപടികൾ സ്വീകരിക്കാൻ തടസമായിട്ടുണ്ട്. ഭർത്താവിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റ ഒരു വീട്ടമ്മ എൻ്റെ ഇടപെടൽ മൂലം പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് നടപടി ആരംഭിച്ചതോടെ ഈ ഒരു തവണ ക്ഷമിക്കണം മാഡം എന്നു പറഞ്ഞ് അവർ തന്നെ പരാതി പിൻവലിക്കുന്ന അവസ്ഥയുണ്ടായി. 

സ്ത്രീധനമായാലും ​ഗാർഹിക പീഡനങ്ങളായാലും ഇതിനെയെല്ലാം തടയാനും കൈകാര്യം ചെയ്യാനും തക്ക ശക്തിയുള്ള നിയമങ്ങൾ ഇവിടെയുണ്ട്. എന്നാൽ ഇതേക്കുറിച്ച് പൊതുജനത്തിന് വലിയ അവ​ഗാഹമില്ല എന്നതാണ് ഒരു പ്രശ്നം. നാട്ടുകാരെന്ത് വിചാരിക്കും കുടുംബക്കാർ എന്തു കരുതും എന്ന് വിചാരിച്ച് നിയമനടപടികളോട് മുഖം തിരിക്കുന്നതാണ് മറ്റൊരു പ്രശ്നം.  സ്ത്രീധനം കൊടുത്ത് ബാധ്യത തീർക്കുന്നതാണോ ഒരു പെൺകുഞ്ഞിനോടുള്ള മാതാപിതാക്കളുടേയും സമൂഹത്തിൻ്റേയും ഉത്തരവാദിത്തം. മറ്റൊരാൾ അധ്വാനിച്ച് ഉണ്ടാക്കിയ സമ്പത്ത് മോഹിച്ചല്ല ഒരു ചെറുപ്പാക്കരനും വിവാഹം കഴിക്കേണ്ടതും. ഇക്കാര്യം ഒരോ കുടുംബവും തങ്ങളുടെ കുട്ടികളെ ബോധവത്കരിക്കാൻ ശ്രമിച്ചാൽ തന്നെ ഈ വിപത്തിനെ ഒരു പരിധി വരെ തടയാനാവും. വിസ്മയയുടെ കാര്യത്തിൽ പോലും സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയ ആ പെണ്കുട്ടി അവളുടെ ഭർത്താവിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അയാളെ വിശ്വസിച്ച് തിരികെ പോയത്. സ്ത്രീധനമായി കിട്ടിയ കാർ വരെ ഭാര്യ വീട്ടിൽ കളഞ്ഞിട്ടാണ് ഭർത്താവ് പോയത് എന്നാണ് ഞാൻ മനസിലാക്കുന്നത്. സ്നേഹവും കരുതലും എല്ലാം പെണ്കുട്ടികൾക്ക് വേണം അതിനപ്പറും സ്വന്തം വ്യക്തിതത്വവും ജീവനും സംരക്ഷിക്കാനുള്ള ധീരത കൂടി പകർന്നു വേണം പെണ്കുട്ടികളെ നാം വളർത്താൻ - കെകെ ശൈലജ ടീച്ചർ എംഎൽഎ


ഈ പൊലീസ് സ്റ്റേഷനിൽ പോകുന്നതും മറ്റും പെൺകുട്ടികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണ്. ഒരു കുടുംബ പ്രശ്നം സ്വകാര്യമായി നിലനി‍ർത്തുകയും പരിഹരിക്കുകയും വേണം എന്നാണ് പെൺകുട്ടികളും അവരുടെ കുടുംബങ്ങളും ആ​ഗ്രഹിക്കുന്നത്. സത്യത്തിൽ സ്ത്രീധന പ്രശ്നങ്ങളും ​ഗാർഹിക പീഡനമടക്കമുള്ള അതിക്രമങ്ങളും വിപുലമായ നിയമസംവിധാനങ്ങൾ ഉണ്ട്. എന്നാൽ ആളുകൾക്ക് ഇതേക്കുറിച്ച് അറിയാത്തതിനാൽ തന്നെ ഇവയെല്ലാം നിർജീവമാണ്. 

സ്ത്രീധനം നിരോധനം നടപ്പാക്കാനായി പ്രത്യേക ചുമതലയുള്ള ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്സിനെ ​ഗൈഡ് ചെയ്യാൻ പ്രത്യേക ഉപദേശക സമിതി വേണമെന്നു വരെ നിയമമുണ്ട്. ഇതൊന്നും പക്ഷേ എവിടെയും നടപ്പാക്കാറില്ല എന്നു മാത്രം. വിസ്മയക്ക് ഇപ്പോൾ ഇങ്ങനെ സംഭവിച്ചതിനാലും ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞു അല്ലെങ്കിൽ ഞങ്ങടെ കുട്ടിക്ക് ഞങ്ങൾ കൊടുത്തു എന്നത് മാത്രമായി അതങ്ങ് ഒതുങ്ങി പോയേനെ ഉദ്യോ​ഗസ്ഥ‍ർ സ്വന്തം നിലയിൽ കേസെടുത്താലും സ്ത്രീധനം ആവശ്യപ്പെട്ടെന്നോ നൽകിയെന്നോ വധുവിൻ്റെ വീട്ടുകാർ പറയാത്ത കാലത്തോളം നിയമപരമായി ഒരു സാധ്യതയും ഇല്ല - സപ്ന പരമേശ്വർനാഥ് 

വിസ്മയക്ക് സംഭവിച്ച ദുരന്തം ഒരു മനുഷ്യജീവിയെന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്നതാണ്. എന്നാൽ ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ വിസ്മയ അസാധാരണ ജീവിതമായി  മാറുന്നത് സ്വന്തം ജീവൻ നഷട്പ്പെടും മുൻപ് എല്ലാ തെളിവുകളും അവൾ ശേഖരിച്ചു എന്നിടത്താണ്.  തൻ്റെ ജീവിതവും കുടുംബവും നശിപ്പിച്ചയാൾക്കെതിരെ എല്ലാ തെളിവുകളും പലരിലേക്കായി അവൾ എത്തിച്ചു. അച്ഛനേയും അമ്മയേയും അറിയിച്ചില്ലെങ്കിലും അടുത്ത ചില ബന്ധുക്കൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ അവൾ അയച്ചു കൊടുത്ത വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഇല്ലായിരുന്നു എന്നുണ്ടെങ്കിൽ ഈ മരണം എങ്ങനെ ഒരു രണ്ട് കോളം വാർത്തയായി ഒതുങ്ങുമായിരുന്നു എന്ന് സങ്കൽപിച്ചു നോക്കുക - - ധന്യ രാജേന്ദ്രൻ 

click me!