കുതിരാൻ തുരങ്കം തുറക്കുമെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഉറപ്പ് പാഴ്‌വാക്കായി

By Web TeamFirst Published Jan 31, 2021, 9:51 AM IST
Highlights

ഈ വേഗത്തിൽപ്പോയാൽ തുരങ്കമടക്കം ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാൻ ചുരുങ്ങിയത് അറ് മാസത്തിലേറെ സമയമെടുക്കുമെന്നതാണ് യാഥാർത്ഥ്യം

തൃശ്ശൂർ: കുതിരാൻ തുരങ്കം ജനുവരി 31 നകം തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാഴ്‍വാക്കായി. കഴിഞ്ഞ മാസം കേരളയാത്രയ്ക്ക് തൃശ്ശൂരിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവർ ഇതാവർത്തിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരു തുരങ്കം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണ്ടി വരുമെന്നാണ് കരാർ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെന്ന് മാത്രമല്ല, ഈ വേഗത്തിൽപ്പോയാൽ തുരങ്കമടക്കം ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാൻ ചുരുങ്ങിയത് അറ് മാസത്തിലേറെ സമയമെടുക്കുമെന്നതാണ് യാഥാർത്ഥ്യം. തുരങ്കത്തിലെ സുരക്ഷാ ജോലികൾ ഇനിയും ബാക്കിയുണ്ട്. അഗ്നി സുരക്ഷാ സംവിധാനങ്ങൾ പൂർണമായിട്ടില്ല. വാഹനങ്ങൾ പോകുമ്പോൾ പൊടി പുറത്തേക്ക് പോകാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ മാസം പാറക്കല്ല് വീണ് തുരങ്ക മുഖത്ത് ദ്വാരമുണ്ടായത്. ഇത് കോൺക്രീറ്റിന്റെ സുരക്ഷയെക്കുറിച്ചും നാട്ടുകാരിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. 

എക്സ്സോസ്റ്റ് ഫാനുകൾ സ്ഥാപിക്കുന്നതും കോൺക്രീറ്റ് കവചം സ്ഥാപിക്കുന്ന പണിയും എങ്ങുമെത്തിയില്ല. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമുള്ള പാറക്കെട്ടുകൾ പൊളിച്ച് നീക്കാൻ തന്നെ ഒരു മാസത്തിലേറെ വേണ്ടി വരും. തുരങ്കത്തിലേക്ക് വഴുക്കുംപാറയിൽ നിന്ന് പുതിയ റോഡ്, സർവീസ് റോഡുകളുടെ നിർമ്മാണം എന്നിവയും ബാക്കിയാണ്. കൂടുതൽ തൊഴിലാളികളെ എത്തിച്ച് പണി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി. ശമ്പളക്കുടിശ്ശിക നൽകാത്തതിനാൽ ഇടക്കിടെ തൊഴിലാഴികൾ പണി നിർത്തുന്നതും പതിവാണ്. എന്തായാലും തുരങ്ക പാതയിലൂടെ ഒരു യാത്ര, വർഷങ്ങൾക്കിപ്പുറവും ഒരു സ്വപനം മാത്രമായി അവശേഷിക്കുന്നു.

click me!