'കൊവിഡ് മരണമായി കണക്കാക്കുന്നത് എപ്പോൾ? ടെസ്റ്റിംഗ് കുറവോ?', വിശദീകരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 28, 2020, 9:33 PM IST
Highlights

'മരണകാരണമായേക്കാവുന്ന മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവരുടേത് എല്ലാം കൊവിഡ് മരണമാകണമെന്നില്ല. ഇവരുടെ മരണത്തിന് കൊവിഡ് കാരണമായോ എന്ന് പരിശോധിക്കേണ്ടത് ആരോഗ്യവകുപ്പിന്‍റെ വിദഗ്ധ സംഘമാണ്. അവരുടെ റിപ്പോർട്ട് അനുസരിച്ചാകും കൊവിഡ് മരണമാണോ എന്ന് തീരുമാനിക്കുക'

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരിൽ മരണമടയുന്ന എല്ലാവരുടേതും കൊവിഡ് മൂലമുള്ള മരണമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി. ഇതിന് ലോകാരോഗ്യസംഘടന നിർദേശിക്കുന്ന പ്രത്യേക മാർഗരേഖയുണ്ട്. അതനുസരിച്ചാകും കൊവിഡ് മരണങ്ങൾ കണക്കാക്കുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനുള്ള നടപടിക്രമങ്ങളും വിശദീകരിച്ചു. ഒപ്പം കേരളത്തിന്‍റെ ടെസ്റ്റിംഗ് നിരക്ക് കുറവാണെന്ന ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളയുന്നു. 

''മാധ്യമങ്ങൾ കുറേയേറെ കൊവിഡ് മരണം റിപ്പോ‍ർട്ട് ചെയ്യുന്നു, അത് കണക്കിലില്ല എന്നും പരാതി വരുന്നു. എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല. കൊവിഡ് പോസിറ്റീവായ ആൾ മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. ഡബ്ല്യുഎച്ച്ഒ മാർഗരേഖ അനുസരിച്ച് ആണ് കൊവിഡ് മരണം സ്ഥിരീകരിക്കുക. ഇതനുസരിച്ച് കൊവിഡ് മൂർച്ഛിച്ച് അത് മൂലം അവയവങ്ങളെ ബാധിച്ച് മരണമടഞ്ഞാലേ അത് കൊവിഡ് മരണമാകൂ'', മുഖ്യമന്ത്രി പറയുന്നു.

''ഉദാഹരണത്തിന് കൊവിഡ് ബാധിച്ചയാൾ മുങ്ങി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ അപകടത്തിൽ മരിച്ചാലോ അത് കൊവിഡ് മരണമല്ല, മരണകാരണമായേക്കാവുന്ന ഗുരുതരമായ മറ്റ് രോഗമുള്ളയാൾ മരിച്ചാലും അത് കൊവിഡ് മരണമാകണമെന്നില്ല. രോഗം മൂർച്ഛിക്കാൻ കാരണം കൊവിഡാണോ എന്ന് പരിശോധിച്ച ശേഷമേ പറയാനാകൂ. ഇത് ആരോഗ്യവകുപ്പിന്‍റെ വിദഗ്ധസംഘമാണ് തീരുമാനിക്കുക'', മുഖ്യമന്ത്രി വ്യക്തമാക്കി.

അതോടൊപ്പം ടെസ്റ്റുകളുടെ എണ്ണം കുറവാണെന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി പറയുന്നു. ''ആരോഗ്യപ്രവർത്തകർ രാപ്പകലില്ലാതെ സേവനം അനുഷ്ഠിച്ച് പരിശോധന ഊർജിതമാക്കുകയാണ്. കേസിന്‍റെ എണ്ണമനുസരിച്ചാണ് ഓരോ സ്ഥലത്തും ടെസ്റ്റുകൾ നടത്തുന്നത്. 35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്ററുകളിലുള്ളത്. തിരുവനന്തപുരത്ത് ഓരോ ടീമിനും പ്രതിദിനം 50 ആന്‍റിജൻ കിറ്റുകളും സെന്‍റിനൽ സർവൈലൻസ് ടീമിന് 300 ആന്‍റിജൻ ടെസ്റ്റുകളുമാണ് നൽകിയിട്ടുള്ളത്. ഓരോ ആളുടെയും സ്രവമെടുത്ത് ഫലം രേഖപ്പെടുത്താൻ അരമണിക്കൂറോളം എടുക്കും. അതനുസരിച്ച് അവസാനം എടുത്തയാളുടെ ഫലം വരാൻ അൽപം വൈകും.

ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമ്പോൾ, ലാബിൽ ഓരോ സ്ഥലത്തെയും സാമ്പിളുകൾ തരം തിരിച്ച് ലേബൽ ഒട്ടിച്ച് റജിസ്റ്റർ ചെയ്ത് കമ്പ്യൂട്ടറിൽ എന്‍റർ ചെയ്താണ് പ്രക്രിയയിലേക്ക് കടക്കുക. ഒരു ആർടിപിസിആർ ടെസ്റ്റിന് ചുരുങ്ങിയത് ആറ് മണിക്കൂർ വേണം. പരിശോധന ഐസിഎംആർ ഗൈഡ്‍ലൈൻ അനുസരിച്ചേ നടത്താനാകൂ. ഏതിലെങ്കിലും സംശയം തോന്നിയാൽ വീണ്ടും അത്രയും സമയമെടുക്കും. റിപ്പീറ്റ് അന്ന് തന്നെ ചെയ്യാനാകില്ല. വീണ്ടും സംശയം വന്നാൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. ഫലം ആരോഗ്യവകുപ്പിന്‍റെ മോണിറ്ററിംഗ് പോർട്ടലിലാണ് അപ്‍ലോഡ് ചെയ്യുന്നത്. പോസിറ്റീവായാൽ ഫലം ജില്ലാ മെഡിക്കൽ ഓഫീസർക്കും സർവൈലൻസ് ഓഫീസർക്കും നേരിട്ട് കാണാം. ഇതനുസരിച്ച് അവർ തുടർനടപടിയെടുക്കും. പതിനാല് ജില്ലകളിലെയും ഫലം സ്റ്റേറ്റ് കൺട്രോൾ റൂമിലെത്തും. അതാണ് സംസ്ഥാനത്തെ അന്നത്തെ ആകെ കണക്ക്. നെഗറ്റീവായാൽ ജില്ലാ കൺട്രോൾ റൂമിലും സംസ്ഥാന കൺട്രോൾ റൂമിലേക്കുമാണ് അയക്കുക.

ശ്വാസതടസ്സമുള്ളവർ, ഗർഭിണികൾ, എയർപോർട്ട് ജീവനക്കാർ, വൃദ്ധർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർക്ക് മുൻഗണന നൽകി എമർജൻസി ഫലം നൽകാറുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 ആർടിപിസിആർ റുട്ടീൻ സാമ്പിളുകളാണ് പരിശോധിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് ഇവരീ പരിശോധന നടത്തുന്നത്. അവരുടെ മനോവീര്യം തകർക്കരുത്. പരിശോധന പരമാവധി കൂട്ടാനാണ് ശ്രമം'', മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സമ്പർക്കരോഗികൾ കൂടുന്നതിന് മുമ്പ് കേരളത്തിന്‍റെ ടെസ്റ്റിംഗ് നിരക്ക് കുറവാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. കേസുകളുടെ എണ്ണം പ്രതിദിനം നാനൂറ് കടന്ന് തുടങ്ങിയപ്പോഴാണ് കേരളം ടെസ്റ്റിംഗ് നിരക്കും കാര്യമായി കൂട്ടിയത്. തമിഴ്നാടിനെയും മറ്റ് സംസ്ഥാനങ്ങളെയും കണക്കിലെടുക്കുമ്പോൾ മുമ്പ് കേരളത്തിന്‍റെ ടെസ്റ്റിംഗ് നിരക്ക് കുറവായിരുന്നു എന്നാണ് ഐഎംഎ അടക്കം വ്യക്തമാക്കിയിരുന്നത്. നിലവിൽ പ്രതിദിനം ഇരുപതിനായിരത്തോളം ടെസ്റ്റുകളാണ് കേരളം നടത്തുന്നത്. എന്നാൽ സംസ്ഥാനസ‌ർക്കാരിന്‍റെ തന്നെ കണക്കുകൾ അനുസരിച്ച് ജൂൺ മാസം ആദ്യവാരം വരെ ഏതാണ്ട് പ്രതിദിനം രണ്ടായിരത്തോളം സാമ്പിളുകൾ മാത്രമാണ് കേരളം പരിശോധനയ്ക്ക് അയച്ചിരുന്നത്. 

click me!