'മണ്ണിടിച്ചിൽ മേഖലകളില്‍ സര്‍ക്കാര്‍ ചിലവില്‍ നിർമ്മാണപ്രവർത്തനം'; നിയമലംഘനത്തില്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം

By Web TeamFirst Published Aug 12, 2019, 5:15 PM IST
Highlights

'റിസർവ് വനഭൂമിയിൽ കുന്നിടിക്കുന്നതിന് ആരാണ്  ഇടുക്കി കളക്ടർക്ക് അധികാരം നൽകിയത്'?

ഇടുക്കി: പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ ഷോലവനങ്ങളും പുൽമേടുകളും ഉള്‍പ്പെടുന്ന മേഖലകളില്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങള്‍ നിയമലംഘനമാണെന്നും അന്വേഷണം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ. 

'റിസര്‍വ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട പെരിയാർ ടൈഗർ റിസർവ്വിന് അടുത്തുള്ള സത്രം-പുല്ലുമേട് ഭാഗത്ത് നടക്കുന്ന പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷണം ആവശ്യമാണ്. കേരളത്തില്‍ സദാ കോടമഞ്ഞിറങ്ങുന്ന റിസർവ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണ് പെരിയാർ ടൈഗർ റിസർവ്വിന് അടുത്ത സത്രം-പുല്ലുമേട് ഭാഗം.

സംരക്ഷിക്കപ്പെടേണ്ട ഈ ഭാഗം പഞ്ചായത്ത് മാലിന്യം കൊണ്ടിടാനുള്ള സ്ഥലമാക്കി മാറ്റി. നിലവില്‍ എന്‍സിസിയ്ക്ക് ഹെലിപ്പാട് പണിയാൻ  4 ഏക്കർ ഭൂമി ജില്ലാ കളക്ടർ അനുവദിച്ചു. അത് നിർമ്മിക്കാനായി ജെസിബി കുന്ന് ഇടിച്ചു നിരത്തി'. മഴ പെയ്തതോടെ വലിയ തോതില്‍ മണ്ണിടിഞ്ഞു വീണ് സ്ഥലം കുരുതിക്കളം ആയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

റിസർവ് വനഭൂമിയിൽ കുന്നിടിക്കുന്നതിന് ആരാണ്  ഇടുക്കി കളക്ടർക്ക് അധികാരം നൽകിയതെന്നും നിയമലംഘനമാണുണ്ടായതെന്നും ഹരീഷ് വ്യക്തമാക്കി. റിസർവ് വനഭൂമിയിലെ കുന്ന് ഇടിച്ചുനിരത്താന്‍ അനുമതി നല്‍കിയതിനെക്കുറിച്ചും നിയമലംഘനത്തിൽ സ്ഥലം എംഎല്‍എയായ ബിജിമോളുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കി. 


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

MLA വിളിച്ചു വരുത്തുന്ന ദുരന്തം.

പെരിയാർ ടൈഗർ റിസർവ്വിന് അടുത്ത സത്രം-പുല്ലുമേട് ഭാഗമാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ ഷോലവനങ്ങളും പുൽമേടും. കേരളത്തിലെ പടിഞ്ഞാട്ട് ഒഴുകുന്ന 41 നദികളിൽ 4 മാസത്തെ മഴ കഴിഞ്ഞിട്ടും ഏപ്രിൽ-മെയ് മാസം വരെ നിലയ്ക്കാതെ ഒഴുകുന്നത് എവിടുന്ന് വെള്ളം കിട്ടിയിട്ടാണെന്നാണ് നിങ്ങൾ കരുതുന്നത്? ഡാമിൽ നിന്ന് മാത്രമോ?

പശ്ചിമഘട്ടം ഒരു ജലഗോപുരം പോലെ വെള്ളം പിടിച്ചുവെച്ചു ചെറിയ അളവിൽ അരുവികളായി പുറത്തു വിടുന്നത് നമുക്ക് ഓരോ ഷോലയിലും നേരിൽ കാണാം. നൂറ്റാണ്ടുകൾ എടുത്താണ് ഈ മൊട്ടക്കുന്നുകൾ ശക്തമായ കാറ്റിനെ മറികടന്നു സസ്യാവരണം ഉണ്ടാക്കി മണ്ണൊലിപ്പ് തടഞ്ഞു ഈ ആവാസവ്യവസ്ഥ ഉണ്ടാക്കി എടുത്തത്.

കേരളത്തിന്റെ നിറുകയിൽ, സദാ കോടമഞ്ഞിറങ്ങുന്ന റിസർവ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണിത്. പഞ്ചായത്ത് മാലിന്യം കൊണ്ടിടാനുള്ള സ്ഥലമാക്കി മാറ്റി !! ഈ മാലിന്യം ഓരോ മഴയ്ക്കും എത്ര ജീവികളെ കൊന്നൊടുക്കും !! NCC യ്ക്ക് ഹെലിപ്പാട് പണിയാൻ ജില്ലാ കളക്ടർ 4 ഏക്കർ ഭൂമി നൽകിയെന്നും അത് നിർമ്മിക്കാൻ JCB വന്നു കുന്ന് അപ്പാടെ ഇടിച്ചുവെന്നും ഔദ്യോഗിക ഭാഷ്യം. റിസർവ് വനഭൂമിയിൽ എങ്ങനെ കുന്നിടിച്ചു? ഇടുക്കി കളക്ടർക്ക് ആര് അധികാരം നൽകി? റവന്യു മന്ത്രിയാണോ ഇതിനു സമ്മതം മൂളിയത്?

ഇതാ ആദ്യദിവസം മഴയിൽ മൊത്തം മണ്ണിടിഞ്ഞു വീണു. പണിക്ക് വന്ന ലോറിയും റോളറും മണ്ണ് വീണു ബ്ലോക്കായി. ആ സ്ഥലം കുരുതിക്കളം പോലെയായി. Further De-stabilisation of Hillocks in Western Ghats should be avoided എന്ന് പുനർനിർമാണ കേരളത്തിന്റെ വികസനനിർദ്ദേശ രേഖകളിൽ മുഴച്ചു നിൽക്കുമ്പോഴാണ് സർക്കാർ ചെലവിൽ ദുരന്തങ്ങൾ ഇങ്ങനെ വിളിച്ചു വരുത്തുന്നത്. ഇനിയിത് ശരിയാക്കാനും സർക്കാർ പണം തന്നെ ചെലവിടുന്നത് തോന്നിയവാസം ആണ്.

ഈ നിയമലംഘനത്തിൽ സ്ഥലം MLA ബിജിമോളുടെ റോൾ അന്വേഷിക്കണം. അവർക്കിത് ടൂറിസം ആവശ്യത്തിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം. അവർക്കിതിൽ പങ്കുണ്ടെങ്കിൽ ഉണ്ടായ നഷ്ടം അവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കണം. മുന്നറിയിപ്പുകളും നിയമവും മറികടന്ന് അശാസ്ത്രീയ ഭൂവിനിയോഗത്തിനു നിർബന്ധം പിടിക്കുന്നത് ഉദ്യോഗസ്ഥർ ആയാലും ജനപ്രതിനിധി ആയാലും അതുമൂലം ദുരന്തമുണ്ടായാൽ സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്നു അത് നികത്തണം. ഖജനാവ് നിങ്ങളുടെ തോന്നിയവാസത്തിന് ഉള്ളതല്ല.

ഇപ്പോൾ ഇത്രയുമേ പറയുന്നുള്ളൂ. ഇത് തന്നെ പറഞ്ഞത്, വരും ദിവസങ്ങളിൽ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സർക്കാർ ഒന്നുകൂടി ശ്രദ്ധിക്കാനാണ്. ബാക്കി പിന്നെ. എന്റെ ഒരിടപെടലും ഫേസ്‌ബുക്ക് പോസ്റ്റിൽ തീരാറില്ല. ബാക്കി മറുപടി സർക്കാർ ബഹു.ഹൈക്കോടതിയിൽ പറഞ്ഞാൽ മതി.

അഡ്വ.ഹരീഷ് വാസുദേവൻ.

click me!