
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ കെട്ടിക്കിടക്കുന്നു. കേസുകൾ തീർപ്പാക്കാൻ വലിയ കാലതാമസമാണ് നേരിടുന്നത്. 2015 മുതലുള്ള കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം കോടതിയില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഫാസ്റ്റ് ട്രാക്ക് സംവിധാനം ഭക്ഷ്യ സുരക്ഷാ കേസുകൾക്ക് വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പ്രശ്നങ്ങളുണ്ടായാൽ, സുരക്ഷിതമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കാനുള്ള പരിശോധനകളും കേസെടുക്കലും തകൃതിയായി നടക്കും. എന്നാൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കോടതിയിൽ നിന്ന് വേഗത്തിൽ തീർപ്പുണ്ടാകില്ല. ഈ കാലതാമസം ഒഴിവാക്കാൻ സംവിധാനം ഇതുവരെയായില്ല. ഭക്ഷ്യ സുരക്ഷാ കേസുകൾക്കായി പ്രത്യേക കോടതി, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയ്ക്കുള്ള നടപടികൾ എങ്ങുമെത്താത്തതാണ് പ്രധാനതടസ്സം.
തിരുവനന്തപുരത്തെ വിവിധ കോടതികളിൽ 2015-16 മുതലുള്ള കേസുകൾ കിടക്കുകയാണ്. പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയവയും, സുരക്ഷിതമല്ലെന്ന് കണ്ടെത്തിയവയും ഉൾപ്പടെ ഇതിലുണ്ട്. സംസ്ഥാനത്താകെ 1500ലധികം കേസുകളാണ് ഉള്ളത്. ഭക്ഷ്യസുരക്ഷാ കേസുകൾക്ക് പ്രത്യേക പരിഗണനയില്ല. മറ്റേത് ക്രിമിനൽ കേസും പോലെ ഇഴഞ്ഞാണ് കോടതികളിൽ നടപടികൾ മുന്നോട്ടു പോകുന്നത്. പുറത്ത് വലിയ കോലാഹലം നടക്കുന്നുണ്ടെങ്കിലും കോടതികളിൽ അഞ്ചും ആറും കൊല്ലം കഴിഞ്ഞാലും വിധിയോ ഫലമോ ഇല്ലാത്ത സ്ഥിതിയാണ്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ ഗൗരവം തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് ഇപ്പോഴും വേഗത്തിൽ തീർപ്പാക്കുന്ന ഫാസ്റ്റ് ട്രാക്ക് കോടതികളോ, പ്രത്യേക കോടതിയോ ഇല്ല. ഇതിനുള്ള നടപടികൾ നീങ്ങുന്നുവെന്നാണ് സർക്കാർ പറയുന്നത്. പ്രത്യേക കോടതി വന്നാൽ പ്രശ്നങ്ങളെല്ലാം തീരില്ല. സർക്കാർ ലാബുകൾക്ക് വേണ്ട അംഗീകാരമില്ലാത്തത്, സാംപിളെടുത്തതിൽ ഉണ്ടായ വീഴ്ച്ച ഇവയെല്ലാം വിചാരണ ഘട്ടത്തിൽ വില്ലനാവും.
ശിക്ഷിക്കപ്പെടുന്ന കേസുകൾ മേൽക്കോടതിയിൽ അപ്പീൽ ഹർജിയിൽ തീർപ്പാക്കപ്പെടുന്ന നിലയുമുണ്ട്. സർക്കാർ ലാബുകളുടെ പൂർണ എൻഎബിഎൽ അംഗീകാരം പോലും ആകുന്നതേ ഉള്ളൂവെന്നത് പ്രധാന കാരണം. കാലപ്പഴക്കം കാരണം മാറിവന്ന ഉദ്യോഗസ്ഥരുടെ ധാരണക്കുറവ് മറ്റൊന്ന്. ചുരുക്കത്തിൽ, പിടിക്കപ്പെടുന്നവർക്ക് തിരുത്താൻ നോട്ടീസ് നൽകലും, പിഴയീടാക്കി കേസ് ഒഴിവാക്കലുമാണ് ഇപ്പോൾ നടക്കുന്ന പ്രധാന ശിക്ഷാ നടപടികൾ. ഈ വർഷം മാത്രം 3244 കേസുകളാണ് പിഴയീടാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ തീർപ്പാക്കിയത്. കുറ്റം ചെയ്താലും ഉടനെയൊന്നും ശിക്ഷയുണ്ടാവില്ല. ശിക്ഷിച്ച് വിധിയായാലും ധാരാളം പഴുതുകളുണ്ട്. സുരക്ഷിതമല്ലാത്ത ഭക്ഷണം നൽകുന്ന കുറ്റം മേലിൽ ആവർത്തിക്കാത്ത വിധം, കുറ്റവാളികളെ അഴിക്കുള്ളിലാക്കാൻ സമഗ്രമായ സംവിധാനം ഇനിയും വരേണ്ടിയിരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam