മുഖ്യപങ്ക് മക്കൾക്ക്, കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തി, പോപ്പുലർ ഫിനാൻസ് കേസിൽ നാല് പേര്‍ അറസ്റ്റിൽ

By Web TeamFirst Published Aug 30, 2020, 10:52 AM IST
Highlights

റോയി ഡാനിയേലിന്‍റെ മക്കളായ  റിയ, റിനു എന്നിവർക്കാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എൽ എൽ പി എന്ന നിലയിൽ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നു. 

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയി ഡാനിയേലിന്‍റെ മക്കളായ  റിയ, റിനു എന്നിവർക്കാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എൽഎൽപി എന്ന നിലയിൽ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്നും നിക്ഷേപകര്‍ക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളുണ്ടെന്നും എസ്‍പി കെജി സൈമൺ വ്യക്തമാക്കി.  

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് മക്കൾ അറസ്റ്റിലായത്. സ്ഥാപന ഉടമ റോയി ഡാനിയേലും, ഭാര്യ പ്രഭ തോമസും ഇന്നലെയും പിടിയിലായി. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിഡിയോ കോൺഫറൻസിങ്ങ് വഴിയാണ് കോടതി നടപടികൾ. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ്സ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.

 

 

click me!