സിക്ക വൈറസ്: സംസ്ഥാനത്ത് എട്ട് പേര്‍ ചികിത്സയില്‍, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി

Published : Jul 15, 2021, 02:58 PM ISTUpdated : Jul 15, 2021, 03:25 PM IST
സിക്ക വൈറസ്: സംസ്ഥാനത്ത് എട്ട് പേര്‍ ചികിത്സയില്‍, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി

Synopsis

വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് ഗർഭിണികളാണ് ഉള്ളത്. സിക്ക നേരിടാൻ 7 ദിവസത്തെ ആക്ഷൻ പ്ലാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ എട്ട് പേരാണ് സിക്ക ബാധിച്ച് ചികിത്സയിലുള്ളത്. അതില്‍ മൂന്ന് പേര്‍ ഗർഭിണികളാണ്. സിക്ക വൈറസ് വ്യാപനം നേരിടാൻ 7 ദിവസത്തെ ആക്ഷൻ പ്ലാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സിക്ക സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.

സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്.

സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. നിലവില്‍ 8 കേസുകളാണുള്ളത്. അതില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. സിക്ക വൈറസ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. മൈക്രോ പ്ലാന്‍ തയ്യാറാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

സിക്ക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനില്‍ക്കുന്നു. അതിനാല്‍ ഇപ്പോഴേ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതാണ്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുന്നതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുതിയ സാഹചര്യം നേരിടാന്‍ തദ്ദേശ സ്ഥാനങ്ങളെ സജ്ജമാക്കുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതാണ്. സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നല്‍കി വരുന്നു. ഇതോടൊപ്പം ഓരോ വീട്ടിലും ബോധവത്ക്കരണം നടത്തി വരുന്നു. വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തും. രണ്ട് വകുപ്പുകളും ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സിക്ക വൈറസിനെ നേരിടാന്‍ സാധിക്കൂ. ആരോഗ്യ വകുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാര്‍ത്ഥികളിലൂടെയും അവബോധം ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പഠത്തിന്റെ ഭാഗമായി തന്നെ ബോധവത്ക്കരണം വീടുകളിലെത്തിച്ചാല്‍ വലിയ ഗുണം ലഭിക്കും. കുടുംബശ്രീ വഴിയും ബോധവത്ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡി.എം.ഒ.മാര്‍, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി
സ്വന്തം തട്ടകങ്ങളിലും അടിപതറി ട്വന്റി 20; മറ്റു പാർട്ടികൾ ഐക്യമുന്നണിയായി പ്രവർത്തിച്ചത് തിരിച്ചടിയായെന്ന് നേതൃത്വത്തിന്റെ വിശദീകരണം