
തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിച്ചുവരുന്നു. പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളിലെ ചോര്‍ച്ച, അന്തരീക്ഷത്തിലെ മെഡിക്കല്‍ ഓക്‌സിജന്‍, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍. ഇതൊഴിവാക്കി രോഗികളുടേയും ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ടെക്‌നിക്കല്‍ ഏജന്‍സിയുടെ സഹായത്തോടെ ആശുപത്രികളുടേയും ഐസിയുകളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു നിശ്ചിത കാലയളവില്‍ ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തേണ്ടതാണ്. അത്യാഹിതം സംഭവിക്കാതിരിക്കാന്‍ അപകട സാധ്യതയുള്ളവ കണ്ടെത്തി പരിഹരിക്കേണ്ടതാണ്. ഐസിയുകള്‍, ഓക്‌സിജന്‍ വിതരണമുള്ള വാര്‍ഡുകള്‍, ഓക്‌സിജന്റെയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്. എര്‍ത്തിംഗ് ഉള്‍പ്പടെയുള്ള വൈദ്യുത സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണ്. ഇതോടൊപ്പം ജീവനക്കാര്‍ക്ക് മികച്ച പരിശീലനവും നല്‍കേണ്ടതാണ്.
അപകടം ഉണ്ടായാല്‍ അത് തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയിലും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം സജ്ജമാക്കണം. അപകടമുണ്ടായാല്‍ പലായനം ചെയ്യാനുള്ള പദ്ധതി നേരത്തേ തയ്യാറാക്കണം. അടിസ്ഥാന ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, ഐസിയു പോലുള്ള അടച്ചിട്ട സ്ഥലങ്ങളില്‍ ഇടയ്ക്കിടെ വായു പുറത്ത് പോകാനുള്ള ക്രോസ് വെന്റിലേഷന്‍, മെക്കാനിക്കല്‍ വെന്റിലേഷന്‍ തുടങ്ങിയവ സ്ഥാപിക്കേണ്ടതാണ്. തീപിടുത്ത സാധ്യതയുള്ള കര്‍ട്ടന്‍ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. ഫയര്‍ ആന്റ് സേഫ്റ്റി കമ്മിറ്റി അപകട സാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുകയും വേണം.
എത്രയും വേഗം എല്ലാ ആശുപത്രികളും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. തീപിടുത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. ആശുപത്രിക്കുള്ളില്‍ പുകവലി, രോഗീ പരിചരണത്തിനുള്ള വെള്ളം തിളപ്പിക്കുക, ചൂടാക്കുക, പാചകം എന്നിവ ഒഴിവാക്കേണ്ടതാണ്. മോക്ക് ഡ്രില്ലുകള്‍ നടത്തണം. കൂടാതെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവബോധം നല്‍കേണ്ടതാണ്. ഐസിയുവിനുള്ളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നെങ്കില്‍ ഫയര്‍ ആന്റ് സേഫ്റ്റി മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ അത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ പാടുള്ളു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam