ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സീന്‍; ടീം വര്‍ക്കിനും ഇന്‍റര്‍നെറ്റ് സ്പീഡിനും ക്രെഡിറ്റ് നല്‍കി പുഷ്പലത

By Web TeamFirst Published Aug 30, 2021, 8:49 PM IST
Highlights

മണിക്കൂറിൽ ഒരു നഴ്സ് 120 കുത്തിവയ്പ്പിലധികം നൽകേണ്ടി വരുന്ന സാഹചര്യം മഹത്വവൽക്കരിക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ച് ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് വിദഗ്ധരുടെ പക്ഷം.

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേര്‍ക്ക് കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ് നൽകിയെന്ന് അറിയിച്ചത് ആരോഗ്യമന്ത്രി തന്നെയാണ്. പുഷ്പലതയെ ആദരിക്കാൻ മന്ത്രി തന്നെ നേരിട്ട് ചെല്ലുകയും ചെയ്തു. പക്ഷേ അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചില സംശയങ്ങളുണ്ട്. എങ്ങനെയാണ് ഇത്രയധികം പേർക്ക് ഏഴര മണിക്കൂറിനുള്ളിൽ വാക്സീൻ കുത്തിവച്ചത്. നഴ്സിന് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും സമയം കിട്ടിക്കാണുമോ ? ഇങ്ങനെ കുത്തിവച്ച് വിടാവുന്ന ഒന്നാണോ കൊവിഡ് വാക്സീൻ ?

ഏഴര മണിക്കൂറിൽ 893 വാക്സീൻ ! 

എങ്ങനെയണ് ഇത്രയധികം ഡോസ് കുത്തിവച്ചത് എന്ന ചോദ്യത്തിന് പുഷ്പലത പറയുന്ന ഉത്തരം ടീം വർക്ക് എന്നാണ്. എട്ട് പേരടങ്ങുന്ന സംഘമാണ് വാക്സിനേഷൻ സംഘത്തിലുണ്ടായിരുന്നത്. സൂപ്രണ്ട്, ആശാവർക്കർ, കൊവിൻ രജിസ്ട്രേഷൻ ചെയ്യുന്ന മൂന്ന് പേർ, ഒരു ശുചീകരണ തൊഴിലാളി, പുഷ്പലതയും മറ്റൊരു സ്റ്റാഫ് നഴ്സും ഇവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 

വാക്സീൻ എടുക്കാൻ ധാരാളം പേരുണ്ടായിരുന്നത് കൊണ്ട് പരമാവധി വേഗത്തിലാണ് ജോലി ചെയ്തത്. സാധാരണ കൊവിൻ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാൻ സമയമെടുക്കാറുണ്ട്. അന്ന് പോർട്ടലും കുഴപ്പമില്ലാതെ പ്രവർത്തിച്ചു. ഉച്ചയ്ക്ക് ആഹാരം കഴിക്കാനും, ടോയ്ലറ്റിൽ പോകാനും മറ്റും അൽപ്പനേരം ഇടവേള എടുത്തതൊഴിച്ചാൽ മുഴുവൻ സമയവും ജോലിയിലായിരുന്നു. ഒരാൾക്ക് കുത്തിവയ്ക്കാൻ 20 സെക്കൻഡ് വരെ മാത്രമേ വേണ്ടി വന്നുള്ളൂവെന്നാണ് പുഷ്പലത പറയുന്നത്. വാക്സീൻ നൽകി നല്ല പരിചയമുണ്ടായിരുന്നത് കൊണ്ട് ആശങ്കപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് ഏഴ് പേരും നല്ല പിന്തുണ നൽകിയതോടെ ജോലി എളുപ്പാമായെന്നാണ് ഈ നഴ്സ് പറയുന്നത്. 

 

ഇങ്ങനെ കുത്തി വിടാമോ ?

ഒരാൾക്ക് കൊവിഡ് വാക്സീൻ നൽകുന്നതിന് കൃത്യമായ മാർഗരേഖയുണ്ട്. വാക്സീൻ കൈകാര്യം ചെയ്യുന്നത് വൃത്തിയുള്ള ഇടത്ത് വച്ചായിരിക്കണം. കൈകൾ ശുചിയായിരിക്കണം. പുതിയ സിറിഞ്ചും സൂചിയും വേണം ഉപയോഗിക്കാൻ. വാക്സീൻ കുത്തിവയ്ക്കുന്ന ഭാഗം അണുവിമുക്തമാക്കണം. കുത്തിവയ്ക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. മരുന്ന് കൃത്യമായി അകത്ത് ചെന്നു എന്നുറപ്പാക്കി വേണം സൂചിയെടുക്കാൻ. സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് ഇത്. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി കുത്തിവയ്പ്പ് അതിവേഗത്തിലാകുമ്പോൾ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. 

ആരോഗ്യവകുപ്പിൽ ആവശ്യത്തിന് നഴ്സുമാരും ഡോക്ടർമാരും ഇല്ലെന്നും, ആകെ ഉള്ളവർ ഇത് പോലെ കൈ മെയ്യ് മറന്ന് ജോലി ചെയ്യേണ്ടി വരുന്നുവെന്നുമാണ് വിമർശനം. ആരോഗ്യപ്രവർത്തകയുടെ കഠിനാധ്വാനം അംഗീരിക്കുമ്പോഴും മണിക്കൂറിൽ ഒരു നഴ്സ് 120 കുത്തിവയ്പ്പിലധികം നൽകേണ്ടി വരുന്ന സാഹചര്യം മഹത്വവൽക്കരിക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ച് ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ആരോഗ്യമന്ത്രിയോട് ഇവർക്ക് പറയാനുള്ളത്. 

click me!