കരിപ്പൂർ സ്വർണക്കടത്ത്, ഒടുവിൽ കേസെടുക്കാൻ സിബിഐയ്ക്ക് സർക്കാർ അനുമതി

By Web TeamFirst Published Mar 9, 2021, 8:24 PM IST
Highlights

സിബിഐ രണ്ട് തവണ റിമൈന്‍ഡർ നല്കുകയും ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കേസെടുക്കാൻ സിബിഐക്കുള്ള പൊതു അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സിബിഐ കേസാണിത്.

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട സംഭവത്തിൽ ഒടുവിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സിബിഐയ്ക്ക് അനുമതി നൽകി സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയാണ് കേസെടുക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയത്. സിബിഐ നടത്തിയ പരിശോധനയിൽ കസ്റ്റംസ് ഓഫീസിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സിബിഐ സംസ്ഥാനസർക്കാരിന്‍റെ അനുമതി തേടിയത്. 

സിബിഐ രണ്ട് തവണ റിമൈന്‍ഡർ നല്കുകയും ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനസർക്കാർ കേസിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. നയതന്ത്ര കള്ളക്കടത്ത് കേസിനെത്തുടർന്ന് കേസെടുക്കാൻ സിബിഐക്കുള്ള പൊതു അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സിബിഐ കേസാണിത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂര്‍ വിമാനത്താവളത്തിൽ ജനുവരി 12-നാണ് മിന്നൽ പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ  വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‍ഡ്. ഷാര്‍ജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം എത്തിയതിന്  പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയിൽ നിന്ന് കണ്ടെടുത്തത് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവും. ഇമിഗ്രേഷൻ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് കണ്ടെടുത്തത് ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും വിദേശസിഗരറ്റ് പെട്ടികളും. കസ്റ്റംസ് സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്ത് മാഫിയയും ചേർന്ന ലോബിയാണ് ഇതിന് പിന്നിലെന്ന് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് സിബിഐക്കുള്ള പൊതു അനുമതി സംസ്ഥാന സർക്കാർ പിന്‍വലിച്ചത് മൂലം സിബിഐക്ക് സ്വന്തം നിലയില്‍ കേസ് റജിസ്റ്റർ ചെയ്യാനായില്ല. തുടര്‍ന്ന് ജനുവരി 20-ന് അന്വേഷണത്തിന് അനുമതി തേടി സിബിഐ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കി. ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് തവണ ഇക്കാര്യം ഓർമിപ്പിച്ച് കത്തുമയച്ചു. 

എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്ന് സിബിഐ സൂപ്രണ്ട് ആഭ്യന്തരവകുപ്പ്  അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ നേരിൽ കണ്ട് പ്രശ്നം ഉന്നയിച്ചു.  അന്വേഷണം വൈകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഉടൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനെല്ലാം ശേഷമാണ്, സംഭവം നടന്ന് ഏതാണ്ട് രണ്ട് മാസത്തിനിപ്പുറം കേസിൽ സംസ്ഥാനസർക്കാർ സിബിഐയ്ക്ക് അന്വേഷണാനുമതി നൽകുന്നത്. 

click me!