ഡ്രൈ ഡേ ഒഴിവാക്കില്ല, പബ്ബുകളും ബ്രൂവറികളും ഇല്ല; സര്‍ക്കാരിന്‍റെ പുതിയ മദ്യനയം

Web Desk   | Asianet News
Published : Feb 25, 2020, 09:59 AM ISTUpdated : Feb 25, 2020, 02:17 PM IST
ഡ്രൈ ഡേ ഒഴിവാക്കില്ല, പബ്ബുകളും ബ്രൂവറികളും ഇല്ല;  സര്‍ക്കാരിന്‍റെ പുതിയ മദ്യനയം

Synopsis

അബ്കാരി ഫീസുകൾ കൂട്ടി.  കഴിഞ്ഞ മദ്യനയത്തെക്കാൾ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യ നയത്തിന് അംഗീകാരമായത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. മുൻ വര്‍ഷങ്ങളിലേതിൽ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്.. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും. അബ്കാരി ഫീസുകൾ കൂട്ടി.  കഴിഞ്ഞ മദ്യനയത്തെക്കാൾ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യ നയത്തിന് അംഗീകാരമായത്.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തിൽ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങൾ. 

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകൾ പലതലങ്ങളിൽ നിന്ന് സര്‍ക്കാരിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തിൽ ഉള്ളത് .കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യും.ഈ സർക്കാർ വന്നതിന് ശേഷം നിലവിൽ ഷാപ്പ് ലൈൻ സ് പുതുക്കി നൽകുകയായിരുന്നു. ഡിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വർദ്ധനവ് ഉണ്ട്. ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി.

സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഉണ്ടായിരുന്നത്. ഇത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സന്ദര്‍ഭത്തിൽ വിവാദ തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയരുകയും ചെയ്തിരുന്നു. 

മന്ത്രിസഭ അംഗീകരിച്ച കരട് മദ്യ നയത്തിന്‍റെ വിശദാംശങ്ങൾ

2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ വില്‍പ്പന നടത്തുന്നതാണ്. 2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും. 

തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്‍റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയര്‍ത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്‍റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്‍റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 

കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയമവിധേയമാക്കും. നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും. 

മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എല്‍ -3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്.എല്‍ 4-എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും. 

ഡിസ്റ്റിലറി ആന്‍റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷം രൂപയാകും. ബ്രുവറി ഫീസും ഇരട്ടിക്കും. 

ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്ക് എഫ്.എല്‍ 4-എ ലൈസന്‍സുണ്ട്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്. 

കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്‍റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ