കൊവിഡ് നിയന്ത്രണം കർശനമാകും; ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല

By Web TeamFirst Published Jan 31, 2021, 9:01 PM IST
Highlights

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കലക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി ഉണ്ട്. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് 5266 പേർക്ക്. ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം 70983 ആയി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നും പത്തിന് മുകളിലാണ്. ഫെബ്രുവരി മാസം അതി നിർണ്ണായകമെന്നാണ് വിദഗ്ധ സമിതിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നടപടികൾ എടുക്കാനും ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്ഥിതി വിശകലനം ചെയ്ത് നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കാം. നിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി എടുക്കാം. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ ആക്കി തിരിച്ചു നിയന്ത്രണങ്ങൾ കർശനമാക്കാനും അനുമതി ഉണ്ട്. 

ഇതിനിടെ ഗുണനിലവാര പ്രശ്നം ഉയർന്നതോടെ ആൽപൈൻ കമ്പനിയുടെ ആന്റിജൻ കിറ്റുകൾ ആരോഗ്യ വകുപ്പ് തിരികെ എടുത്തു . പിസിആർ പരിശോധനകളുടെ  കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി നിർദേശം നൽകി . കൊവിഡ് വ്യാപനം ഇനിയും കൂടുമെന്ന ആരോഗ്യ വകുപ്പ് മുന്നറിയിപ്പിനെ അടിസ്ഥാനത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രം ട്രസ്റ്റ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കും.ക്ഷേത്ര വളപ്പിൽ പോലും പൊങ്കാല ഇടാൻ ഭക്തർക്ക് അനുമതി ഉണ്ടാകില്ല. മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിന് അനുമതി നൽകാനും ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചു. 
 

click me!