ബഫ‍ർ സോണില്‍ പുതിയ ഉത്തരവിറക്കി സർക്കാർ; ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി

By Web TeamFirst Published Aug 10, 2022, 3:05 PM IST
Highlights

ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019 ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.

തിരുവനന്തപുരം: ബഫ‍ർ സോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. അതേസമയം 2019ലെ ഉത്തരവ് പിൻവലിക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള നീക്കം. 

കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിൽ ബഫ‍ർ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള ജവവാസമേഖലകളെ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. സർക്കാർ, അർദ്ധസർക്കാർ, പൊതുസ്ഥാപനങ്ങളെയും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കും. സംരക്ഷിത വനങ്ങൾക്ക് ചുറ്റും ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കിയുള്ള 2019ലെ വിവാദ ഉത്തരവിലെ കുരുക്ക് മറികടക്കുന്നതിനായാണ് പുതിയ ഉത്തരവ്. സുപ്രീംകോടതിയിൽ ഈ ഉത്തരവ് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് തിരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ, പഴയ ഉത്തരവ് സാങ്കേതികമായി പിൻവലിക്കാതെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2019ലെ ഉത്തരവ് പിൻവലിക്കുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു എജിയുടെ നിയമോപദേശം. 2020 ൽ മന്ത്രിതല സമിതി വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ ജനസാന്ദ്രതാ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പക്ഷെ കാബിനറ്റിന്‍റെ പരിഗണനയിൽ വന്നിരുന്നില്ല. ജനസാന്ദ്രത എന്ന പദംമാറ്റി ജനവാസ കേന്ദ്രങ്ങളാക്കി കാബിനറ്റ് അംഗീകരിച്ചാണ് പുതിയ ഉത്തരവ്. സർക്കാർ പുതിയ ഉത്തരവിറക്കിയെങ്കിലും നിലവിൽ സുപ്രീംകോടതി വിധി അനുസരിച്ചുള്ള ജനവാസ കേന്ദ്രങ്ങളടക്കം ഒരു കീലോ മീറ്റർ ബഫർ സോണാണെന്ന വിധിക്കാണ് പ്രാബല്യം. എന്നാൽ പുതിയ ഉത്തരവ് വഴി സുപ്രീംകോടതി വിധിക്കെതിരെ ഇനി സർക്കാറിന് തിരുത്തൽ ഹർജി നൽകാം.

Also Read: ബഫർ സോൺ: 2019 ലെ ഉത്തരവ് തിരുത്തി മന്ത്രിസഭ 

ബഫർ സോൺ, നിയമപരമായി നേരിടാൻ കേരളം

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

click me!